അവര്‍ക്ക് മുസ്ലിങ്ങളുടെ വോട്ടുകള്‍ മാത്രം മതി... കോണ്‍ഗ്രസിനെയും എസ്പിയെയും വിമര്‍ശിച്ച് ഉവൈസി
ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടിയെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ച് എംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. മുസ്ലിം വോട്ടുകള്‍ മാത്രമാണ് ഇവര്‍ക്ക് ആവശ്യമെന്നും മുസ്ലിം സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കാന്‍ മടിയാണെന്നും ഉവൈസി കുറ്റപ്പെടുത്തി. പരവതാനി വിരിക്കാനും മുദ്രാവാക്യം വിളിക്കാനുമുള്ള ഒരു വിഭാഗം മാത്രമാണ് ഇവര്‍ക്ക് മുസ്ലിങ്ങള്‍. മല്‍സരിക്കാന്‍ ടിക്കറ്റ് വേണമെങ്കില്‍ യാചിക്കണം. അതാണ് ഈ പാര്‍ട്ടികളുടെ കാപട്യമെന്നും ഉവൈസി എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഉത്തര്‍ പ്രദേശില്‍ ന്യൂനപക്ഷ വോട്ടുകള്‍ വിഘടിപ്പിച്ച് ബിജെപിയെ സഹായിക്കാനാണ് ഉവൈസി എത്തിയത് എന്ന വിമര്‍ശനം അദ്ദേഹം തള്ളി.
സഹാറന്‍പൂരില്‍ നിന്നുള്ളവര്‍ നിങ്ങളെ വിളിക്കും, ഫോട്ടോ എടുക്കും, പിന്നീട് നിങ്ങളെ വഞ്ചിക്കും. മുസ്ലിം നേതാവ് ഇമ്രാന്‍ മസൂദുമായുള്ള എസ്പിയുടെ ബന്ധത്തെ സൂചിപ്പിച്ച് ഉവൈസി പറഞ്ഞു. ഒരു മൗലാന കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചത് അദ്ദേഹവുമായി സഹകരിക്കില്ല എന്നാണ്. ടിആര്‍ ഖാനുമായി പ്രിയങ്ക ഗാന്ധി അകലം പാലിക്കുന്നത് സംബന്ധിച്ച് സൂചിപ്പിച്ചാണ് ഉവൈസി ഇങ്ങനെ പറഞ്ഞത്. ബദായൂനിലെ എംപി സംഘമിത്ര മൗര്യ ഇപ്പോഴും ബിജെപിയിലാണ്. എന്നാല്‍ അവരുടെ പിതാവ് മൗര്യ സാഹബ് സമാജ്‌വാദി പാര്‍ട്ടിയിലും. യുപിയിലെ ജനങ്ങള്‍ അന്ധന്മാരല്ലെന്നും ഉവൈസി പറഞ്ഞു.

ഞങ്ങള്‍ സംസാരിക്കുന്നത് നീതിയെ കുറിച്ചും മുസ്ലിങ്ങളുടെ പ്രാതിനിധ്യത്തെ പറ്റിയുമാണ്. മുസഫര്‍ നഗര്‍ ജില്ലയില്‍ നിന്നുള്ള മുസ്ലിങ്ങള്‍ക്ക് എസ്പി സീറ്റ് നല്‍കാത്തത് എന്തുകൊണ്ടാണ്. 2019ല്‍ അമിത് ഷാ യുഎപിഎ നിയമം ഭേദഗതി ചെയ്തു. ഡല്‍ഹിയിലെ എന്‍ഐഎ ഇന്‍സ്‌പെക്ടര്‍ക്ക് ഏതൊരു മുസ്ലിമിനെയും തീവ്രവാദിയായി പ്രഖ്യാപിക്കാന്‍ സാധിക്കുന്ന രീതിയില്‍ ഭേദഗതി കൊണ്ടുവന്നു. എസ്പിയും കോണ്‍ഗ്രസും പിന്തുണയ്ക്കുകയാണ് അന്ന് ചെയ്തത്. ഇന്ന് ഞങ്ങളെ പഠിപ്പിക്കാനാണ് അവര്‍ വരുന്നത്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്ന വേളയില്‍ എവിടെയായിരുന്നു നിങ്ങള്‍. മുത്തലാഖ് നിയമം കൊണ്ടുവരുമ്പോള്‍ എവിടെയായിരുന്നുവെന്നും ഉവൈസി ചോദിച്ചു.
ഞാന്‍ ബിജെപിയുടെ ബി ടീം ആണെന്നാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. മോദി എന്റെ വീട്ടില്‍ കല്യാണത്തിന് വന്നിരുന്നോ? മോദിക്കൊപ്പം ഫോട്ടോ എടുത്തവര്‍ ആരാണ്. മോദി വീണ്ടും അധികാരത്തിലെത്തണമെന്ന് പാര്‍ലമെന്റില്‍ വച്ച് ആശിര്‍വദിച്ചവര്‍ ആരായിരുന്നുവെന്നും എസ്പിയെ വിമര്‍ശിച്ച് ഉവൈസി ചോദിക്കുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ യുപിയില്‍ മജിലിസ് പാര്‍ട്ടി മല്‍സരിച്ചിട്ടില്ലായിരുന്നു. 75 ശതമാനം മുസ്ലിം വോട്ടുകളും നിങ്ങള്‍ക്ക് ലഭിച്ചില്ലേ എന്നിട്ട് എന്ത് സംഭവിച്ചുവെന്നും ഉവൈസി ചോദിച്ചു.
ബാബു സിങ് കുശ്വാഹ, വമന്‍ മേഷ്‌റാം എന്നിവരുമായും മറ്റു ചിലരുമായും ഞങ്ങള്‍ സഖ്യമുണ്ടാക്കിയിട്ടുണ്ട്. പാവപ്പെട്ടവര്‍ക്ക് വേണ്ടി ഞങ്ങള്‍ ഒന്നിച്ച് പോരാടും. ഞങ്ങള്‍ ജയിച്ചാല്‍ ബാബു കുശ്വാഹ രണ്ടര വര്‍ഷം മുഖ്യമന്ത്രിയാകും. ബാക്കി രണ്ടര വര്‍ഷം ദളിത് വിഭാഗത്തില്‍ നിന്നുള്ള മറ്റാരെങ്കിലും മുഖ്യമന്ത്രിയാകും. മുസ്ലിം വിഭാഗത്തില്‍ നിന്നും ഒബിസി വിഭാഗത്തില്‍ നിന്നുമുള്ള മൂന്ന് പേര്‍ ഉപമുഖ്യമന്ത്രിമാരാകുമെന്നും ഉവൈസി വിശദീകരിച്ചു.












Click it and Unblock the Notifications