എല്ലാത്തിലും രാഹുല്‍ ടച്ച്, സീനിയേഴ്‌സ് എല്ലാം പുറത്ത്, ഉത്തരാഖണ്ഡില്‍ പ്രശ്‌നം തീരാതെ കോണ്‍ഗ്രസ്
ദില്ലി: ഉത്തരാഖണ്ഡില്‍ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷവും കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. പുതിയ സംസ്ഥാന സമിതി നിലവില്‍ വന്നതിന് പിന്നാലെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ തോല്‍വിക്ക് പിന്നാലെയാണ് സംസ്ഥാന സമിതിയില്‍ ആകെ അഴിച്ചുപണിയുണ്ടായത്.
എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം അഴിച്ചുപണി നടക്കുന്നുണ്ട്. എന്നാല്‍ ഉത്തരാഖണ്ഡില്‍ സീനിയര്‍ നേതാക്കളെ മുഴുവന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒതുക്കിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധി ടച്ച് സംസ്ഥാന സമിതിയില്‍ ഉടനീളം കാണാം. പഞ്ചാബിലും ഇത് തന്നെയായിരുന്നു കണ്ടത്. എന്നാല്‍ ഹരീഷ് റാവത്തിന്റെ ഗ്രൂപ്പ് അടക്കം പുറത്തായവരിലുണ്ട്.

മുന്‍ എംഎല്‍എ കരണ്‍ മഹറയെയാണ് രാഹുല്‍ സംസ്ഥാന അധ്യക്ഷനാക്കി നിയമിച്ചിരിക്കുന്നത്. അതേസമയം പ്രതിപക്ഷ നേതാവായി യശ്പാല്‍ ആര്യയെയും നിയമിച്ചു. ഉപനേതാവായി ഭൂവന്‍ കാപ്രിയെയും നിയമിച്ചു. കാപ്രിക്ക് ഇപ്പോള്‍ കോണ്‍ഗ്രസില്‍ താരപരിവേഷമാണ്. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധമിയെ ഖാത്തിമയില്‍ പരാജയപ്പെടുത്തിയത് ഭുവന്‍ കാപ്രിയാണ്. അതിനുള്ള പ്രതിഫലമാണ് ഉപനേതൃ പദവി. യശ്പാല്‍ ആര്യ ബിജെപി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം ബിജെപി സര്‍ക്കാരില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയത്. കോണ്‍ഗ്രസ് ടിക്കറ്റില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു.

കൃത്യമായ ജാതി സമവാക്യം കൂടി പരിഗണിച്ചായിരുന്നു കോണ്‍ഗ്രസ് പുതിയ നിയമനങ്ങള്‍ നടത്തിയത്. കരണ്‍ മഹറ താക്കൂര്‍ വിഭാഗമാണ്. ഉത്തരാഖണ്ഡിലെ സ്വാധീനം ശക്തമായ വിഭാഗമാണ് താക്കൂര്‍. യശ്പാല്‍ ആര്യ ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്. കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യമാണ് ദളിതുകളുടെ ശാക്തീകരണം. രാഹുലും പ്രിയങ്കയും ഒരുപോലെ നേട്ടമാകുമെന്ന കരുതുന്ന രാഷ്ട്രീയമാണിത്. കാപ്രി ബ്രാഹ്മണ നേതാവാണ്. അതും ഉത്തരാഖണ്ഡിലെ അതിശക്തമായ കുമയൂണ്‍ മേഖലയില്‍ നിന്നുള്ള കരുത്തനാണ് ഭുവന്‍ കാപ്രി. ഇതോടെ മുന്നോക്ക വിഭാഗത്തെ അവഗണിച്ചെന്ന പരാതിയും ഉയരില്ല. അതേസമയം ഹരീഷ് റാവത്ത് പ്രതീക്ഷിച്ചവര്‍ക്കൊന്നും മന്ത്രിസഭയില്‍ ഇടം ലഭിച്ചില്ല.

