ഉത്തരകാശിയിലെ തുരങ്കത്തില്‍ കുടുങ്ങിയവരെ എങ്ങനെ രക്ഷപ്പെടുത്തും? പുതിയ പ്ലാന്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ഉത്തരകാശിയിലെ സില്‍ക്ക് യാര തുരങ്കത്തില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ എട്ടാം ദിനത്തിലേക്ക് കടന്നു. ഇതുവരെ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. മുകളില്‍ നിന്ന് താഴേക്കുള്ള ഡ്രില്ലിംഗ് അധികൃതര്‍ ആരംഭിച്ചത്. മറ്റ് രീതികളൊന്നും ശരിയായി വന്നില്ലെങ്കില്‍ ഈ രീതി പരിഗണിക്കും. ഇന്ന് ഉച്ചയോടെ ബോര്‍ഡര്‍ റോഡ്‌സ് അസോസിയേഷന്‍ പുതിയ റോഡ് സില്‍ക്ക് യാര ടണലിലേക്ക് നിര്‍മിച്ച് തീരുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.
ഇതിലൂടെ കുടുങ്ങി കിടക്കുന്ന തൊഴിലാളികളുടെ അടുത്തെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിക്കും. രക്ഷാപ്രവര്‍ത്തനം വെള്ളിയാഴ്ച്ച മുതല്‍ നിലച്ച അവസ്ഥയിലാണ്. പുതിയ റോഡ് വരുന്നതോടെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കാമെന്നാണ് പ്രതീക്ഷ. അന്താരാഷ്ട്ര ടണലിംഗ് വിദഗ്ധന്‍ പ്രൊഫ അര്‍നോള്‍ഡ് ഡിക്‌സിന്റെ സഹായം ഇന്ത്യ തേടിയിട്ടുണ്ട്. അദ്ദേഹം രക്ഷാപ്രവര്‍ത്തന സംഘത്തെ സഹായിക്കും. ഇന്ത്യയിലേക്ക് യാത്ര തിരിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ടീമും, വിദഗ്ധരും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അഞ്ച് പദ്ധതികളാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഡ്രില്ലിംഗ് പ്രവൃത്തികള്‍ പുനരാരംഭിച്ചിരുന്നു. ഒരു പ്ലാനില്‍ മാത്രം ശ്രദ്ധിച്ചാല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പുരോഗതി ഉണ്ടാവില്ലെന്നും, ഒരേസമയം അഞ്ച് പദ്ധതികളുമായി മുന്നോട്ട് പോയാല്‍ മാത്രമേ ഈ തൊഴിലാളികളുടെ അടുത്തേക്ക് എത്താനാവൂ എന്നാണ് രക്ഷാപ്രവര്‍ത്തന സംഘം കരുതുന്നത്.
അതേസമയം തുരങ്കം തകര്‍ന്നതിന് ശേഷം 41 തൊഴിലാളികള്‍ ഇതിനുള്ളില്‍ കുടുങ്ങി കിടക്കാന്‍ തുടങ്ങിയിട്ട് 170 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. ഇവരുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള ആശങ്ക ബന്ധുക്കള്‍ക്ക് അടക്കമുണ്ട്. രക്ഷാപ്രവര്‍ത്തനം അഞ്ച് ദിവസത്തോളം നീളുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. പരിമിതമായ ഭക്ഷണവും, ആശയവിനിമയ സംവിധാനങ്ങളുമാണ് തൊഴിലാളികള്‍ക്കുള്ളത്.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്ന് ഹൈ പെര്‍ഫോമന്‍സ് ഡ്രില്ലിംഗ് മെഷീന്‍ കഴിഞ്ഞ ദിവസം ഇവിടെ എത്തിച്ചിട്ടുണ്ട്. ഡ്രില്ലിംഗും ആരംഭിച്ചിട്ടുണ്ട്. മുകളില്‍ നിന്ന് കുത്തനെ താഴേക്കാണ് ഡ്രില്‍ ചെയ്യുന്നത്. അതേസമയം അഞ്ച് ദിവസമാണ് മുന്നില്‍ കാണുന്നതെന്നും, ദൈവത്തിന്റെ അനുഗ്രഹമുണ്ടെങ്കില്‍ നേരത്തെ അത് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവ് ഭാസ്‌കര്‍ കുല്‍ബെ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തുരങ്കത്തില്‍ കുടുങ്ങി കിടക്കുന്നവരുടെ ബന്ധുക്കള്‍ ഇവിടെ കടുത്ത പ്രതിഷേധത്തിലാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തെ വൈകിപ്പിക്കുന്നുണ്ട്. നിര്‍മാണ കമ്പനിയാണ് തുരങ്കം തകര്‍ന്ന് വീഴാന്‍ കാരണമെന്ന് ഇവര്‍ പറയുന്നു. സില്‍ക്ക് യാര ഭാഗത്ത് നിന്ന് ബാര്‍ക്കോട്ട് ഭാഗത്തേക്കും, അവിടെ നിന്ന് ഇവിടേക്കുമാണ് ഡ്രില്‍ ചെയ്യുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും സജ്ജമാണെന്നും, ഏറ്റവും മികച്ചവര്‍ തന്നെ ഇതിനായി രംഗത്തുണ്ടെന്നും പ്രധാനമന്ത്രി ഓഫീസിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. വിദേശത്ത് നിന്ന് കണ്‍സള്‍ട്ടന്റുമാരുടെ സഹായവും ലഭിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.












Click it and Unblock the Notifications