വന്ദേ ഭാരത് 4.0 മാത്രമല്ല അമൃത് ഭാരത് 4.0 യും വരുന്നു: മണിക്കൂറില്‍ 320 കി.മീ വേഗതയില്‍ ബുള്ളറ്റ് ട്രെയിനും
കഴിഞ്ഞ പത്ത് വർഷത്തിനുള്ളില്‍ ഇന്ത്യന്‍ റെയില്‍വെ സ്വന്തമാക്കിയത് സമാനതകളില്ലാത്ത നേട്ടങ്ങളെന്ന് കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി അശ്വിനി വൈശ്ണവ്. കഴിഞ്ഞ 11 വർഷങ്ങളിൽ ഇന്ത്യൻ റെയിൽവെ ചരിത്രത്തിലെ ഏറ്റവും വലിയ ആധുനികവൽക്കരണ പദ്ധതി നടപ്പാക്കുകയും രാജ്യത്തിന്റെ ഗതാഗത മേഖലയെ വിപ്ലവകരമായി മാറ്റിമറിക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
35000 കിലോമീറ്റർ പുതിയ റെയിൽപാളങ്ങൾ നിർമിച്ചതിന് പുറമെ 46000 കിലോമീറ്റർ ട്രാക്കുകൾ വൈദ്യുതീകരിച്ചു. ഏകദേശം 40,000 പുതിയ കോച്ചുകളും ഇക്കാലയളവില്‍ നിർമിച്ചു. ഇത്തരത്തില്‍ ഇതുവരെ റെയിൽവേയുടെ ആധുനികവൽക്കരണത്തിന് ശക്തമായ ശ്രദ്ധ നൽകിയ 11 വർഷങ്ങളിലെ ഫലങ്ങൾ അതിശയകരമാണെന്നും റെയില്‍വേ വകുപ്പ് മന്ത്രി അവകാശപ്പെട്ടു.

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പുരോഗതിയും ശ്രദ്ധേയമാണ്, 325 കിലോമീറ്റർ ട്രാക്ക് ഇതിനകം പൂർത്തിയായി. ആദ്യ ഭാഗത്തിന്റെ പ്രവർത്തനം 2027 ല്‍ തന്നെ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. ഉയർന്ന വേഗതയിലുള്ള റെയിൽ കണക്റ്റിവിറ്റി ലക്ഷ്യമാക്കുന്ന ഈ പദ്ധതിയിലൂടെ വേഗത്തിലുള്ള യാത്രയോടൊപ്പം തന്നെ അത്യാധുനിക സൌകര്യങ്ങളും വാഗ്ധാനം ചെയ്യുന്നു.
ട്രെയിനുകളും അടിമുടി മാറി. രാജ്യത്ത് ഉടനീളം ഇപ്പോള്‍ ഓടുന്നത് ഏതാണ്ട് 156 വന്ദേ ഭാരത് എക്സ്പ്രസ് ഇപ്പോള്‍ സർവ്വീസ് നടത്തുന്നു. സ്ലീപ്പർ വന്ദേ ഭാരത് സർവ്വീസും ഉടന്‍ ട്രാക്കിലേക്ക് വരും. 30 അമൃത് ഭാരത് എക്സ്പ്രസ്, 4 നമോ ഭാരത് ട്രെയിനുകളും ഇപ്പോള്‍ നിലവിലുണ്ട്. 2047-ഓടെ വിക്സിത് ഭാരത് ദർശനത്തിന്റെ ഭാഗമായി 7,000 കിലോമീറ്റർ ഡെഡിക്കേറ്റഡ് പാസഞ്ചർ കോറിഡോറുകൾ നിർമിക്കുന്നതിലൂടെ വേഗത്തിലും വിശ്വസനീയവുമായ റെയിൽ സേവനങ്ങൾ ഉറപ്പാക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
ആധുനികവൽക്കരണത്തിന്റെ കാതൽ അടുത്ത 18 മാസത്തിനുള്ളിൽ അവതരിപ്പിക്കുന്ന വന്ദേ ഭാരത് 4.0 ആണ്. യാത്രാ സുഖം, വേഗത, സാങ്കേതികത എന്നിവയിൽ ആഗോള മാനദണ്ഡങ്ങൾ മറികടക്കുന്നവയായിരിക്കും ഇവ. ഉയർന്ന നിലവാരത്തിലുള്ള ടോയ്‌ലറ്റുകൾ, മെച്ചപ്പെടുത്തിയ സീറ്റിംഗ്, മികച്ച കോച്ച് വർക്ക്‌മാൻഷിപ്പ്, അത്യാധുനിക പാസഞ്ചർ സൗകര്യങ്ങൾ എന്നിവയുള്ള ഈ ട്രെയിനുകൾ, നിലവിലെ വന്ദേ ഭാരത് 3.0-ന്റെ 52 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗം കൂടുതൽ മെച്ചപ്പെടുത്തും.
അമൃത് ഭാരത് 4.0-ലേക്ക് മാറുന്ന അമൃത് ഭാരത് ട്രെയിനുകൾ പുഷ്-പുൾ ലോക്കോമോട്ടീവ് സാങ്കേതികതയും പുതിയ ഡിസൈനിലെ കോച്ചുകളും സജ്ജമാക്കും. പുതുതലമുറ പാസഞ്ചർ ലോക്കോമോട്ടീവുകൾ 36 മാസത്തിനുള്ളിൽ ടെസ്റ്റിംഗിന് തയ്യാറാകും. സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി സ്വദേശീയ കവച് 4.0 ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ സിസ്റ്റം വലിയ തോതിൽ വിന്യസിക്കപ്പെട്ടു. 350 കിലോമീറ്റർ വേഗത്തിലുള്ള ട്രെയിനുകൾക്കായുള്ള കവച് 5.0 വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
പൂർണമായും ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത് നിർമിച്ച 2400 ഹോർസ്‌പവർ ഹൈഡ്രജൻ പവർഡ് ട്രെയിൻ വിജയകരമായി വികസിപ്പിച്ചതാണ് മറ്റൊരു പ്രധാന നേട്ടം. ഇന്ത്യൻ റെയിൽവേയ്ക്ക് വേണ്ടി പൂർണമായും സ്വദേശത്ത് രൂപകൽപ്പന ചെയ്ത നിർമിച്ച ഈ നേട്ടം ഗ്രീന്‍ ഗതാഗതത്തിലേക്കുള്ള നാഴികക്കല്ലാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആധുനിക ഇന്ത്യയുടെ അഭിലാഷങ്ങൾ പൂർണമായി നിറവേറ്റുകയാണ് റെയിൽവേയുടെ പ്രധാന ലക്ഷ്യമെന്നും അശ്വിനി വൈഷ്ണവ് പറയുന്നു.
ആധുനിക ഇന്ത്യയുടെ പ്രതീക്ഷകൾ നിറവേറ്റാൻ ലോകത്തിലെ ഏറ്റവും മികച്ചത് റെയിൽവേകൾ വാങ്ങണം. ഗുണനിലവാരം ഇല്ലാത്ത ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. എല്ലാ മേഖലയിലേയും ഏറ്റവും മികച്ചത് ആയിരിക്കണം റെയില്‍വേക്ക് വേണ്ടതെന്നും കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications