വിവാഹ ആഘോഷത്തിനിടെ കിണറ്റിൽ വീണു; മരിച്ചത് സ്ത്രീകളും കുട്ടികളുമടക്കം 13 പേർ
വിവാഹ ആഘോഷത്തിനിടെ കിണറ്റിൽ വീണു; മരിച്ചത് സ്ത്രീകളും കുട്ടികളുമടക്കം 13 പേർ
ഉത്തർപ്രദേശ്: യുപിയിൽ സ്ത്രീകളും കുട്ടികളുമടക്കം 13 പേർ വിവാഹത്തിനിടെ കിണറ്റിൽ വീണ് മരിച്ചു. ഉത്തർപ്രദേശിന്റെ കിഴക്കൻ ഭാഗത്തുള്ള കുഷിനഗർ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം നടന്നത്. വിവാഹ ആഘോഷത്തിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണാണ് 13 പേർ മരിച്ചത്.

പഴയ കിണർ മൂടിയ സ്ലാബിന് മുകളിൽ കയറി സ്ത്രീകളും കുട്ടികളും ഇരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, ഭാരത്തിൽ സ്ലാബ് തകർന്ന് മുകളിൽ ഇരുന്നവർ കിണറ്റിലേക്ക് വീഴുകയായിരുന്നു. ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ, 13 പേർ മരണപ്പെട്ടിരുന്നു. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
അതേസമയം, ഇവർ അബദ്ധത്തിൽ കിണറ്റിൽ വീണ് മരിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് എസ് രാജ ലിംഗം മാധ്യമങ്ങളോട് വ്യക്തമാക്കി. 11 പേർ സംഭവത്തിൽ മരിച്ചു. 2 പേർ ഗുരുതര സാഹചര്യത്തിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ജില്ലയിലെ വിവാഹ പരിപാടിക്കിടെ കിണറിന്റെ സ്ലാബിൽ ഇരുന്നതാണ് ഇത് സംഭവിച്ചത്. കനത്ത ഭാരം കാരണം സ്ലാബ് തകരുകയായിരുന്നു. - അദ്ദേഹം പറഞ്ഞു.
എന്നാൽ, പിന്നീട്, മരണ സംഖ്യ 13 ആയി ഉയർന്നതായി ഗോരഖ്പൂർ സോണിലെ എ ഡി ജി അഖിൽ കുമാർ പറഞ്ഞു. വാർത്താ ഏജൻസിയായ എ എൻ ഐയോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. "കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെ കുഷി നഗറിലെ നെബുവ നൗറംഗിയയിൽ വിവാഹ പരിപാടിക്കിടെയാണ് സംഭവം നടന്നത്. അമിത ഭാരത്താൽ ഒരു കിണറിന്റെ സ്ലാബ് പൊട്ടുകയായിരുന്നു," കുമാർ പറഞ്ഞു.
അതേസമയം, സംഭവത്തിൽ മരണപ്പെട്ട ഓരോരുത്തരുടെയും കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തെ ഹൃദയഭേദകമെന്ന് വ്യക്തമാക്കി. അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ സുഖം പ്രാപിക്കട്ടെയെന്നും പറഞ്ഞു.
അതേസമയം, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് ശരിയായ ചികിത്സ നൽകാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗിക ട്വീറ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.












Click it and Unblock the Notifications