5 വയസ് മുതലുള്ള കുട്ടികള്‍ വാക്സിന്‍: അടിയന്തര ഉപയോഗാനുമതിക്ക് ശുപാർശ
ദില്ലി: 5 മുതൽ 12 വയസ്സുവരെയുള്ള കുട്ടികളില്‍ ബയോളജിക്കൽ ഇയുടെ കോവിഡ്-19 വാക്‌സിൻ കോർബെവാക്‌സിന് അടിയന്തര ഉപയോഗ അനുമതി നൽകണമെന്ന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) വിദഗ്ധ സമിതി ശുപാർശ ചെയ്തു. വിദഗ്ധ സമിതിയുടെ ശുപാർശകൾ അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്റർ ഔദ്യോഗിക അംഗീകാരം നല്‍കുമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
സര്‍ക്കാരിന്റെ വിദഗ്ധ സമിതി അന്തിമ തീരുമാനം എടുത്തു കഴിഞ്ഞാല്‍ അഞ്ചു വയസിന് മുകളിലുള്ള കുട്ടികൾക്കുള്ള ആദ്യത്തെ കോവിഡ് വാക്സിനായി ബയോളജിക്കൽ ഇയുടെ കോർബെവാക്‌സ് മാറും. നിലവില്‍ 12 വയസ് മുതലുള്ളവർക്കാണ് രാജ്യത്ത് വാക്സിന്‍ വിതരണം ചെയ്യുന്നത്. ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ പ്രോട്ടീൻ സബ്-യൂണിറ്റ് വാക്സിൻ കൂടിയാണ് കോർബെവാക്സ്.

അതേസമയം, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 187.07 കോടി (1,87,07,08,111) കടന്നു. 2,28,80,254 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്. 12 മുതൽ 14 വയസ്സ് പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് 2022 മാർച്ച് 16 മുതൽ ആരംഭിച്ചു. ഇതുവരെ 2.53 കോടിയിൽ കൂടുതൽ (2,53,87,677) കൗമാരക്കാർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി കഴിഞ്ഞു.
18 മുതൽ 59 വയസ്സ് വരെ പ്രായമുള്ളവർക്ക് കോവിഡ്-19 മുൻകരുതൽ ഡോസ് 2022 ഏപ്രിൽ 10 മുതൽ ആരംഭിച്ചു. ഇതുവരെ 2,37,279 മുൻകരുതൽ ഡോസുകളാണ് നൽകിയത്. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 13,433 പേരാണ്. ഇത് ആകെ രോഗബാധിതരുടെ 0.03 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,231 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,25,14,479 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.76% ആണ്.
കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 2,380 പേർക്കാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 4,49,114 പരിശോധനകൾ നടത്തി. 83.33 കോടിയിൽ അധികം (83,33,77,052) പരിശോധനകളാണ് ഇതുവരെ നടത്തിയത്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 0.43 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.53 ശതമാനവുമാണ്.












Click it and Unblock the Notifications