യുപിയിൽ മണ്ഡൽ രാഷ്ട്രീയത്തിലേക്കുള്ള മടക്കമോ? ബിജെപി ക്യാമ്പിൽ കൂട്ടപൊരിച്ചൽ
ലഖ്നൗ; ഉത്തർപ്രദേശിലെ രാഷ്ട്രീയ നീക്കങ്ങൾ ബിജെപി ക്യാമ്പിനെ വലിയ പ്രതിസന്ധിയിലാണ് കൊണ്ടെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കിടെ പാർട്ടി നേതൃത്വത്തെ ഞെട്ടിച്ച് കൊണ്ട് മൂന്ന് മന്ത്രിമാരാണ് രാജിവെച്ച് അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടിക്കൊപ്പം ചേർന്നത്. ഒപ്പം 14 ഓളം എം എൽ എമാരും. ദളിത് വിഭാഗത്തിൽ നിന്നുള്ള നേതാക്കളാണ് പാർട്ടി വിട്ടത് എന്നതാണ് ശ്രദ്ധേയം. സമുദായത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് തങ്ങളുടെ രാജി എന്നാണ് നേതാക്കൾ വ്യക്തമാക്കിയത്. ദേശീയ നേതൃത്വം ഉൾപ്പെടെ ഇടപെട്ട് അനുനയ നീക്കത്തിന് ശ്രമിച്ചിട്ട് പോലും വഴങ്ങാതെയായിരുന്നു നേതാക്കൾ കൂട്ടത്തോടെ ബി ജെ പി ക്യാമ്പ് വിട്ടത്.

2017 ൽ ബി ജെ പി വിജയത്തിൽ നിർണായകമായ പടിഞ്ഞാറൻ യുപിയിൽ നിന്നുള്ള ഒ ബി സി നേതാക്കളാണ് ബി ജെ പി ബന്ധം ഉപേക്ഷിച്ചെന്നതും നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതേസമയം യാദവ-മുസ്ലീം വോട്ടുകൾക്കപ്പുറത്തേക്ക് മറ്റ് പിന്നാക്ക വിഭാഗങ്ങളിലേക്ക് സ്വാധീനമുറപ്പിക്കാനുള്ള അഖിലേഷ് യാദവിന്റേ ശ്രമങ്ങൾക്ക് വലിയ ഊർജമാണ് ഇപ്പോഴത്തെ രാഷ്ട്രീയ നീക്കങ്ങളോടെ ഉണ്ടായിരിക്കുന്നത്.

പടിഞ്ഞാറൻ യുപിയിൽ ഏകദേശം 30 ഓളം മണ്ഡലങ്ങളിൽ ശക്തമായ സ്വാധീനമുള്ള ഒബിസി നേതാവായ സ്വാമി പ്രസാദ് മൗര്യയായിരുന്നു ആദ്യം ബി ജെ പി വിട്ടത്. തൊട്ട് പിന്നാലെ അദ്ദേഹത്തിന്റെ അനുയായികൾ കൂടിയായ നാല് എം എൽ എമാർ രാജിവെയ്ക്കുകയായിരുന്നു. കേശവ് പ്രസാദ് മൗര്യയെപ്പോലുള്ള മുതിർന്ന ബിജെപി നേതാക്കൾ തീരുമാനം പുനഃപരിശോധിക്കണമെന്ന് പരസ്യമായി അഭ്യർത്ഥിച്ചെങ്കിലും നേതാക്കൾ വഴങ്ങിയില്ല.ഇവരുടെ രാജിയ്ക്ക് ശേഷം 24 മണിക്കൂർ പോലും കഴിയും മുൻപായിരുന്നു മറ്റൊരു ദളിത് നേതാവും മന്ത്രിയുമായ ധരംസിംഗ് സൈനിയുടെ രാജി. തുടർന്ന് 7 ഓളം എം എൽ എമാർ കൂടി രാജിവെച്ചു. ഇവരെല്ലാം കഴിഞ്ഞ ദിവസം ലഖ്നൗവിൽ നടന്ന ചടങ്ങിൽ രാജി വെച്ചവർ ഔദ്യോഗികമായി അംഗത്വമെടുക്കുകയും ചെയ്തു.

