മലയാളിയായ യു ടി ഖാദർ കർണാടക നിയമസഭ സ്പീക്കർ; തെരഞ്ഞെടുത്തത് എതിരില്ലാതെ
ബെംഗളൂരു: കോൺഗ്രസ് നേതാവായ യുടി ഖാദറിനെ കർണാടക നിയമസഭ സ്പീക്കറായി തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് തെരഞ്ഞെടുത്തത്. മംഗളൂരു എം എൽ എയാണ് മലയാളിയായ ഖാദർ. സ്പീക്കർ സ്ഥാനത്ത് എത്തുന്ന ആദ്യ മുസ്ലീം-ന്യൂനപക്ഷ വിഭാഗക്കാരൻ കൂടിയാണ് 53 കാരനായ ഖാദർ.

ഭരണഘടനാപരവും ആദരണീയവുമായ ചുമതല ഏറ്റെടുക്കാനുള്ള ഹൈക്കമാന്റ് നിർദ്ദേശം താൻ പൂർണമനസോടെ സ്വീകരിക്കുന്നുവെന്ന് ഖാദർ പ്രതികരിച്ചു. 'എല്ലാവർക്കും മന്ത്രിയാകാനാകും, പക്ഷേ സ്പീക്കറാകാൻ സാധിക്കില്ല. ആറര വർഷം ഞാൻ മന്ത്രിയായും പ്രതിപക്ഷ ഉപനേതാവായും പ്രവർത്തിച്ചിട്ടുണ്ട്. സ്പീക്കറാകുകയെന്നത് വലിയൊരു അവസരമായിട്ടാണ് കാണുന്നത്. ജനങ്ങളെ സേവിക്കുന്നതിനായി സത്യസന്ധതയോടും സുതാര്യതയോടും കൂടി എല്ലാവരേയും ഒത്തൊരുമിച്ച് കൊണ്ടുപോകും', തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അദ്ദേഹം പറഞ്ഞു.
അഞ്ച് തവണ മംഗളൂരു മണ്ഡലത്തിൽ നിന്നും വിജയിച്ച് നിയമസഭയിലെത്തിയ തീരദേശ കർണാടകയുടെ മുഖമാണ് യുടി ഖാദർ. 2013 ൽ സിദ്ധരാമയ്യ സർക്കാരിൽ ഭക്ഷ്യമന്ത്രിയായിരുന്നു ഖാദർ. 2022 ൽ പ്രതിപക്ഷ ഉപനേതാവായും പ്രവർത്തിച്ചിട്ടുണ്ട്. ബി ജെ പി സർക്കാരിനെതിരെ കടുത്ത നിലപാടുകൾ സ്വീകരിച്ചിട്ടുള്ള നേതാവ് കൂടിയാണ് അദ്ദേഹം.
മുന്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായിരുന്ന യുടി ഫരീദിന്റെ മകനായ ഖാദർപിതാവിന്റെ മരണത്തെ തുടർന്ന് 2007 ലാണ് ഖാദർ മംഗളൂരു മണ്ഡലത്തിൽ നിന്നും മത്സരിച്ചത്. കാവികോട്ടയായ മംഗളൂരുവിൽ ഇത്തവണ 22,977 വോട്ടുകള്‍ക്കായിരുന്നു ഖാദര്‍ വിജയിച്ചത്.
ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹത്തിന് മന്ത്രിസഭയിൽ അവസരം ലഭിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഖാദറിനെ സ്പീക്കർ സ്ഥാനത്തേക്ക് നിർദ്ദേശിക്കാൻ ഹൈക്കമാന്റ് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഖാദർ നാമനിർദേശ പത്രിക സമർപ്പിച്ചത്. ബി ജെ പി ആരേയും മത്സരിപ്പിച്ചിരുന്നില്ല. 224 അംഗ നിയമസഭയിൽ കോൺഗ്രസിന് 135 അംഗങ്ങളാണ് ഉള്ളത്. ഒരു എസ് കെ പി എം എൽ എയും മറ്റൊരു സ്വതന്ത്ര അംഗവും ഖാദറിനെ പിന്തുണച്ചിരുന്നു.












Click it and Unblock the Notifications