യോഗി ആദിത്യനാഥിന്റെ നീക്കം ഫലം കണ്ടു; യുഎഇയില്‍ നിന്ന് 20000 കോടി എത്തും... യുപി മോഡല്‍
ലഖ്‌നൗ: ഉത്തര്‍ പ്രദേശിനെ ബിസിനസ് സൗഹൃദ സംസ്ഥാനമാക്കി മാറ്റാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തുന്ന നീക്കം ഫലം കാണുന്നു. യുഎഇയില്‍ നിന്ന് 20000 കോടി രൂപയുടെ നിക്ഷേപം ലഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇത്രയും തുകയ്ക്കുള്ള നിക്ഷേപ പ്രൊപ്പോസല്‍ ലഭിച്ചു എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് യുപിയിലേക്ക് നിക്ഷേപം ആകര്‍ഷിക്കുക എന്ന പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഫെബ്രുവരിയില്‍ ലഖ്‌നൗവില്‍ നിക്ഷേപ സംഗമം നടത്തും. ഇതിന് മുന്നോടിയായിട്ടാണ് ലോക രാജ്യങ്ങള്‍ യുപി മന്ത്രിമാര്‍ സന്ദര്‍ശിക്കുന്നത്.

യുഎഇയില്‍ നിന്ന് 25 നിക്ഷേപ നിര്‍ദേശങ്ങളാണ് ലഭിച്ചിരിക്കുന്നതത്രെ. സ്വീഡനിലെ ഫര്‍ണിച്ചര്‍ കമ്പനിയായ ഇകിയ 4000 കോടിയുടെ നിക്ഷേപമാണ് ഉറപ്പ് നല്‍കിയിട്ടുള്ളത്. യുപിയില്‍ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളും ആഢംബര മാളുകളും കമ്പനി നിര്‍മിക്കും. ഡിപി വേള്‍ഡും യുപിയില്‍ നിക്ഷേപിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ബെല്‍ജിയത്തിലെ ജെമിനി കോര്‍പറേഷന്‍ പ്ലാസ്റ്റിക് റിസൈക്ലിങ് പ്ലാന്റ് നിര്‍മിക്കും. വാരണാസിയില്‍ വരുന്ന ഈ പദ്ധതിക്ക് 200 കോടി രൂപയാണ് കമ്പനി മുടക്കുക. കൂടാതെ കാനഡയിലെ ജെഎംക്യു ഗ്ലോബല്‍ യുപിയിലെ ആരോഗ്യ രംഗത്ത് നിക്ഷേപം ഇറക്കാന്‍ തയ്യാറായി എന്നും സര്‍ക്കാര്‍ അറിയിച്ചു.
2023 ഫെബ്രുവരി 10 മുതല്‍ 12 വരെയാണ് ലഖ്‌നൗവില്‍ ആഗോള നിക്ഷേപ സംഗമം നടക്കുക. ഇതിന് മുന്നോടിയായിട്ടാണ് ലോകത്തെ പ്രധാന ബിസിനസുകാരെയും കമ്പനികളെയും യുപി മന്ത്രിമാര്‍ സന്ദര്‍ശിക്കുന്നത്. ഇവരുടെ പ്രതിനിധികള്‍ നിക്ഷേപ സംഗമത്തിന് എത്തുമെന്നാണ് കരുതുന്നത്. മൊത്തം 10 ലക്ഷം കോടിയുടെ നിക്ഷേപം ആകര്‍ഷിക്കാനാണ് യുപി സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
കാനഡ, സ്വീഡന്‍, ജപ്പാന്‍, അര്‍ജന്റീന എന്നിവിടങ്ങളില്‍ മന്ത്രിമാരുടെ ഒരു സംഘം ബുധനാഴ്ച സന്ദര്‍ശിച്ചു. മറ്റൊരു സംഘം വെള്ളിയാഴ്ച ഫ്രാന്‍സ്, തെതര്‍ലാന്റ്‌സ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ന്യൂയോര്‍ക്കിലെ ഇന്‍ഫിനിറ്റ് കംപ്യൂട്ടര്‍ സൊലൂഷന്‍ ചെയര്‍മാന്‍ സഞ്ജയ് ഗോവിലിനെ യുപി സര്‍ക്കാര്‍ സംഘം സന്ദര്‍ശിച്ചിട്ടുണ്ട്.
വാരണാസി, നോയിഡ, ലഖ്‌നൗ എന്നിവിടങ്ങളിലേക്കാണ് കോടികളുടെ നിക്ഷേപ നിര്‍ദേശങ്ങള്‍ ലഭിച്ചിരിക്കുന്നത്. കൂടുതല്‍ നിക്ഷേപം ലഭിക്കുന്നതോടെ യുപിയുടെ മുഖഛായ മാറുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇത് ഉയര്‍ത്തിക്കാട്ടിയാകും വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ബിജെപി നേരിടുക.
തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിന് സാധിക്കുമെന്ന് യുപി സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നു. യുപിയില്‍ 80 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും യുപി ബിജെപിക്കൊപ്പമായിരുന്നു. യുപിയില്‍ പരമാവധി സീറ്റുകള്‍ പിടിക്കാനുള്ള പദ്ധതി ബിജെപി ആവിഷ്‌കരിക്കുകയാണ്.












Click it and Unblock the Notifications