അഡ്വാനിക്കും മോദിക്കും പിറകെ റാവത്തും റോഡിലേക്ക്, ജനം കനിയുമോ ?
ജനങ്ങളില്‍ നിന്നു നേരിട്ടു വോട്ട് അഭ്യര്‍ഥിക്കാന്‍ റാവത്ത് റോഡ് പര്യടനം തുടങ്ങി
ഡെറാഡൂണ്‍: ബിജെപി നേരത്തേ പയറ്റിയ തന്ത്രം ഇത്തവണ ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസും പയറ്റുന്നു. വോട്ട് പിടിക്കാന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ജനങ്ങള്‍ക്ക് മുന്നിലൂടെ യാത്രയാരംഭിച്ചു. നേരത്തേ ബിജെപിക്കായി എല്‍ കെ അഡ്വാനിയും നരേന്ദ്ര മോദിയും ഇത്തരം യാത്രകള്‍ നടത്തിയിട്ടുണ്ട്. 1989ല്‍ രാമക്ഷേത്ര നിര്‍മാണം മുഖ്യ അജണ്ടയാക്കിയാണ് അഡ്വാനി യാത്ര നടത്തിയതെങ്കില്‍ 2002ലെ ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് മോദി ഗുജറാത്ത് ഗൗരവ് യാത്ര സംഘടിപ്പിച്ചത്. അതു ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കുകയും ചെയ്തിരുന്നു.

നിരവധി വിവാദങ്ങള്‍ മൂലം ഭരണം നിലനിര്‍ത്തുക ദുഷ്‌കരമാണെന്നു ബോധ്യമുള്ളതുകൊണ്ടു തന്നെയാവും റാവത്ത് അവസാന അടവിനു മുതിര്‍ന്നത്. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന്റെ മാനംകാക്കാന്‍ റാവത്തിന്റെ ഈ യാത്രയ്ക്കു സാധിക്കുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന റാവത്തിന്റെ ഉത്തരാഖണ്ഡ് സ്വാഭിമാന്‍ യാത്ര ബുധനാഴ്ച ആരംഭിച്ചിരുന്നു. ഉദ്ദം സിങ്‌നഗറിലെ കിച്ചയില്‍ നിന്നാണ് മുഖ്യമന്ത്രി പര്യടനം തുടങ്ങിയത്. തിരഞ്ഞെടുപ്പില്‍ റാവത്ത് മല്‍സരിക്കുന്ന രണ്ടു സീറ്റുകളിലൊന്നാണ് കിച്ച. ഹരിദ്വാര്‍ റൂറലാണ് മറ്റൊരു മണ്ഡലം. തിരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകളില്‍ നിന്നു മല്‍സരിക്കുന്ന ആദ്യ മുഖ്യമന്ത്രി കൂടിയാണ് റാവത്ത്. സംസ്ഥാനത്തെ 70 നിയമസഭാ മണ്ഡലങ്ങളിലൂടെയും മുഖ്യമന്ത്രി പര്യടനം നടത്തും. ഓരോ ടൗണുകളിലും യോഗങ്ങള്‍ സംഘടിപ്പിക്കും. റാലികള്‍, പദയാത്ര, റോഡ് ഷോ എന്നിവയുമുണ്ടാവും.












Click it and Unblock the Notifications