ഉത്തരാഖണ്ഡില്‍ സംഘര്‍ഷം; ന്യൂനപക്ഷ വ്യാപാരികള്‍ കട ഒഴിയണമെന്ന് ഭീഷണി
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ പുരോലിയില്‍ ന്യൂനപക്ഷ വ്യാപാരികളെ ഭീഷണിപ്പെടുത്തി അക്രമികള്‍. പുരോലിയയില്‍ നിലനില്‍ക്കുന്ന ലവ് ജിഹാദ് വിഷയവുമായി ബന്ധപ്പെട്ട് പലയിടത്തും സംഘര്‍ഷം രൂപപ്പെട്ടിരിക്കുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന കടകള്‍ ഒഴിഞ്ഞുപോയില്ലെങ്കില്‍ ഇവ തല്ലിത്തകര്‍ക്കുകയോ, കത്തിക്കുമെന്നോ ആണ് ഭീഷണിയെന്ന് വ്യാപാരികള്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ദിവസങ്ങള്‍ക്ക് മുമ്പ് കട പൂട്ടി നഗരം വിടണമെന്ന് കാണിച്ചുള്ള അജ്ഞാത നോട്ടീസ് ഇവര്‍ക്ക് ലഭിച്ചിരുന്നു. തീവ്ര വലതുപക്ഷ സംഘടനകളാണ് ഇതിന് പിന്നിലെന്ന് സൂചനയുണ്ട്. ഇവരാണ് ഭീഷണിപ്പെടുത്തിയതെന്നാണ് വ്യാപാരികള്‍ പറയുന്നത്.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ, ലവ് ജിഹാദുമായി ബന്ധപ്പെട്ട കേസില്‍ നേരത്തെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് പുരോലിയ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയത്. ഇതേ സാഹചര്യം തന്നെയാണ് ഗംഗോത്രിയിലുമുള്ളത്. നിരവധി പേര്‍ കടകള്‍ ഒഴിഞ്ഞ് പോയിരിക്കുകയാണ്.
ശനിയാഴ്ച്ച ഇവിടെ കടകളെല്ലാം അടച്ചിട്ടു. 'സംസ്ഥാനത്താകെ വര്‍ധിച്ച് വരുന്ന ലവ് ജിഹാദിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് കടകള്‍ അടച്ചതെന്നാണ് വ്യാപാരികള്‍' അവകാശപ്പെടുന്നത്. 'പുറത്തുനിന്നുള്ളവര്‍ ടൗണിലേക്ക് വരികയും, ചെറുകിട വ്യാപാരം ആരംഭിക്കുകയും ചെയ്ത ശേഷമാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നാണ്' വ്യാപാരികള്‍ പറയുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
റോഡില്‍ തെരുവോര കച്ചവടം നടത്തുന്നവരാണ് ജില്ലയ്ക്ക് പുറത്ത് നിന്നുള്ള ഇവര്‍ എന്ന് ഒരു വിഭാഗം വ്യാപാരികള്‍ ആരോപിക്കുന്നു. ഇവര്‍ക്കെതിരെ അടിയന്തര നടപടി വേണമെന്നാണ് ' വ്യാപാരികള്‍ ആവശ്യപ്പെടുന്നത്.
അതേസമയം പുരോലിയയില്‍ സംഘര്‍ഷം രൂപപ്പെട്ട സാഹചര്യത്തില്‍, ഒരു യുവാവിനോട്, ഇയാള്‍ നടത്തുന്ന കട ഒഴിയാന്‍ ഉടമ ആവശ്യപ്പെട്ടുവെന്നും, ഇയാള്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളയാളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി പുരോലിയില്‍ താമസിക്കുന്നയാളാണ് ഈ കച്ചവടക്കാരന്‍. തുണിക്കച്ചവടമാണ് ഇയാള്‍ നടത്തുന്നത്. 'ട്രക്കുകള്‍ വരാന്‍ കാത്തിരിക്കുകയാണ്. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഞങ്ങള്‍ ടൗണ്‍ വിട്ടുപോവുകയാണ്' എന്നും യുവാവ് പറയുന്നു.
'എന്റെ പിതാവ് ഇവിടെ മുപ്പത് വര്‍ഷം മുമ്പ് എത്തിയതാണ്. പുരോലിയയില്‍ അദ്ദേഹം തുണിക്കച്ചവടം നടത്തിയിരുന്നു. ഇപ്പോള്‍ കട ഒഴിയാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. എന്റെ പിതാവ് കഠിനാധ്വാനത്തിലൂടെ നിര്‍മിച്ച വീടും ഉപേക്ഷിച്ചാണ് ഞങ്ങള്‍ പോകുന്നത്' എന്നും യുവാവ് പറഞ്ഞു.
പുരോലിയില്‍ നിന്ന് പതിനൊന്നോളം പേരാണ് കട ഒഴിഞ്ഞ് പോയത്. ബാര്‍ക്കോട്ടിലും, നൗഗാവിലും മൂന്ന് പേര്‍ വീതം കട ഒഴിഞ്ഞു. ന്യൂനപക്ഷ വിഭാഗം നടത്തുന്ന മുപ്പതിലധികം കടകളാണ് പ്രശ്‌നങ്ങള്‍ക്ക് ശേഷം അടച്ച് പൂട്ടിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപിയുടെ ന്യൂനപക്ഷ സെല്ലിന്റെ ഭാഗമായ വ്യക്തി അടക്കം പത്ത് പേര്‍ നടത്തുന്ന കടകളും അടച്ചുപൂട്ടിയതില്‍ വരും. എത്രയോ വര്‍ഷങ്ങളായി ഇവര്‍ ഇവിടെ താമസിക്കുന്നവരാണ്.
അതേസമയം പ്രശ്‌നങ്ങള്‍ക്കിടയിലും ഇവിടെ തുടരാന്‍ തീരുമാനിച്ചവരുണ്ട്. ഇവരും ഭയത്തോടെയാണ് താമസിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ ലവ് ജിഹാദ് വിഷയം ആളിക്കത്തിയതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. പ്രശ്‌നം പരിഹരിക്കാനും, സമാധാനം പുന:സ്ഥാപിക്കാനുമായി ജൂണ്‍ പതിനഞ്ചിന് വിവിധ വിഭാഗങ്ങളുടെ ഒരു മഹാപഞ്ചായത്ത് വിളിച്ചിട്ടുണ്ട്.












Click it and Unblock the Notifications