സംസ്ഥാനത്ത് ഹരീഷ് റാവത്തിനുള്ള സ്വാധീനം കൂടിയാണ് നഷ്ടമായിരിക്കുന്നത്. മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഗണേഷ് ഗോണ്ഡിയാലിന് സംസ്ഥാനസമിതിയില്‍ പോലും ഇടം ലഭിച്ചില്ല. ഹരീഷ് റാവത്തിന്റെ വിശ്വസ്തനായിട്ടാണ് ഗോണ്ഡിയാല്‍ അറിയപ്പെടുന്നത്. അത് മാത്രമല്ല മുന്‍ പ്രതിപക്ഷ നേതാവ് പ്രിതം സിംഗിനെയും സമിതികളൊന്നിലും ഉള്‍പ്പെടുത്തിയില്ല. പ്രിതം സിംഗ് വലിയ പ്രതീക്ഷയിലായിരുന്നു. അദ്ദേഹവും റാവത്തിന്റെ വിശ്വസ്തനാണ്. ഗാര്‍വാല്‍ മേഖലയെ കോണ്‍ഗ്രസ് അവഗണിച്ചെന്നാണ് ഗണേഷ് ഗോണ്ഡിയാല്‍ പറയുന്നത്. അതേസമയം പ്രിതം സിംഗ് നേതൃത്വവുമായി ഇടഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധമിയുമായി ചര്‍ച്ചകളും അദ്ദേഹം നടത്തി.

ധമിയും പ്രിതം സിംഗും തമ്മില്‍ നടന്നത് സാധാരണ ചര്‍ച്ചകളാണെന്ന വാദത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്. എന്നാല്‍ ഇരുവരും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ ഗൗരവമേറിയതാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. സംസ്ഥാനത്ത് പ്രധാനപ്പെട്ട രണ്ട് മേഖലകളാണ് ഉള്ളത്. കുമയൂണും ഗാര്‍വാലും. കോണ്‍ഗ്രസും ബിജെപിയും ഇവിടെ നിന്നുള്ള നേതാക്കള്‍ക്ക് എപ്പോഴും മുന്‍തൂക്കം നല്‍കാറുണ്ട്. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് പരീക്ഷണം നടത്തി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. മൂന്ന് സുപ്രധാന വിഭാഗങ്ങളെയും കോണ്‍ഗ്രസിന്റെ മാറ്റത്തിന്റെ ഭാഗമാക്കിയിരിക്കുകയാണ്. ഇത് അപ്രതീക്ഷിതമായിരുന്നു.

പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ക്കെതിരെ ഞാന്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിക്കുന്നുണ്ടെന്ന് പ്രിതം സിംഗ് പറയുന്നു. തിരഞ്ഞെടുപ്പില്‍ ഞാന്‍ അങ്ങനെ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ പാര്‍ട്ടി തന്നെ അന്വേഷണം നടത്തട്ടെ. അതുവരെ ഞാന്‍ എംഎല്‍എ എന്ന നിലയില്‍ മാത്രം പ്രവര്‍ത്തിക്കും. പാര്‍ട്ടിയില്‍ ഒരു സ്ഥാനവും സ്വീകരിക്കില്ലെന്നും പ്രിതം സിംഗ് പഞ്ഞു. ഗാര്‍വാല്‍ മേഖലയിലെ ചക്രത മണ്ഡലത്തില്‍ നിന്നാണ് പ്രിതം കരുത്തനായത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രണ്ട് ഗ്രൂപ്പായി തിരിഞ്ഞതാണ് തോല്‍വിക്ക് കാരണമായത്. ഒരു ഗ്രൂപ്പ് പ്രിതം സിംഗിനൊപ്പവും മറ്റൊരു ഗ്രൂപ്പ് ഹരീഷ് റാവത്തിനൊപ്പവുമായിരുന്നു. നേതാക്കളും പരസ്പരമുള്ള പോരാട്ടങ്ങളാണ് തോല്‍വിക്ക് കാരണമെന്നാണ് കോണ്‍ഗ്രസ് കണ്ടെത്തിയിരിക്കുന്നത്.












Click it and Unblock the Notifications