കാര്‍ കഴുകാനും ചെടി നനയ്ക്കാനും കുടിവെള്ളം ഉപയോഗിക്കുന്നത് വിലക്കി; ബെംഗളൂരിൽ ജലക്ഷാമം രൂക്ഷം
ബെംഗളൂരുവിൽ ജലക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കാര്‍ കഴുകാനും ചെടി നനയ്ക്കാനും കുടിവെള്ളം ഉപയോഗിക്കുന്നത് വിലക്കി ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡ് (BWSSB). നിർദ്ദേശം ലംഘിച്ചാൽ 5000 രൂപ പിഴ ഈടാക്കും.
കുടിവെള്ളം ദുരുപയോഗം ചെയ്യുന്നത് ആവർത്തിച്ചാൽ ഓരോ പ്രാവശ്യവും 500 രൂപ പിഴ ഈടാക്കാനും തീരുമാനമായി. നിര്‍ദേശം ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 1916 എന്ന കോള്‍ സെന്‍റര്‍ നമ്പറിൽ വിളിച്ച് അറിയിക്കണമെന്നും ബിഡബ്ല്യുഎസ്എസ്ബി അറിയിച്ചു.

വാട്ടർ ഫൗണ്ടനുകൾ പോലുള്ള വിനോദ ആവശ്യങ്ങൾക്കും കുടിവെള്ളം ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് വെള്ളിയാഴ്ച ഉത്തരവിറക്കിയിട്ടുണ്ട്. മാളുകൾ അടക്കമുള്ള സ്ഥലങ്ങളിൽ കുടിവെള്ളം ഉപയോഗിക്കുന്നതിൽ കർശന നിർദ്ദേശങ്ങളും സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.
നഗരത്തിലെ ആയിരക്കണക്കിന് കുഴൽക്കിണറുകൾ വറ്റിയതോടെ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഇതോടെ ടാങ്കർ ലോറികളെയാണ് നഗരവാസികൾ പ്രധാനമായി ആശ്രയിക്കുന്നത്. ആവശ്യക്കാർ ഏറിയതോടെ ടാങ്കറുകൾ വെള്ളത്തിന്റെ വില കുത്തനെ ഉയർത്തി. 2000 മുതൽ 3000 വരെയാണ് വില ഉയർത്തിയത്.
നടപടിയിൽ കടുത്ത പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ കുടിവെള്ളത്തിന്റെ ലഭ്യതയും വെള്ളം എത്തിക്കാനുള്ള ദൂരത്തിന്റെയും അടിസ്ഥാനത്തിൽ വാട്ടർ ടാങ്കറുകളുടെ വില നിശ്ചയിക്കാൻ ബെംഗളൂരു അർബൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു.
പുതിയ നിർദ്ദേശ പ്രകാരം 5 കിലോമീറ്ററിനുള്ളിൽ വിതരണം ചെയ്യുന്ന 6,000 ലിറ്റർ വെള്ളത്തിന് 600 രൂപയും 10 കിലോമീറ്ററിനുള്ളിൽ വിതരണം ചെയ്യുന്നതിന് 750 ലിറ്ററുമാണ് ഈടാക്കുക. 8,000 ലിറ്ററുള്ള വാട്ടർ ടാങ്കറിന് 5 കിമി പരിധിയിൽ 700 ഉം 10 കിമി പരിധിയിൽ 850 മാണ് ഈടാക്കുക. ബെംഗളൂരു നഗരത്തിലെ താലൂക്കുകൾ വരൾച്ച ബാധിത പ്രദേശമായും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിന് നഗരത്തിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. പ്രത്യേക ടാസ്ക് ഫോഴ്സുകളും രൂപീകരിച്ചിട്ടുണ്ട്. എംഎൽഎമാർക്കാണ് ടാസ്ക് ഫോഴ്സിന്റെ ചുമതല നൽകിയിരിക്കുന്നത്.












Click it and Unblock the Notifications