വചതി കൂട്ടബലാത്സംഗകേസ്; പ്രതികളായ 215 സർക്കാർ ഉദ്യോഗസ്ഥരുടെ ശിക്ഷ ശരിവെച്ച് മദ്രാസ് ഹൈക്കോടതി
ചെന്നൈ: തമിഴ്‌നാട്ടില്‍ 18 സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിനിരയായ വചതി കേസില്‍ ഉൾപ്പെട്ട 215 പേരുടേയും ശിക്ഷ ശരിവെച്ച് മദ്രാസ് ഹൈക്കോടതി.സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കുകയും നൂറോളം ഗ്രാമവാസികളെ ക്രൂരമായി തല്ലിച്ചതയ്ക്കുകയും ചെയ്ത കേസിൽ വനംവകുപ്പ്, പോലീസ് , റവന്യൂ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരാണ് പ്രതികൾ. കീഴ്‌ക്കോടതിയുടെ 2011ലെ ഉത്തരവ് ശരിവെച്ച ഹൈക്കോടതിപ്രതികൾ നൽകിയ അപ്പീൽ തള്ളുകയും ചെയ്തു. കീഴ്‌ക്കോടതി പ്രതികൾക്ക് 1 മുതൽ 10 വർഷം വരെയാണ് തടവ് ശിക്ഷ വിധിച്ചത്.
ബലാത്സംഗത്തെ അതിജീവിച്ച 18 പേർക്ക് 10 ലക്ഷം രൂപ വീതം സർക്കാർ നഷ്ടപരിഹാരമായി നൽകാനും അതിൽ 5 ലക്ഷം രൂപ വീതം കുറ്റവാളികളിൽ നിന്നും ഈടാക്കാനും കോടതി ഉത്തരവിട്ടു. ഇരകൾക്ക് സർക്കാർ ജോലി നൽകുകയോ അല്ലെങ്കിൽ അവരകുടെ കുടുംബങ്ങളെ സ്വയം തൊഴിലിന് പിന്തുണയ്ക്കുകയോ ചെയ്യണമെന്നും കോടതി ഉത്തരവിൽ പറഞ്ഞു.

കേസിലെ 269 പ്രതികളിൽ 126 പേർ വനംവകുപ്പ് ഉദ്യോഗസ്ഥരും 84 പോലീസ് ഉദ്യോഗസ്ഥരും അഞ്ച് റവന്യൂ ഉദ്യോഗസ്ഥരുമാണ്. 12 വർഷം മുന്‌പ് തന്നെ ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. പ്രതികളിൽ 54 പേരും വിധി വരുന്നതിന് മുമ്പ് മരിച്ചിരുന്നു.
പ്രതികൾക്കെതിരെ നടപടിയെടുക്കുന്നതിൽ വീഴ്ച വരുത്തിയ അന്നത്തെ ജില്ലാ കളക്ടർ, പോലീസ് സൂപ്രണ്ട് (എസ്പി), ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) എന്നിവർക്കെതിരെ കർശന നടപടിയെടുക്കാനും കോടതി സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്.
1992 ജൂണ്‍ 20നാണ് രാജ്യത്തെ തന്നെ ഞെട്ടിച്ച സംഭവം നടന്നത്. ധർമ്മപുരി അരൂരിലെ കൽവരയൻ മലനിരയുടെ താഴ്വരയിലുള്ള വചതി ഹിൽ വില്ലേജിൽ വിരപ്പൻ വേട്ടയുടെ മറവിലാണ് ഗോത്ര വർഗക്കാരായ 18 സ്ത്രീകളെ പ്രതികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.
വനം വകുപ്പിലെ 155 ഉദ്യോഗസ്ഥരും പോലീസിലെ 108 ഉദ്യോഗസ്ഥരും റവന്യൂ വകുപ്പിലെ 6 പേരും ഉള്‍പ്പെടെ 269 അംഗങ്ങള്‍ അടങ്ങുന്ന സംയുക്ത സംഘമായിരുന്നു ചന്ദനം കടത്തലും വില്‍പനയും സംബന്ധിച്ച് ഗ്രാമത്തിൽ റെയ്ഡ് നടത്തിയത്. റെയ്ഡിനിടെ ഗ്രാമത്തിലെ യുവതികളെ പോലീസ് വീടുകളില്‍ നിന്നും വലിച്ചിഴച്ച് കൊണ്ടുപോയി മരത്തില്‍ കെട്ടിയിട്ട് പീഡിപ്പിക്കുകായയിരുന്നു. അവരുടെ വീടുകൾ കൊള്ളയടിക്കുകയും ചെയ്തിരുന്നു. 2011 സെപ്റ്റംബര്‍ 29 ധര്‍മ്മപുരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കുമാരഗുരു പ്രതികളെ എല്ലാവരേയും ശിക്ഷിച്ചിരുന്നു.












Click it and Unblock the Notifications