2014 നും 2017 നും സമാനമായി പിന്നാക്ക ജാതി രാഷ്ട്രീയം പറഞ്ഞ് കൊണ്ട് ഭരണം പിടിക്കാനുള്ള ശ്രമങ്ങളാണ് ഇക്കുറിയും ബി ജെ പി സംസ്ഥാനത്ത് നടത്തുന്നത്. എന്നാൽ ജാതിമത സമവാക്യങ്ങൾ ഏറെ നിർണായകമായ സംസ്ഥാനത്ത് അഖിലേഷിന്റെ നേതൃത്വത്തിലുള്ള നീക്കം ബി ജെ പിയുടെ കണക്ക് കൂട്ടലുകൾ പാടെ തെറ്റിക്കുകയാണെന്ന വിലയിരുത്തലുകൾ ശക്തമാണ്. ബിജെപിയെ വിറപ്പിച്ച് കൊണ്ടുള്ള ഇപ്പോഴത്തെ അഖിലേഷിന്റെ നീക്കം 1990 കളിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന് ബദലായി മുലായംസിംഗ് യാദവ് പയറ്റി വിജയിച്ച മണ്ഡൽ രാഷ്ട്രീയത്തിലേക്ക് പിന്നാക്ക വിഭാഗങ്ങളെ എത്തിച്ച് ഭരണം പിടിക്കുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കോൺഗ്രസ് സഖ്യം ഉപേക്ഷിച്ച് ചെറുപാർട്ടികളുമായി സമാജ്വാദി പാർട്ടി ഉത്തർപ്രദേശിൽ സഖ്യത്തിൽ എത്തിയിട്ടുണ്ട്. അപ്നാ ദൾ, ജയന്ത് ചൗധരിയുടെ രാഷ്ട്രീയ ലോക്ദൾ, ജൻ അധികാർ പാർട്ടി എന്നിങ്ങനെ പന്ത്രണ്ടോളം ചെറുപാർട്ടികളുമായാണ് എസ് പി സഖ്യം രൂപീകരിച്ചിരിക്കുന്നത്. ഇതോടൊപ്പമാണ് പടിഞ്ഞാറൻ യു പിയിൽ നിന്നുള്ള പ്രമുഖരെ ഉൾപ്പെടെ പാർട്ടിയിലെത്തിക്കാൻ അഖിലേഷിന് സാധിച്ചത്.
Recommended Video

അതേസമയം അയോധ്യയും വാരണാസിയും ഉൾപ്പെടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രധാന കേന്ദ്രമായ പടിഞ്ഞാറൻ യുപിയിൽ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് ബി ജെ പി നേതൃത്വത്തെ ചില്ലറയൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. ഈ സാഹചര്യത്തിൽ ദളിത് വിഭാഗത്തിന്റെ വോട്ടുറപ്പാക്കാൻ കരുതലോടെയുള്ള നീക്കങ്ങൾ പാർട്ടി നേതൃത്വം ആരംഭിച്ച് കഴിഞ്ഞു. കഴിഞ്ഞ ദിവസം ദളിത് വീട്ടിലെത്തി യോഗി ആദിത്യനാഥ് ഭക്ഷണം കഴിച്ചത് ഈ നീക്കത്തിന്റെ ഭാഗമാണ്.
മാത്രമല്ല ഇന്ന് പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയിൽ ആകട്ടെ 68 ശതമാനം സീറ്റുകൾ പിന്നാക്ക വിഭാഗക്കാർക്കും വനിതകൾക്കുമായി മാറ്റിവെച്ചിരിക്കുകയാണ്.












Click it and Unblock the Notifications