സംഭാവന നല്‍കിയില്ല, ഓടുന്ന ട്രെയിനില്‍ പാമ്പുകളെ തുറന്നുവിട്ട് പാമ്പാട്ടികള്‍
കൊല്‍ക്കത്ത: ഓടുന്ന ട്രെയിനിനുള്ളില്‍ പാമ്പുകളെ തുറന്ന് വിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പാമ്പാട്ടികള്‍. പശ്ചിമ ബംഗാളിലെ ഹൗറയില്‍ നിന്ന് മധ്യപ്രദേശിലെ ഗ്വാളിയാറിലേക്ക് പുറപ്പെട്ട ചമ്പല്‍ എക്സ്പ്രസിന്റെ ജനറല്‍ കോച്ചില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. ബന്ദ സ്റ്റേഷനില്‍ നിന്നാണ് അഞ്ച് പാമ്പാട്ടികള്‍ ട്രെയിനില്‍ കയറിയത്. ട്രെയിനില്‍ കയറിയ ഉടനെ കൂട തുറന്ന് പാമ്പാട്ടികള്‍ മകുടി ഊതി പ്രകടനം തുടങ്ങി.
ഇതിന് ശേഷം യാത്രക്കാരില്‍ നിന്ന് സംഭാവന ആവശ്യപ്പെട്ടു. ചിലരൊക്കെ പണം നല്‍കി. എന്നാല്‍ യാത്രക്കാരില്‍ മറ്റ് ചിലര്‍ പണം കൊടുക്കാന്‍ വിസമ്മതിച്ചു. ഇതാണ് പ്രകോപനത്തിന് കാരണം എന്നാണ് തോന്നുന്നത് എന്ന് യാത്രക്കാരനായ ധീരജ് കുമാര്‍ പറഞ്ഞു. യാത്രക്കാരില്‍ ചിലരുമായി പാമ്പാട്ടികള്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിന് ശേഷം പാമ്പാട്ടികള്‍ കൂടയില്‍ നിന്ന് പാമ്പിനെ തുറന്ന് വിടുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ മഹോബയ്ക്ക് സമീപം ട്രെയിന്‍ എത്തിയപ്പോഴാണ് പാമ്പുകളെ തുറന്നുവിട്ടത്. പരിഭ്രാന്തരായ യാത്രക്കാര്‍ ഉടന്‍ തന്നെ റെയില്‍വെ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചെങ്കിലും അടുത്ത സ്റ്റേഷനില്‍ എത്തുന്നതിന് മുന്‍പ് പാമ്പാട്ടികള്‍ രക്ഷപ്പെട്ടു. 30 മിനിറ്റോളം യാത്രക്കാര്‍ പരിഭ്രാന്ത്രരായി മുകളിലെ ബര്‍ത്തുകളില്‍ കയറി അഭയം പ്രാപിക്കുകയായിരുന്നു. ചിലര്‍ വാഷ്‌റൂമില്‍ ഒളിച്ചിരുന്നു എന്ന് ധീരജ് കുമാര്‍ പറഞ്ഞു.
ട്രെയിന്‍ ഝാന്‍സി സ്റ്റേഷനില്‍ എത്തിയപ്പോള്‍ യാത്രക്കാരെ മറ്റൊരു ബോഗിയിലേക്ക് മാറ്റുകയും ചെയ്തു. റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ നിന്ന് പാമ്പുകളെ തുറന്ന് വിട്ട വിവരം ലഭിച്ചെന്നും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല എന്നും മഹോബ സ്റ്റേഷനിലെ റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥന്‍ അഖിലേഷ് പ്രതാപ് സിംഗ് പറഞ്ഞു. പാമ്പാട്ടികള്‍ പാമ്പിനെ കൂടയ്ക്കുള്ളിലാക്കിയ ശേഷമാണ് രക്ഷപ്പെട്ടത്.
''ഞങ്ങള്‍ മഹോബ റെയില്‍വേ സ്റ്റേഷനിലെ യാത്രക്കാരുമായി സംസാരിച്ചു, അവര്‍ സംഭവം സ്ഥിരീകരിച്ചു. പാമ്പുകള്‍ ഒരു യാത്രക്കാരനെയും കടിച്ചില്ല, പക്ഷേ കാര്യമായ ബുദ്ധിമുട്ട് സൃഷ്ടിച്ചു,' അഖിലേഷ് പ്രതാപ് സിംഗ് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ കമ്പാര്‍ട്ടുമെന്റില്‍ തിരച്ചില്‍ നടത്തിയെങ്കിലും പാമ്പിനെ ഒന്നും കണ്ടെത്താനായില്ലെന്നും അഖിലേഷ് പ്രതാപ് സിംഗ് കൂട്ടിച്ചേര്‍ത്തു. പരിശോധനയ്ക്ക് ശേഷം ട്രെയിനിന് യാത്ര തുടരാന്‍ അനുമതി നല്‍കിയതായും അഖിലേഷ് പ്രതാപ് സിംഗ് പറഞ്ഞു. പാമ്പാട്ടികളെ ഉടന്‍ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications