വി മുരളീധരൻ ഇനി കേന്ദ്രമന്ത്രിസഭയിൽ; സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാകും
ദില്ലി: കേരളത്തിലെ മുതിർന്ന ബിജെപി നേതാവ് വി മുരളീധരൻ കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വി മുരളീധരൻ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാകും. മുരളീധരൻ അടക്കം 9 പേർക്കാണ് സ്വതന്ത്ര്യ ചുമതല നൽകിയിരിക്കുന്നത്. കേരളത്തിലെ മുൻ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു മുരളീധരൻ, മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമാണ് അദ്ദേഹമിപ്പോൾ.
കേന്ദ്രമന്ത്രിസഭയിൽ കേരളത്തിൽ നിന്നുള്ള ഏക മന്ത്രിയാണ് വി മുരളീധരൻ. നിലവിൽ കേന്ദ്രമന്ത്രിയായ അൽഫോൺസ് കണ്ണന്താനത്തെ ഒഴിവാക്കിയാണ് മുരളീധരനെ പരിഗണിച്ചത്. എബിവിപിയിലൂടെ ആയിരുന്നു മുരളീധരന്റെ രാഷ്ട്രീയ പ്രവേശനം. എബിവിപി ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു. നെഹ്‌റു യുവകേന്ദ്രയുടെ ഡയറക്ടര്‍ ജനറലും ആയിരുന്നു.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ നിന്ന് മത്സരിച്ചിരുന്നു. കടകംപള്ളി സുരേന്ദ്രന് തൊട്ടുപിറകില്‍ രണ്ടാം സ്ഥാനത്ത് മുരളീധരൻ എത്തിയിരുന്നു. സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് ശേഷം വി മുരളീധരന് ആന്ധ്രയുടെ ചുമതല ആയിരുന്നു കേന്ദ്ര നേതൃത്വം നൽകിയിരുന്നത്. പിന്നീട് കേരള രാഷ്ട്രീയത്തിൽ വി മുരളീധരൻ സജീവമായി ഇടപെട്ടിരുന്നില്ല.
പ്രൗഡഗംഭീരമായ ചടങ്ങിലായിരുന്ന നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ എത്തിയത്. 25 ക്യാബിനറ്റ് മന്ത്രിമാരും 24 സഹമന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ എത്തിയത്. സുഷമാ സ്വരാജിന് ഇത്തവണ മന്ത്രിസ്ഥാനമില്ല. മുൻ വിദേശ കാര്യ സെക്രട്ടറി എസ് ജയശങ്കറിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications