വിര്‍ച്വല്‍ പ്രചരണം ബി ജെ പിയെ സഹായിക്കുമെന്ന് പ്രിയങ്ക; കാരണമിതാണ്
ലക്‌നൗ: വരാനിരിക്കുന്ന ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ ഓണ്‍ലൈന്‍ പ്രചരണം ഏറ്റവും കൂടുതല്‍ സഹായിക്കുക ബി ജെ പിയെ ആയിരിക്കുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പി ടി ഐയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം വിര്‍ച്വലാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നു.
സോഷ്യല്‍ മീഡിയയുടെ പ്രാധാന്യത്തെക്കുറിച്ചും അത് ബിജെപിക്ക് നേട്ടമുണ്ടാക്കുന്നുണ്ടോയെന്നും ചോദിച്ചപ്പോഴായിരുന്നു പ്രിയങ്കയുടെ മറുപടി. ഏറ്റവും സമൃദ്ധവും വിപുലവുമായ സോഷ്യല്‍ മീഡിയ മെഷിനറി ഉള്ളതിനാല്‍ തീര്‍ച്ചയായും ബി ജെ പിക്ക് അത് ഒരു പ്രത്യേക നേട്ടം നല്‍കുമെന്ന് പ്രിയങ്ക പറഞ്ഞു. സമാജ്വാദി പാര്‍ട്ടി ഈ വിഷയത്തില്‍ ഇതിനകം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

എന്നാല്‍ നമ്മള്‍ എന്തിന് ഇതില്‍ തളരണം? ബുദ്ധിപരമായി ഉപയോഗിക്കുകയാണെങ്കില്‍ ഏത് വെല്ലുവിളിയും നേരിടാന്‍ കഴിയുമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ ഇതിനകം തന്നെ വീടു തോറുമുള്ള കാമ്പെയ്നിലേക്ക് ഫോക്കസ് മാറ്റുകയും അത് വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്കായുള്ള എല്ലാ പരിപാടികളും ടൗണ്‍ ഹാളുകളിലേക്ക് മാറ്റിയും ബാക്കിയിടങ്ങളില്‍ ഓണ്‍ലൈന്‍ ഇവന്റുകള്‍ സംഘടിപ്പിച്ചുമാണ് കോണ്‍ഗ്രസ് പ്രചരണം നടത്തുന്നത്.

കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് പ്രവര്‍ത്തകര്‍ അശ്രാന്തരായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കൂടുതല്‍ വിര്‍ച്വല്‍ റാലികള്‍ക്ക് സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കൂടുതല്‍ പേരിലേക്ക് റാലികള്‍ എത്തിക്കാനായി പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കും. ഹൈബ്രിഡ് റാലികള്‍ എത്തിക്കാനാണ് കോണ്‍ഗ്രസിന്റെ പദ്ധതി.ഓണ്‍ലൈനായി പ്രചാരണം നടത്തുകയും ഒപ്പം പ്രചാരണ വേദിയില്‍ ആളുകളെ എത്തിക്കുകയും ചെയ്യുന്നതാണ് ഈ പ്രചാരണ രീതി. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും റാലികള്‍ക്കാണ് ഇത്തരമൊരു രീതി പരീക്ഷിക്കുന്നത്.

തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ റാലികള്‍ നടത്താന്‍ പാടില്ല എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് ഉത്തര്‍പ്രദേശില്‍ ആകെ 15.06 കോടി വോട്ടര്‍മാരാണുള്ളത്. ഫെബ്രുവരി 10നാണ് യു.പിയില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നുമാണ് നടക്കുന്നത്. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

2017 ല്‍ ആകെയുള്ള 403 സീറ്റില്‍ 312 ഉം നേടിയാണ് ബി ജെ പി അധികാരത്തിലെത്തിയത്. രണ്ട് പതിറ്റാണ്ടോളം ഉത്തര്‍പ്രദേശില്‍ മാറി മാറി ഭരിച്ച സമാജ് വാദി പാര്‍ട്ടിയേയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയേയും നിഷ്പ്രഭമാക്കിയായിരുന്നു ബി ജെ പിയുടെ മുന്നേറ്റം. 202 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 2017 ല്‍ ബി ജെ പി സഖ്യത്തില്‍ മത്സരിച്ച അപ്ന ദള്‍ 9 ഉം എസ് ബി എസ് പി 4 ഉം സീറ്റുകളില്‍ വിജയിച്ചു.
Recommended Video

കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നായിരുന്നു അഖിലേഷ് യാദവിന്റെ എസ് പിയുടെ മത്സരം. 311 സീറ്റില്‍ മത്സരിച്ച എസ് പിക്ക് കേവലം 47 സീറ്റിലും 114 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 7 സീറ്റിലുമായിരുന്നു വിജയിക്കാന്‍ സാധിച്ചത്. 403 സീറ്റില്‍ മത്സരിച്ച മായാവതിയുടെ ബി എസ് പി 19 സീറ്റിലും വിജയിച്ചു. ആര്‍ എല്‍ ഡി ഒരു സീറ്റിലും സ്വതന്ത്രര്‍ 3 സീറ്റിലും വിജയിച്ചു.












Click it and Unblock the Notifications