'രോഗികളെന്ന് വിളിക്കില്ല'; തുരങ്കത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ ആരോഗ്യനില തൃപ്തികരമെന്ന് എയിംസ് ഡയറക്ടര്‍
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ തുരങ്കത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ 41 തൊഴിലാളുകളുടേയും ആരോഗ്യനില തൃപ്തികരം. ഇന്ന് ഇവരെ എയിംസിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്ത് എത്തിച്ചിരുന്നു. ഇവിടത്തെ പരിശോധനയ്ക്ക് ശേഷമാണ് ഇവരുടെ ആരോഗ്യ നിലയില്‍ കുഴപ്പമൊന്നുമില്ല എന്ന് വ്യക്തമായത്. 41 തൊഴിലാളികളേയും വിശദമായി പരിശോധിച്ചതായി എയിംസ് എക്സിക്യൂട്ടീവ് ഡയറക്ടറും സി ഇ ഒയുമായ ഋഷികേശ് മീനു സിംഗ് പറഞ്ഞു.
'അവരുടെ ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ല. ഞാന്‍ അവരെ രോഗികള്‍ എന്ന് വിളിക്കില്ല. അവരുടെ ആരോഗ്യനില തൃപ്തികരമാണ്. രക്തസമ്മര്‍ദ്ദം, ഓക്‌സിജന്റെ അളവ്, ശ്വസനം എല്ലാം സാധാരണമാണ്. അവരുടെ ഇലക്ട്രോലൈറ്റുകളും രക്തത്തിന്റെ പാരാമീറ്ററുകളും നോക്കാന്‍ ചില അടിസ്ഥാന പരിശോധന നടത്തിയിട്ടുണ്ട്. അതിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്,' ഋഷികേശ് മീനു സിംഗ് പറഞ്ഞു.

ഹൃദയത്തിന്റെ ആരോഗ്യം പരിശോധിക്കാന്‍ ഇസിജിയെടുത്തിട്ടുണ്ട് എന്നും കൗണ്‍സിലിംഗും നടത്തുമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. തൊഴിലാളികള്‍ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും തുടര്‍ ചികിത്സ ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി ധന്‍ സിംഗ് റാവത്ത് പറഞ്ഞു. ഇന്നും നാളേയും തൊഴിലാളികളെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ച ശേഷം എയിംസ് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം അവരെ നാട്ടിലേക്ക് തിരിച്ചയക്കും എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ചിന്യാലിസൗര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെത്തി തൊഴിലാളികളെ കണ്ട് ആരോഗ്യത്തെക്കുറിച്ച് ചോദിച്ചറിഞ്ഞിരുന്നു. ഒപ്പം തൊഴിലാളികള്‍ക്കുള്ള ദുരിതാശ്വാസ സഹായങ്ങളും അദ്ദേഹം കൈമാറി. സില്‍ക്യാര തുരങ്കത്തില്‍ നിന്ന് രക്ഷപ്പെട്ട തൊഴിലാളികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണ്‍ സംഭാഷണം നടത്തുകയും ചെയ്തിരുന്നു.
സില്‍ക്യാര ടണലില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും 17 ദിവസത്തെ മാരത്തണ്‍ ഓപ്പറേഷന് ശേഷം ചൊവ്വാഴ്ചയാണ് രക്ഷപ്പെടുത്തിയത്. നിരവധി തവണ മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് പലപ്പോഴും രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടിരുന്നു. ഇവരെ രക്ഷപ്പെടുത്തിയ ശേഷം ആദ്യം ചിന്യാലിസൗറിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്കാണ് കൊണ്ടുപോയത്. പിന്നീട് ഇന്ന് ഉച്ചയോടെ ചിനൂക്ക് ഹെലികോപ്റ്ററില്‍ ഇവരെ എയിംസ്-ഋഷികേശിലെത്തിക്കുകയായിരുന്നു.
സില്‍ക്യാരയെ ബാര്‍കോട്ടുമായി ബന്ധിപ്പിക്കുന്ന യമുനോത്രി ദേശീയ പാതയില്‍ ആണ് തുരങ്കം നിര്‍മ്മിക്കുന്നത്. 4531 മീറ്റര്‍ നീളമുള്ള ഈ തുരങ്കം റോഡ് വഴിയുള്ള ദൂരത്തെ 26 കിലോമീറ്ററും 45 മിനിറ്റ് യാത്രാ സമയവും കുറയ്ക്കും.












Click it and Unblock the Notifications