ഉത്തരകാശിയില്‍ ഇനിയുള്ള 3 മീറ്റര്‍ നിര്‍ണായകം, തുരങ്കത്തിലെ 67 ശതമാനം ഡ്രില്ലിംഗ് പൂര്‍ത്തിയായി
ന്യൂഡല്‍ഹി: ഉത്തരകാശിയില്‍ തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. തുരങ്കം തകര്‍ന്നതിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെയാണ് ഡ്രില്ലിംഗ് നടക്കുന്നത്. ഇത് 70 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. സില്‍ക്ക്യാര തുരങ്കത്തിന്റെ ഒരു ഭാഗം തകര്‍ന്നതിനെ തുടര്‍ന്ന് പത്ത് ദിവസത്തോളമായി 41 തൊഴിലാളികള്‍ ഇവിടെ കുടുങ്ങി കിടക്കുകയാണ്. നവംബര്‍ പന്ത്രണ്ടിനായിരുന്നു അപകടം നടന്നത്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി രക്ഷാപ്രവര്‍ത്തനത്തിന്റെ വിവരങ്ങള്‍ നിരന്തരം മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയോട് ചോദിച്ചറിയുന്നുണ്ട്. തൊഴിലാളികളെ രക്ഷിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അധികൃതര്‍. ഇനിയുള്ള മൂന്ന് മീറ്റര്‍ വളരെ നിര്‍ണായകമാണെന്ന് ഇവര്‍ പറയുന്നു.

അടുത്ത 24 മണിക്കൂറില്‍ ശുഭവാര്‍ത്ത കേള്‍ക്കാന്‍ സാധിക്കുമെന്നാണ് എമര്‍ജന്‍സി സര്‍വീസ് അധികൃതര്‍ പറയുന്നത്. നേരത്തെ 18 മീറ്റര്‍ മാത്രമാണ് ഇനിയുള്ളതെന്ന് ഉത്തരാഖണ്ഡ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മഹമ്മൂദ് അഹമ്മദ് പറഞ്ഞിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് സമയം ഏറെ ആവശ്യമാണെന്ന് അദ്ദേഹം പറയുന്നു.
വെല്‍ഡ് ചെയ്ത പൈപ്പുകള്‍ ഡ്രില്‍ ചെയ്ത് ദ്വാരത്തിലേക്ക് വെച്ച് അതുവഴി കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനാണ് ഇപ്പോഴത്തെ ശ്രമമെന്ന് അഹമ്മദ് പറയുന്നു. ഇതില്‍ വെല്‍ഡിംഗാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതിന് സമയമെടുക്കും. സാധാരണ ഡ്രില്ലിംഗ് അധിക സമയം ആവശ്യമില്ല. എന്നാല്‍ ഇങ്ങനെ ഒരു സാഹചര്യത്തില്‍ 15 മണിക്കൂറാണ് അതിനായി വേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി പുഷ്‌കര്‍ ധാമി ഇന്ന് ഉത്തരകാശിയില്‍ എത്തുന്നുണ്ട്. എന്നാല്‍ അപകട സ്ഥലം സന്ദര്‍ശിക്കാന്‍ സാധ്യതയില്ല. ഐടിബിപി ഗസ്റ്റ് ഹൗസിലാണ് അദ്ദേഹം താമസിക്കുക. ഇത് അപകടസ്ഥലത്ത് നിന്ന് 45 കിലോമീറ്റര്‍ അകലെയാണ്. 67 മീറ്റര്‍ നീള്ളത്തിലുള്ള ഒരു പൈപ്പ് രക്ഷാപ്രവര്‍ത്തന സംഘത്തിന് തൊഴിലാളികള്‍ക്ക് അടുത്തേക്ക് എത്താനായി ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
എന്‍ഡിആര്‍എഫ് തൊഴിലാളികളുമായുള്ള ആശയവിനിമയ സംവിധാനവും ഒരുക്കുന്നുണ്ട്. ഇതിനായി വയര്‍ കണക്ടിവിറ്റിക്കാണ് ശ്രമിക്കുന്നത്. ഇതുവഴി ആശയവിനിമയം സാധ്യമായെന്നാണ് എന്‍ഡിആര്‍എഫ് പറയുന്നത്. ഇന്ന് രാവിലെ തൊഴിലാളികളുമായി സംസാരിച്ചെന്നും, അവര്‍ സുരക്ഷിതരാണെന്ന് അറിയിച്ചുവെന്നും എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
രക്ഷാപ്രവര്‍ത്തനത്തിന് തടസ്സങ്ങളൊന്നും നേരിട്ടില്ലെങ്കില്‍ നാളെ തന്നെ തൊഴിലാളികളെ പുറത്തെത്തിക്കാന്‍ സാധിക്കുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ കരുതുന്നത്. അതിവേഗത്തിലാണ് കാര്യങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഇനി മുന്നോട്ടുള്ള കാര്യങ്ങളെല്ലാം അതി നിര്‍ണായകമാണെന്ന് മഹമ്മൂദ് അഹമ്മദ് പറഞ്ഞു.തുരങ്കത്തില്‍ നിന്ന് അവശിഷ്ടങ്ങള്‍ താഴേക്ക് വീണുകൊണ്ടിരിക്കുന്നുണ്ട്. ഇത് രക്ഷാപ്രവര്‍ത്തനത്തിന്റെ വേഗം കുറയ്ക്കുന്നത്. ഡ്രില്ലിംഗിനെ തുടര്‍ന്നാണിത്. അതുകൊണ്ട് ഇനി കാര്യങ്ങള്‍ വളരെ സൂക്ഷിച്ചാണ് ചെയ്യുകയെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.












Click it and Unblock the Notifications