പോലീസ് ക്രൂരത; യുവാവിന്റെ കൈയ്യിലും കാലിലും ആണി അടിച്ചുകയറ്റി, പരാതിയുമായി അമ്മ
ലഖ്‌നൗ: മാസ്‌ക് ധരിച്ചില്ലെന്ന് ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ കൈയ്യിലും കാലിലും ആണി അടിച്ചുകയറ്റി. പോലീസിനെതിരെ പരാതിയുമായി യുവാവിന്റെ അമ്മ എസ്പിയെ കണ്ടു. ഉത്തര്‍ പ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം. രഞ്ജിത് എന്ന യുവാവിനാണ് ക്രൂര മര്‍ദ്ദനമേറ്റത്. ബരദാരിയിലെ ചെക്ക് പോസ്റ്റിനടുത്ത് വച്ചാണ് പോലീസുകാര്‍ തന്നെ തടഞ്ഞതെന്ന് രഞ്ജിത് പറയുന്നു. ഈ വേളയില്‍ മാസ്‌ക് ധരിച്ചിരുന്നില്ല. കസ്റ്റഡിയിലെടുത്ത പോലീസ് ക്രൂരമായി മര്‍ദ്ദിക്കുകയും ആണി അടിച്ചുകയറ്റുകയുമായിരുന്നു. ബറേലിയിലെ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയെന്നും രഞ്ജിതും അമ്മ ഷീല ദേവിയും പറയുന്നു.

മാസ്‌ക് ധരിച്ചില്ല എന്നതിന്റെ പേരില്‍ മകനോട് ഇത്രയും ക്രൂരത കാണിച്ച പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഷീല ദേവി എസ്പിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. അതേസമയം, സംഭവത്തില്‍ പോലീസിന്റെ പ്രതികരണം മറ്റൊന്നാണ്. പോലീസുകാര്‍ രഞ്ജിത്തിനെ മര്‍ദ്ദിച്ചിട്ടില്ല എന്നാണ് എസ്എസ്പി രോഹിത് സിങ് സജ്വാന്‍ പറയുന്നത്. 2019ല്‍ രഞ്ജിത്തിനിതിരെ പോലീസ് ഒരു കേസെടുത്തിരുന്നു. ഇതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇയാള്‍ പുതിയ ആരോപണവുമായി രംഗത്തുവന്നത് എന്നും പോലീസ് അവകാശപ്പെടുന്നു. ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് രഞ്ജിനെതിരെ പോലീസ് കേസെടുത്തു. പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവ് ഗൂഢാലോചന നടത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു.
രഞ്ജിത് പറയുന്നത് ഇങ്ങനെയാണ്- തന്റെ കൈയ്യില്‍ മാസ്‌ക് ഉണ്ടായിരുന്നു. പോലീസ് പിടിക്കുന്ന വേളയില്‍ ധരിച്ചിരുന്നില്ല. എന്നാല്‍ മാസ്‌ക് ചോദിച്ച് പോലീസ് മര്‍ദ്ദിക്കുകയും അശ്ലീലം പറയുകയും ചെയ്തു. കണ്ണ് കെട്ടി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി. ശേഷമാണ് ആണി അടിച്ചുകയറ്റിയത് എന്നും രഞ്ജിത് പറയുന്നു. കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല എന്നാരോപിച്ച് ജനങ്ങള്‍ക്കെതിരെ പോലീസ് വ്യാപകമായി അതിക്രമം നടത്തുന്നു എന്ന പരാതി യുപിയിലെ വിവിധ ജില്ലകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്.
ബോൾഡ് ആൻറ് ബ്യൂട്ടിഫുൾ തമന്ന... നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications