ഷാഹി ജുമാമസ്ജിദ് സര്‍വേയ്ക്കിടെ സംഘര്‍ഷം; പൊലീസ് വെടിവെപ്പില്‍ 3 പേര്‍ കൊല്ലപ്പെട്ടു
ലഖ്നൗ: സംഭാലിലെ ഷാഹി ജുമാമസ്ജിദ് സര്‍വേയ്ക്കിടെ സംഘര്‍ഷം. സര്‍വേക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ ജനക്കൂട്ടം കല്ലെറിയുകയായിരുന്നു. പിന്നാലെ നടന്ന സംഘര്‍ഷത്തില്‍ പൊലീസ് വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഒരു പുരാതന ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നതായി അവകാശപ്പെടുന്ന മുഗള്‍ കാലഘട്ടത്തിലെ മസ്ജിദിന്റെ രണ്ടാമത്തെ സര്‍വേയ്ക്കിടെയാണ് സംഘര്‍ഷം രൂക്ഷമായത്.
സംഭവത്തില്‍ പത്ത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചിലര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മാട്ടോര്‍ സൈക്കിളുകള്‍ക്ക് തീയിടാന്‍ ശ്രമിച്ചതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജുമാ മസ്ജിദ് സ്ഥലത്ത് ഹരിഹര്‍ ക്ഷേത്രം ഉണ്ടെന്ന് അവകാശപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് കോടതിയുടെ ഉത്തരവ് പ്രകാരമായിരുന്നു സര്‍വേ ആരംഭിച്ചത്. ചൊവ്വാഴ്ചയായിരുന്നു ആദ്യഘട്ട സര്‍വേ നടത്തിയത്.

ഇന്ന് രാവിലെയാണ് രണ്ടാം ഘട്ട സര്‍വേ ആരംഭിച്ചത്. ഇതിനിടെ പ്രദേശത്ത് ആള്‍ക്കൂട്ടം തടിച്ച് കൂടുകയും ചിലര്‍ പൊലീസിന് നേരെ കല്ലെറിയുകയുമായിരുന്നു എന്ന് പൊലീസ് സൂപ്രണ്ട് കൃഷ്ണ കുമാര്‍ വിഷ്ണോയ് പറഞ്ഞു. കല്ലേറില്‍ ഏര്‍പ്പെട്ടവരെയും പ്രേരിപ്പിച്ചവരെയും കണ്ടെത്തി അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സര്‍വേ പുരോഗമിക്കുകയാണ് എന്ന് ജില്ലാ മജിസ്ട്രേറ്റ് രാജേന്ദ്ര പെസിയ പറഞ്ഞു.
സംഭാലില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ഉത്തര്‍പ്രദേശ് പോലീസ് മേധാവി പ്രശാന്ത് കുമാര്‍ പറഞ്ഞു. 'ഞങ്ങള്‍ എല്ലാം നിരീക്ഷിക്കുന്നുണ്ട്. പൊലീസും സിവില്‍ അഡ്മിനിസ്ട്രേഷന്‍ ഉദ്യോഗസ്ഥരും സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യും. പ്രദേശങ്ങളില്‍ പട്രോളിംഗ് നടത്തുന്നണ്ട്. സാമൂഹിക വിരുദ്ധരെ ഉടന്‍ കണ്ടെത്തി അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും,' ഡിജിപി വ്യക്തമാക്കി.
അതിനിടെ സംഭാലില്‍ സര്‍വേ നടക്കുന്ന സ്ഥലത്തിന് സമീപം യുവാക്കള്‍ പൊലീസിന് നേരെ കല്ലെറിയുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, മസ്ജിദ് കമ്മിറ്റി, സംഭാലിലെ ജില്ലാ മജിസ്ട്രേറ്റ് എന്നിവരെ പള്ളിയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കക്ഷികളാക്കിയിട്ടുണ്ട്. ഹിന്ദുസംഘടനകളെ പ്രതിനിധീകരിച്ച് വിഷ്ണു ശങ്കര്‍ ജെയിനും പിതാവ് ഹരി ശങ്കര്‍ ജെയിനും ആണ് കോടതിയില്‍ ഹാജരാകുന്നത്.
നേരത്തെ ഗ്യാന്‍വാപി മസ്ജിദ്-കാശി വിശ്വനാഥ ക്ഷേത്ര തര്‍ക്കം ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ വിഷ്ണു ശങ്കര്‍ ജെയിനും പിതാവ് ഹരി ശങ്കര്‍ ജെയിനും ഹിന്ദു പക്ഷത്തെ പ്രതിനിധീകരിച്ച് കോടതിയില്‍ എത്തിയിട്ടുണ്ട്. 1529-ല്‍ മുഗള്‍ ചക്രവര്‍ത്തി ബാബറാണ് ക്ഷേത്രം തകര്‍ത്തത് എന്നാണ് ഹിന്ദുത്വ സംഘടനകള്‍ ആരോപിക്കുന്നത്.
വിഷയത്തില്‍ സര്‍ക്കാരും സുപ്രിംകോടതിയും ജാഗ്രതയോടെ ഇടപെടണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ സര്‍ക്കാരും സുപ്രിംകോടതിയും ജാഗ്രത പുലര്‍ത്തണമെന്നും മായാവതി പറഞ്ഞിരുന്നു.
അതേസമയം സംഭാല്‍ ആക്രമണത്തിന് പിന്നില്‍ ബിജെപിയാണ് എന്ന് എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആരോപിച്ചു. തിരഞ്ഞെടുപ്പ് കൃത്രിമത്വത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് സംഘര്‍ഷമുണ്ടാക്കിയത് എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications