തോല്‍പ്പിച്ചത് മുസ്ലീങ്ങള്‍, അവര്‍ തെറ്റായ ബദല്‍ തെരഞ്ഞെടുത്തു; തോല്‍വിയില്‍ മായാവതി
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ പരാജയപ്പെടുത്താന്‍ സാധിക്കാതിരുന്നത് മുസ്ലീങ്ങള്‍ ബി ജെ പിയ്ക്ക് വോട്ട് ചെയ്തതിനാലാണെന്ന് ബി എസ് പി അധ്യക്ഷ മായാവതി. ബി ജെ പിയെ പരാജയപ്പെടുത്താന്‍ തങ്ങള്‍ പരമാവധി ശ്രമിച്ചെങ്കിലും മുസ്ലീങ്ങള്‍ തെറ്റായ ബദല്‍ തിരഞ്ഞെടുത്തുവെന്ന് മായാവതി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടനം അവലോകനം ചെയ്യുന്നതിനായി പാര്‍ട്ടി അധ്യക്ഷ മായാവതിബി എസ് പിയുടെ ഉത്തരാഖണ്ഡ് യൂണിറ്റിലെ ഭാരവാഹികളുടെയും പ്രവര്‍ത്തകരുടെയും യോഗം വിളിച്ചിരുന്നു. ഇതിലാണ് ബി എസ് പി ഈ നിഗമനത്തിലെത്തിയത്.
ഉത്തര്‍പ്രദേശിലെപ്പോലെ ഉത്തരാഖണ്ഡിലും ഭരണകക്ഷിയായ ബി ജെ പിയെ പരാജയപ്പെടുത്താന്‍ വളരെയധികം പരിശ്രമിച്ചെങ്കിലും ശരിയായ ബദല്‍ തിരഞ്ഞെടുക്കുന്നതില്‍ മുസ്ലീം സമുദായത്തിലെ ജനങ്ങള്‍ക്ക് തെറ്റ് പറ്റിയെന്ന് അവലോകന യോഗത്തില്‍ കണ്ടെത്തി. ഇക്കാരണത്താല്‍, ദാരിദ്ര്യം, പണപ്പെരുപ്പം, തൊഴിലില്ലായ്മ, ധിക്കാരപരവും സ്വേച്ഛാധിപത്യപരവുമായ മനോഭാവം തുടങ്ങിയ വിഷയങ്ങളില്‍ ബി ജെ പിക്കെതിരെ ജനങ്ങള്‍ക്കിടയില്‍ കടുത്ത നീരസമുണ്ടായിട്ടും ഭരണ കക്ഷിയ്ക്ക് വീണ്ടും നേട്ടമുണ്ടായി, ബി എസ് പി പ്രസ്താവനയില്‍ പറഞ്ഞു.

ഭാവിയില്‍ ഈ ആളുകളുടെ മനോഭാവം മാറിയില്ലെങ്കില്‍ പ്രശ്നം പരിഹരിക്കുന്നത് വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ബി എസ് പിയുടെ എതിരാളികള്‍ സാമ്പത്തിക സ്വാധീനം ഉപയോഗിക്കുകയും 'വൃത്തികെട്ട രാഷ്ട്രീയം' ചെയ്യാന്‍ കഴിവുള്ളവരാണെന്നും ഓര്‍മ്മിക്കണമെന്ന് മായാവതി പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കരുതെന്നും പോരായ്മകള്‍ പരിഹരിക്കാന്‍ പ്രവര്‍ത്തിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 70 അംഗ ഉത്തരാഖണ്ഡ് നിയമസഭയില്‍ ബി എസ് പിക്ക് രണ്ട് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.

ആകെ വോട്ടിന്റെ 4.82 ശതമാനം മാത്രമാണ് ബി എസ് പിയ്ക്ക് ലഭിച്ചത്. ബി ജെ പി 47 സീറ്റുകള്‍ നേടിയാണ് ഭരണം നിലനിര്‍ത്തിയത്. അതേസമയം ഉത്തര്‍പ്രദേശിലും കനത്ത തിരിച്ചടിയാണ് ബി എസ് പി ഏറ്റുവാങ്ങിയത്. ഒരു കാലത്ത് ഉത്തര്‍പ്രദേശ് നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ നിന്ന് ഒരു അംഗം മാത്രമെന്ന അവസ്ഥയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് ബി എസ് പി. അതേസമയം സമാജ്‌വാദി പാര്‍ട്ടിയുടെ 'ഗുണ്ടാരാജ്' വീണ്ടും വരുമോ എന്ന ഭയം മൂലം ദളിതരും ഒ ബി സി വിഭാഗക്കാരും ബി ജെ പിയ്ക്ക് വോട്ടു ചെയ്തുവെന്നാണ് യു പിയിലെ പരാജയ കാരണമായി ബി എസ് പി പറഞ്ഞത്.

ബി എസ് പിയുടെ അനുയായികള്‍ക്ക് പോലും ഈ ഭയം ഉണ്ടായെന്നും എസ് പി അധികാരത്തില്‍ വരാതിരിക്കാന്‍ അവര്‍ ബി ജെ പിയ്ക്ക് വോട്ട് ചെയ്യുകയായിരുന്നെന്നുമാണ് മായാവതിയുടെ നിരീക്ഷണം. ബി എസ് പി ബി ജെ പിയുടെ ബി ടീമാണെന്ന പ്രചാരണം മുസ്ലിം വോട്ടുകളും ബി ജെ പി വിരുദ്ധ വോട്ടുകളും തങ്ങളില്‍ നിന്ന് അകലാന്‍ കാരണമാക്കിയെന്നും മായാവതി പറഞ്ഞിരുന്നു. ബി ജെ പിയെ പരാജയപ്പെടുത്താന്‍ മുസ്‌ലിങ്ങള്‍ എസ് പിയെ വിശ്വസിച്ചെന്നും ഇത് തങ്ങളെ ബാധിച്ചെന്നുമാണ് ബി എസ് പി പറയുന്നത്.

യു പി നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയമായിരുന്നു ബി ജെ പി സ്വന്തമാക്കിയത്. ഇതോടെ യു പിയില്‍ കാലാവധി പൂര്‍ത്തിയാക്കി രണ്ടാം തവണയും വിജയിക്കുന്ന ആദ്യ മുഖ്യമന്ത്രി എന്ന ചരിത്ര നേട്ടവും യോഗി ആദിത്യനാഥ് സ്വന്തമാക്കി. ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡും കൂടാതെ മണിപ്പൂര്‍, ഗോവ സംസ്ഥാനങ്ങളിലും ബി ജെ പിയാണ് അധികാരം പിടിച്ചത്.












Click it and Unblock the Notifications