ഉത്തര്‍ പ്രദേശില്‍ ബിജെപി വന്‍ നേട്ടം; എംഎല്‍സി തിരഞ്ഞെടുപ്പില്‍ തൂത്തുവാരി...
ലഖ്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മികച്ച വിജയം. നിയമസഭാ കൗണ്‍സിലില്‍ 100 സീറ്റുകളാണുള്ളത്. ഇതില്‍ 36 സീറ്റുകളിലേക്കായിരുന്നു വോട്ടെടുപ്പ് നടന്നത്. ഇതിന്റെ ഫല സൂചനകള്‍ വരുമ്പോള്‍ തന്നെ ബിജെപിയുടെ മുന്നേറ്റം പ്രകടമായിരുന്നു. എന്നാല്‍ വാരണാസി മണ്ഡലത്തില്‍ ബിജെപി തോറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലം കൂടിയാണ് വാരണാസി. ഇവിടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയം നേടിയിരുന്നു. എന്നാല്‍ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ തോറ്റു.

യുപി നിയമസഭയുടെ ഉപരി സഭയാണ് നിയമസഭാ കൗണ്‍സില്‍. 37 ഒഴിവുകളാണ് സഭയിലുണ്ടായിരുന്നത്. ഇതില്‍ 36 എണ്ണത്തിലേക്ക് വോട്ടെടുപ്പ് നടന്നു. 9 സീറ്റുകളില്‍ ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഭൂരിഭാഗം സീറ്റുകളിലും ബിജെപിയാണ് ജയിച്ചതെന്നും വൈകാതെ അന്തിമ ഫലം പ്രഖ്യാപിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദശാബ്ദങ്ങള്‍ക്കിടെ ആദ്യമായിട്ടാണ് ബിജെപി ഇരുസഭകളിലും ഏറ്റവും വലിയ കക്ഷിയായി മാറുന്നത്. നിലവില്‍ ബിജെപിക്ക് 34 അംഗങ്ങളുണ്ട്. എസ്പിക്ക് 17 അംഗങ്ങളും. ബിഎസ്പിക്ക് നാല്, കോണ്‍ഗ്രസ്, അപ്‌നദള്‍, നിഷാദ് പാര്‍ട്ടി എന്നിവയ്ക്ക് ഓരോ അംഗങ്ങളുമുണ്ട്.
അതേസമയം, വാരണാസി മണ്ഡലത്തില്‍ തോറ്റത് ബിജെപിക്ക് നാണക്കേടായി. ഡോ. സുദാമ പട്ടേല്‍ ആയിരുന്നു ബിജെപി സ്ഥാനാര്‍ഥി. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച അന്നപൂര്‍ണ സിങ് ആണ് ഇവിടെ ജയിച്ചത്. ജയിലില്‍ കഴിയുന്ന മാഫിയ തലവന്‍ ബ്രിജേഷ് കുമാര്‍ സിങിന്റെ ഭാര്യയാണ് അന്നപൂര്‍ണ. ഇവര്‍ക്ക് 4234 വോട്ടുകള്‍ കിട്ടി. എസ്പി സ്ഥാനാര്‍ഥി ഉമേഷ് യാദവിന് 345 വോട്ടുകളും ബിജെപി സ്ഥാനാര്‍ഥിക്ക് 170 വോട്ടുകളും ലഭിച്ചു.
വൈകുന്നേരമാകും അന്തിമ ഫലം പ്രഖ്യാപിക്കാന്‍ എന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍ അജയ് കുമാര്‍ ശുക്ല പറഞ്ഞു. വോട്ടെണ്ണല്‍ നടക്കുന്ന 27 സീറ്റില്‍ മിക്കതിലും ബിജെപി മുന്നേറ്റം പ്രകടമാണ്. ബിജെപിയുടെ ജയം പാര്‍ട്ടി നേതാക്കള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാല്‍ സമാജ്‌വാദി പാര്‍ട്ടിക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. രണ്ടിടത്ത് സ്വതന്ത്രരാണ് മുന്നിട്ട് നില്‍ക്കുന്നത്. 95 സ്ഥാനാര്‍ഥികളാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്.
വില്ലേജ് പ്രധാന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ക്ഷേത്ര പഞ്ചായത്ത് അംഗങ്ങള്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍ എന്നിവരാണ് നിയമസഭാ കൗണ്‍സിലിലേക്കുള്ള വോട്ടര്‍മാര്‍. തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ നിയമസഭാ കൗണ്‍സിലില്‍ ബിജെപിയുടെ അംഗങ്ങള്‍ ഇരട്ടിയാകുമെന്നാണ് കരുതുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാകുകയും ചെയ്തിരിക്കെയാണ് ഇരട്ടി മധുരമായി കൗണ്‍സില്‍ ഫലം.












Click it and Unblock the Notifications