'യുദ്ധം നിര്‍ത്തണം, ഇല്ലെങ്കില്‍ 100% താരിഫ്'; റഷ്യയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ്
വാഷിംഗ്ടണ്‍: റഷ്യയ്ക്ക് കടുത്ത മുന്നറിയിപ്പുമായി അമേരിക്ക. 50 ദിവസത്തിനുള്ളില്‍ ഉക്രെയ്ന്‍ യുദ്ധത്തില്‍ പരിഹാരം കാണണം എന്നും അല്ലെങ്കില്‍ പുതിയ സാമ്പത്തിക ഉപരോധങ്ങള്‍ നേരിടേണ്ടിവരുമെന്നും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഉക്രെയ്‌ന് വേണ്ടി പുതിയ ആയുധങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനുള്ള പദ്ധതികള്‍ അദ്ദേഹം അവതരിപ്പിച്ചു. നാറ്റോ മേധാവി മാര്‍ക്ക് റുട്ടെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'50 ദിവസത്തിനുള്ളില്‍ ഒരു കരാറില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ ഏകദേശം 100 ശതമാനം എന്ന തോതില്‍ വളരെ കടുത്ത താരിഫുകള്‍ ഞങ്ങള്‍ ചുമത്തും,' ട്രംപ് പറഞ്ഞു. അവ റഷ്യയുടെ ശേഷിക്കുന്ന വ്യാപാര പങ്കാളികളെ ലക്ഷ്യമിടുന്ന ദ്വിതീയ താരിഫുകള്‍ ആയിരിക്കുമെന്നും അതുവഴി ഇതിനകം തന്നെ പാശ്ചാത്യ ഉപരോധങ്ങള്‍ മറികടക്കാനുള്ള റഷ്യയുടെ കഴിവ് തകര്‍ക്കാന്‍ ശ്രമിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

നാറ്റോ സൈനിക സഖ്യം അമേരിക്കയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുകയും റഷ്യയുടെ അധിനിവേശത്തിനെതിരെ പോരാടാന്‍ ഉക്രെയ്‌നിന് വിതരണം ചെയ്യുകയും ചെയ്യുന്ന ഒരു കരാറും ട്രംപും റുട്ടെയും അനാച്ഛാദനം ചെയ്തു. 'അമേരിക്കയില്‍ നിന്ന് കോടിക്കണക്കിന് ഡോളറിന്റെ സൈനിക ഉപകരണങ്ങള്‍ വാങ്ങാനും നാറ്റോയ്ക്ക് നല്‍കാനും പോകുന്നു. അത് വേഗത്തില്‍ യുദ്ധക്കളത്തില്‍ വിതരണം ചെയ്യാനും പോകുന്നു,' ട്രംപ് പറഞ്ഞു.
മുന്‍ ഡച്ച് പ്രധാനമന്ത്രി കൂടിയായ റുട്ടെ, കരാര്‍ പ്രകാരം ഉക്രെയ്നിന് വന്‍തോതില്‍ ആയുധങ്ങള്‍ ലഭിക്കും എന്ന് ചൂണ്ടിക്കാട്ടി. അതേസമയം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഒരു കൊലയാളിയാണെന്ന് പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നും പക്ഷേ അദ്ദേഹം ഒരു കര്‍ക്കശക്കാരനാണ് എന്നും ട്രംപ് പറഞ്ഞു. ഇന്നലെ വര്‍ധിച്ചു വരുന്ന റഷ്യന്‍ ആക്രമണങ്ങളെ ചെറുക്കാന്‍ ഉക്രെയ്‌നിന് സുപ്രധാനമായ പാട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ അയയ്ക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി മോസ്‌കോ ശക്തമായ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളാണ് ഉക്രെയ്‌നിന് മേല്‍ നടത്തിയത്. ജൂണില്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്ത ഉക്രേനിയന്‍ സിവിലിയന്മാരുടെ എണ്ണം മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി എന്ന് യു എന്‍ കണക്കുകള്‍ പറയുന്നു. തിങ്കളാഴ്ച കിഴക്കന്‍ ഖാര്‍കിവ്, സുമി മേഖലകളില്‍ കുറഞ്ഞത് മൂന്ന് സാധാരണക്കാരെ റഷ്യ കൊലപ്പെടുത്തിയതായി പ്രാദേശിക ഉക്രേനിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.












Click it and Unblock the Notifications