വാക്സിന് കൊവിഡ് വൈറസിന് എതിരെ മൃതസഞ്ജീവനി പോലെ, സംതൃപ്തനെന്ന് ഡോ. ഹര്ഷവര്ധന്
ദില്ലി: ഒരു വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിന് ഒടുവില്‍ രാജ്യത്ത് കൊവിഡ് വാക്സിനേഷന് തുടക്കമിട്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്സിനേഷന് യജ്ഞം ഉദ്ഘാടനം ചെയ്തു. ഈ ദിവസം സന്തോഷത്തിന്റെയും സംതൃപ്തിയുടേതുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന് പ്രതികരിച്ചു.

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രാജ്യം കൊവിഡ് മഹാമാരിക്ക് എതിരെ പൊരുതിക്കൊണ്ടിരിക്കുകയാണ്. ഈ വാക്സിന് കൊവിഡ് വൈറസിന് എതിരെ മൃതസഞ്ജീവനി പോലെ പ്രവര്‍ത്തിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ദില്ലി എയിംസില്‍ എത്തിയാണ് ഡോ. ഹര്ഷവര്ധന് കൊവിഡ് വാക്സിനേഷന് യജ്ഞത്തിന് നേതൃത്വം നല്‍കിയത്.
കൊവിഡ് വാക്സിനേഷന്റെ ആദ്യ ദിനമായ ഇന്ന് 3 ലക്ഷം ആരോഗ്യ പ്രവര്‍ത്തകരും കൊവിഡ് മുന്‍നിര പോരാളികളും അടക്കമുളളവര്‍ക്കാണ് വാക്സിനേഷന് നടത്തിയിരിക്കുന്നത്.. കൊവാക്സിന്, കൊവിഷീല്‍ഡ് എന്നീ വാക്സിനുകള്‍ക്കാണ് രാജ്യത്ത് ഉപയോഗത്തിനുളള അനുമതി നല്‍കിയിരിക്കുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കൊവിഡ് വാക്സിനേഷന് നടത്തി. രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ ആയിരുന്നു വാക്സിനേഷന് യജ്ഞം.
ശുചീകരണ തൊഴിലാളി ആയ മനീഷ് കുമാറില്‍ ആണ് രാജ്യത്തെ ആദ്യത്തെ കൊവിഡ് വാക്സിന് കുത്തിവെപ്പ് നടത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ സാന്നിധ്യത്തില്‍ ആയിരുന്നു കുത്തിവെപ്പ്. ദില്ലിയില്‍ എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ കൊവിഡ് വാക്സിന് സ്വീകരിച്ചു. കൊവിഷീല്‍ഡ് വാക്സിന് നിര്‍മ്മിക്കുന്ന പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാല വാക്സിന് സ്വീകരിച്ചു. വിജയകരമായ കൊവിഡ് വാക്സിനേഷന് യജ്ഞത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പൂനവാല അഭിനന്ദിച്ചു.