അവിടെ തന്നെ നിന്നോ... സന്തോഷമേയുള്ളൂ; യോഗിയ്ക്ക് ഗൊരഖ്പൂര്‍ സീറ്റ് കൊടുത്തതില്‍ അഖിലേഷിന്റെ പരിഹാസം
ലക്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ച് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. യോഗി അയോധ്യയില്‍ നിന്ന് മത്സരിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ യോഗിയെ ഗൊരഖ്പൂരിലാണ് മത്സരിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.
ഇതിന്റെ പശ്ചാത്തലത്തിലാണ് അഖിലേഷ് യാദവിന്റെ പരിഹാസം. 'ആദ്യം അവര്‍ പറഞ്ഞു യോഗി അയോധ്യയിലെത്തുമെന്ന്. പിന്നീട് പറഞ്ഞു മഥുരയിലെത്തുമെന്ന്, പിന്നെ പറഞ്ഞു പ്രയാഗ് രാജില്‍ മത്സരിക്കുമെന്ന്...ഇപ്പോള്‍ അവര്‍ (ബിജെപി) അദ്ദേഹത്തെ ഗൊരഖ്പൂരിലേക്ക് അയച്ചിരിക്കുന്നു, അതെനിക്കിഷ്ടപ്പെട്ടു. യോഗി അവിടെ തന്നെ നില്‍ക്കട്ടെ. അദ്ദേഹം ഇങ്ങോട്ടുവരേണ്ട ഒരു ആവശ്യവുമില്ല,' അഖിലേഷ് പറഞ്ഞു.

യോഗി ആദിത്യനാഥിന് തുടര്‍ഭരണം പ്രവചിച്ചുള്ള സര്‍വേക്കിടെ ഞൊടിയിടയിലാണ് ഉത്തര്‍പ്രദേശ് രാഷ്ട്രീയം മാറിമറിഞ്ഞത്. യോഗി സര്‍ക്കാരില്‍ നിന്ന് മന്ത്രിമാര്‍ അടക്കമുള്ള എം എല്‍ എമാര്‍ രാജിവെച്ച് എസ് പിയില്‍ ചേര്‍ന്നതോടെ ഞെട്ടലിലാണ് ബി ജെ പി. അഖിലേഷാകട്ടെ ഒ ബി സി, പിന്നാക്കക്കാരെ ലക്ഷ്യമിട്ട് നടത്തുന്ന പല പ്രവര്‍ത്തനങ്ങളും ലക്ഷ്യത്തിലെത്തിക്കുന്നുമുണ്ട്. ചന്ദ്രശേഖര്‍ ആസാദുമായി സഖ്യം ചേരാന്‍ നടത്തിയ ശ്രമം പാളിപ്പോയത് മാത്രമാണ് ഇതിനൊരപവാദം.

അതേസമയം സ്ഥാനാര്‍ത്ഥി പട്ടിക വേഗത്തില്‍ പുറത്തിറക്കി മേല്‍ക്കോയ്മ തിരിച്ചുപിടിക്കാനാണ് ബി ജെ പിയുടെ ശ്രമം. ഇതിനായാണ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അടക്കമുള്ളവരുടെ പേര് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ തന്നെ ഉള്‍പ്പെടുത്തിയത്. അയോധ്യയില്‍ യോഗിയെ മത്സരിപ്പിക്കേണ്ട എന്ന തീരുമാനവും ജാഗ്രതയോടെയാണ് ബി ജെ പി കൈക്കൊണ്ടത്.

അയോധ്യയില്‍ അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി ജെ പി കാഴ്ചവെച്ചത് മോശം പ്രകടനമായിരുന്നു. നിലവില്‍ അയോധ്യ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും സിറ്റിംഗ് എം എല്‍ എമാരുണ്ടെങ്കിലും 40 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ എട്ടെണ്ണത്തില്‍ മാത്രമാണ് ബി ജെ പിയ്ക്ക് ജയിക്കാനായിരുന്നത്. 2019 ലെ അയോധ്യാ വിധിയില്‍ സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് ബാബ്റിക്ക് പകരമായി പള്ളിയുടെ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ അഞ്ച് ഏക്കര്‍ കൈമാറിയ സോഹാവല്‍ ഉപജില്ലയിലെ ഫലം പോലും ബി ജെ പിയ്ക്ക് പ്രതീക്ഷ നല്‍കുന്നതല്ല. അവിടെയുള്ള നാല് ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ മൂന്നെണ്ണവും സമാജ് വാദി പാര്‍ട്ടിയാണ് ജയിച്ചത്. ഒന്നില്‍ സ്വതന്ത്രനും ജയിച്ചു.

ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പ്രയാഗ് രാജ് ജില്ലയിലെ സിരഥുവില്‍ നിന്നാണ് ജനവിധി തേടുന്നത്. ആദ്യഘട്ട സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ 20 സിറ്റിംഗ് എം എല്‍ എമാരെ ബി ജെ പി ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ പ്രഖ്യാപിച്ച സീറ്റുകളില്‍ 68 ശതമാനവും പിന്നാക്കക്കാര്‍ക്കും വനിതകള്‍ക്കുമായി മാറ്റിവെച്ചിരിക്കുകയാണ്. ആദ്യഘട്ട ലിസ്റ്റില്‍ 44 ഒ ബി സി സ്ഥാനാര്‍ത്ഥികളെയും 19 എസ് സി വിഭാഗത്തില്‍ നിന്നുള്ളവരേയും 10 വനിതകളേയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
Recommended Video

മായാവതിയുടെ ബി എസ് പിയും കോണ്‍ഗ്രസുമാണ് സംസ്ഥാനത്തെ മറ്റ് പ്രബലകക്ഷികള്‍. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലൂന്നിയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് തന്ത്രം മെനയുന്നത്. ഏഴ് ഘട്ടങ്ങളിലായിട്ടാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 10, ഫെബ്രുവരി 14, ഫെബ്രുവരി 20, ഫെബ്രുവരി 23, ഫെബ്രുവരി 27 , മാര്‍ച്ച് 3, മാര്‍ച്ച് 7 വരേയുള്ള തിയതികളിലാണ് തെരഞ്ഞെടുപ്പ്. ആകെ 403 സീറ്റുകളാണ് ഉത്തര്‍പ്രദേശ് നിയമസഭയിലുള്ളത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ നിയമസഭാ സീറ്റുകളുള്ള സംസ്ഥാനം കൂടിയാണ് ഉത്തര്‍പ്രദേശ്. 202 സീറ്റുകള്‍ നേടുന്ന പാര്‍ട്ടിക്കോ കക്ഷിക്കോ സര്‍ക്കാര്‍ രൂപീകരിക്കാം.












Click it and Unblock the Notifications