മത്സരിക്കാനാണ് സാധ്യത, പക്ഷേ...; വിശദീകരിച്ച് പ്രിയങ്ക ഗാന്ധി
ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി താന്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്കിടെ വിശദീകരണവുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിയാണ് താനെന്നും അതിനാലാണ് സംസ്ഥാനത്തെങ്ങും തന്റെ മുഖമല്ലേ കാണുന്നത് എന്ന് കഴിഞ്ഞ ദിവസം ചോദിച്ചതെന്നും പ്രിയങ്ക പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്ന് ഉറപ്പിച്ച് പറയാനും അവര്‍ തയ്യാറായില്ല.
എല്ലാ നിമിഷവും മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യമാണ് താന്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി താനാണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. നിലവില്‍ പാര്‍ട്ടിയുടെ യുപിയിലെ ഉത്തരവാദിത്തമാണ് തനിക്കുള്ളതെന്നും അത് നിറവേറ്റാനാണ് ശ്രമിക്കുന്നതെന്നും പ്രിയങ്ക വ്യക്തമാക്കി.

താന്‍ മത്സരിക്കണോ വേണ്ടയോ എന്നത് ഇപ്പോഴും തീരുമാനിച്ചിട്ടില്ലാത്ത കാര്യമാണെന്നും അവര്‍ പറഞ്ഞു. തീരുമാനായാല്‍ എല്ലാവരേയും അറിയിക്കുമെന്നും അവര്‍ വ്യക്തമാക്കി. മത്സരിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അവര്‍ തുറന്നുപറഞ്ഞു. ഗൊരഖ്പൂരില്‍ യോഗി ആദിത്യനാഥിനെതിരെ മത്സരിക്കുമോ എന്ന ചോദ്യത്തിന് അത്തരമൊരു വിഷയം ഇതുവരെ പരിഗണിച്ചിട്ടില്ലെന്നായിരുന്നു അവരുടെ മറുപടി. യോഗി ആദിത്യനാഥിനെതിരെ മത്സരിക്കുകയാണെങ്കില്‍ അത് നല്ല സന്ദേശം നല്‍കുമെന്ന് പലരും പറയുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ സന്ദേശം നല്‍കാന്‍ വേറെയും മാര്‍ഗങ്ങള്‍ ഉണ്ടെന്നായിരുന്നു പ്രിയങ്ക പറഞ്ഞത്.

കഴിഞ്ഞ രണ്ടര വര്‍ഷമായി താന്‍ യോഗി ആദിത്യനാഥിനെതിരെയാണ് പോരാടുന്നതെന്നും പ്രിയങ്ക പറഞ്ഞു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി താന്‍ തന്നെയെന്ന പരോക്ഷ സൂചനയുള്ള പരാമര്‍ശം പ്രിയങ്ക നടത്തിയിരുന്നു. തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കിയ ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രിയങ്ക. 'യു പിയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വേറെ ഏതെങ്കിലും മുഖം കാണുന്നുണ്ടോ? 'നിങ്ങള്‍ക്ക് എന്റെ മുഖം കാണാന്‍ കഴിയും, അല്ലേ? എന്നായിരുന്നു പ്രിയങ്ക പറഞ്ഞത്.

പ്രിയങ്ക മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായതോടെ കോണ്‍ഗ്രസും ആവേശത്തിലാണ്. ബി ജെ പി യോഗി ആദിത്യനാഥിനെ മുന്‍ നിര്‍ത്തിയും സമാജ്വാദി പാര്‍ട്ടി അഖിലേഷ് യാദവിനെ മുന്‍ നിര്‍ത്തിയും തന്ത്രം മെനയുമ്പോള്‍ പ്രിയങ്കയെ പോലൊരാളെ നിര്‍ത്തി ട്രെന്‍ഡ് പിടിച്ചുവാങ്ങാനായിരിക്കും കോണ്‍ഗ്രസ് ശ്രമം. കോണ്‍ഗ്രസ് ഒറ്റയ്ക്കാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 2017 ലെ തെരഞ്ഞെടുപ്പില്‍ 403 സീറ്റില്‍ 312 ലും ജയിച്ച് എന്‍ ഡി എ ആയിരുന്നു അധികാരത്തിലെത്തിയത്. ഇത്തവണ വന്‍ ചതുഷ്‌കോണ മത്സരത്തിനാണ് ഉത്തര്‍പ്രദേശ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

എന്‍ ഡി എയെക്കൂടാതെ, സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ്, ബി എസ് പി എന്നിവരും മത്സരിക്കുകയാണ്. ഏറ്റവും കൂടുതല്‍ നിയമസഭാ സീറ്റുകളുള്ള സംസ്ഥാനം കൂടിയാണ് ഉത്തര്‍പ്രദേശ്. 202 സീറ്റുകള്‍ നേടുന്ന പാര്‍ട്ടിക്കോ കക്ഷിക്കോ സര്‍ക്കാര്‍ രൂപീകരിക്കാം. ഫെബ്രുവരി 10, ഫെബ്രുവരി 14, ഫെബ്രുവരി 20, ഫെബ്രുവരി 23, ഫെബ്രുവരി 27 , മാര്‍ച്ച് 3, മാര്‍ച്ച് 7 വരേയുള്ള തിയതികളിലാണ് തെരഞ്ഞെടുപ്പ്. മാര്‍ച്ച് 10 ന് ഫലമറിയാം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് ഉത്തര്‍പ്രദേശില്‍ 15.06 കോടി വോട്ടര്‍മാരാണുള്ളത്.
Recommended Video

ചതുഷ്‌കോണ മത്സരമാണെങ്കിലും ഫലത്തില്‍ ബി ജെ പിയും സമാജ് വാദി പാര്‍ട്ടിയും തമ്മിലാണ് പോരാട്ടമെന്നതിലേക്ക് അടുത്തിടെ നടന്ന സംഭവവികാസങ്ങള്‍ കൊണ്ടെത്തിച്ചിട്ടുണ്ട്. എന്നാല്‍ പ്രിയങ്ക കൂടി കളത്തിലിറങ്ങുകയാണെങ്കില്‍ കോണ്‍ഗ്രസും പോരാട്ടത്തിലേക്ക് ഒരുപടി കൂടി കടക്കും. പ്രിയങ്കയെ മുന്‍നിര്‍ത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടുക എന്ന് നേരത്തെ തന്നെ കോണ്‍ഗ്രസിന്റെ ഉത്തര്‍പ്രദേശ് ഘടകം അറിയിച്ചിരുന്നു.












Click it and Unblock the Notifications