ഉത്തരാഖണ്ഡില്‍ ഭീതി പരത്തി മഹാപഞ്ചായത്ത് നാളെ; നിരോധനാജ്ഞ, ഇടപെടാതെ സുപ്രീംകോടതി
ന്യൂഡല്‍ഹി: സംഘര്‍ഷാവസ്ഥ നിറഞ്ഞ സാഹചര്യത്തില്‍ ഉത്തരാഖണ്ഡില്‍ ഹിന്ദുത്വ സംഘടനകള്‍ പ്രഖ്യാപിച്ച മഹാപഞ്ചായത്ത് തടയണമെന്ന ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. ഹര്‍ജി നിരസിച്ച രണ്ടംഗ ബെഞ്ച് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം നല്‍കി. ഉത്തരകാശി ജില്ലയിലെ പുരോലയിലാണ് മഹാപഞ്ചായത്ത്. ഇത് തടയണമെന്നാവശ്യപ്പെട്ട് 52 മുന്‍ ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്.
പുരോലയിലും സമീപ പ്രദേശങ്ങളിലും ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെക്ക് വരുന്ന എല്ലാ വാഹനങ്ങളും പരിശോധിച്ച ശേഷമേ കടത്തിവിടുന്നുള്ളൂ. മഹാപഞ്ചായത്ത് അനുവദിക്കില്ല എന്ന് എഡിഎം തീര്‍ഥ പാല്‍ വ്യക്തമാക്കി. എന്നാല്‍ തീരുമാനം മാറ്റില്ലെന്ന് ഹിന്ദുത്വ നേതാക്കളും അറിയിച്ചു. നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ വ്യാപാരികള്‍ പ്രത്യേക യോഗം ചേര്‍ന്നു.

മെയ് 26ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി രണ്ടുപേര്‍ക്കൊപ്പം ഒളിച്ചോടിയ സംഭവമാണ് വിവാദത്തിന് തുടക്കം. രണ്ടു മതത്തില്‍പ്പെട്ട യുവാക്കളെയാണ് സംഭവത്തില്‍ അറസ്റ്റ് ചെയ്തത്. എന്നാല്‍ മുസ്ലിം യുവാവിനെ മാത്രം കുറ്റപ്പെടുത്തി ഹിന്ദുത്വ സംഘടനകള്‍ വ്യാജ പ്രചാരണം നടത്തിയതാണ് വിവാദങ്ങള്‍ക്ക് കാരണം. ലൗ ജിഹാദ് പ്രചാരണം വന്നതോടെ ന്യൂനപക്ഷ വിഭാഗത്തിനെതിരെ ജനങ്ങളും വ്യാപാരികളും തിരിയുകയായിരുന്നു.
ലൗ ജിഹാദ് ആരോപിച്ച് വലിയ പ്രതിഷേധം പുരോലയില്‍ നടന്നു. ജൂണ്‍ 15നകം മുസ്ലിം വ്യാപാരികള്‍ പ്രദേശം വിട്ടുപോകണം എന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. മുസ്ലിം കടകളില്‍ പ്രത്യേക അടയാളം സ്ഥാപിക്കുകയും ചെയ്തു. ഇതോടെ ഭയചകിതരായ ഒരു വിഭാഗം വ്യാപാരികള്‍ ഒഴിഞ്ഞുപോയി. പലരും ഡെറാഡൂണിലേക്ക് എത്തിയിട്ടുണ്ട്. 40 വര്‍ഷത്തോളമായി പുരോലയില്‍ കച്ചവടം നടത്തുന്ന ഷക്കീല്‍ അഹമ്മദും ഇതില്‍പ്പെടും.
പുരോലയിലെ സംഭവത്തിന് ശേഷം സമാനമായ വിവാദങ്ങള്‍ സമീപ പ്രദേശങ്ങളിലും നടന്നിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയ വഴി പ്രചാരണമുണ്ട്. പ്രദേശവാസികള്‍ അരിശത്തിലാണെന്ന് പുരോല എംഎല്‍എ ദുര്‍ഗേശ്വര്‍ ലാല്‍ പ്രതികരിച്ചു. മഹാപഞ്ചായത്ത് നടക്കില്ല എന്നാണ് കരുതുന്നത്. എങ്കിലും സംസ്‌കാര സംരക്ഷണത്തിന് വേണ്ടി പ്രതിഷേധിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉയര്‍ന്ന തസ്തികകളില്‍ നിന്ന് വിരമിച്ച 52 മുന്‍ ഉദ്യോഗസ്ഥര്‍ ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി എസ്എസ് സന്ധുവിന് മഹാപഞ്ചായത്ത് തടയണം എന്നാവശ്യപ്പെട്ട് കത്തയച്ചു. ന്യൂനപക്ഷ സമുദായത്തിനെതിരെ കുറ്റകരമായ പ്രചാരണമാണ് നടക്കുന്നതെന്നും അവര്‍ പറഞ്ഞു. അതേസമയം, പശ്ചിമ ബംഗാളിലെയും പാകിസ്താനിലെയും ഹിന്ദുക്കളുടെ അവസ്ഥയില്‍ പ്രതികരിക്കാത്തവരാണ് ഇപ്പോള്‍ കത്തയച്ചിരിക്കുന്നതെന്ന് ബിജെപി എംഎല്‍എ മുന്ന സിങ് ചൗഹാന്‍ വിമര്‍ശിച്ചു.
മുന്‍ ഉന്നത ഉദ്യോഗസ്ഥരുടെ കത്ത് സര്‍ക്കാര്‍ ഗൗരവത്തോടെ കാണണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള ശ്രമം ബിജെപി ഉപേക്ഷിക്കണമെന്ന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രീതം സിങ് ആവശ്യപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി, കോണ്‍ഗ്രസ്, ബിഎസ്പി എന്നീ പാര്‍ട്ടികളിലെ മുസ്ലിം പ്രതിനിധികള്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പുഷ്‌കര്‍ സിങ് ധമിക്ക് കത്തയച്ചിരുന്നു. സംഘര്‍ഷം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. അതേസമയം, ഈ മാസം 18ന് ഡെറാഡൂണില്‍ മുസ്ലിം പണ്ഡിതന്മാര്‍ മഹാപഞ്ചായത്ത് വിളിച്ചിട്ടുണ്ട്. ഇത് തടയുമെന്ന് ഹിന്ദുത്വ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications