ഹോളി ആഘോഷങ്ങളില്‍ ഉച്ചത്തിലുള്ള ഡിജെ വേണ്ട; ഉച്ചഭാഷിണികള്‍ക്കെതിരെ വീണ്ടും യോഗി ആദിത്യനാഥ്
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗത്തിനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി വീണ്ടും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹോളി ആഘോഷങ്ങളില്‍ ഉയര്‍ന്ന ശബ്ദത്തിലുള്ള ഡിജെകള്‍ നിരോധിക്കാനും ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സര്‍ക്കാരിന്റെ ഗസറ്റ് ഹൗസായ സര്‍ക്യൂട്ട് ഹൗസില്‍ വികസന പദ്ധതികളും ക്രമസമാധാന പാലനവും അവലോകനം ചെയ്യുന്നതിനിടെയായിരുന്നു ഉച്ചഭാഷിണി ഉപയോഗത്തിനെതിരെയുള്ള മുന്നറിയിപ്പ്.
ഹോളി ആഘോഷങ്ങളില്‍ ഉച്ചത്തിലുള്ള ഡിജെ പാര്‍ട്ടികള്‍ വേണ്ട. സമാധാനവും ഐക്യവുമുള്ള അന്തരീക്ഷത്തില്‍ ഹോളി ആഘോഷിക്കണം. ആഘോഷങ്ങള്‍ക്കിടെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കര്‍ശന ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓരോ പോലീസ് സ്റ്റേഷനില്‍ നിന്നും ഏറ്റവും കുപ്രസിദ്ധരായ പത്ത് കുറ്റവാളികളെ തിരിച്ചറിയണമെന്നും അവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ഉത്തരവിട്ടു.

സംസ്ഥാനത്ത് സുരക്ഷ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങിയ പ്രധാന സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി. കന്നുകാലി കള്ളക്കടത്ത് കര്‍ശനമായി നിരീക്ഷിക്കുകയും അതില്‍ പങ്കാളികളാകുന്ന കള്ളക്കടത്തുകാര്‍, വാഹന ഉടമകള്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുകയും വേണം. സംസ്ഥാനത്ത് കന്നുകാലി കള്ളക്കടത്ത് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ജില്ലാതല അവലോകനങ്ങള്‍ നടത്താന്‍ സോണ്‍ എഡിജി പിയൂഷ് മോര്‍ദിയക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണികളുടെ ഉപയോഗം നിയന്ത്രിക്കാന്‍ കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികളില്‍നിന്നുള്ള ശബ്ദം ആരാധനാലയത്തിന്റെ പരിധിക്കു പുറത്ത് കേള്‍ക്കരുതെന്നായിരുന്നു ഉത്തരവ്. ഇത് ലംഘിച്ചതായി ആരോപിച്ച് ആയിരക്കണക്കിന് ഉച്ചഭാഷിണികളാണ് സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ നിന്ന് നീക്കം ചെയ്തത്.












Click it and Unblock the Notifications