വന്ദേ ഭാരത് കുതിക്കുന്നത് 8 മണിക്കൂറില്‍ 890 കി.മീ: ഇതാണ് രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ വന്ദേഭാരത് റൂട്ട്
2019-ൽ ആരംഭിച്ച വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ സർവ്വീസ് രാജ്യത്തെ റെയില്‍വേ സംവിധാനത്തെ ആധുനികവത്കരിക്കുന്നതില്‍ നാഴികകല്ലായി മാറിയിരിക്കുകയാണ്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി നിർമിക്കുന്ന ആധുനിക സെമി-ഹൈസ്പീഡ് ട്രെയിനുകൾ നിലവിൽ 150 ലേറെ റൂട്ടുകളിലാണ് സർവ്വീസ് നടത്തുന്നത്. യാത്രക്കാരുടെ വർധിച്ച ആവശ്യം കണക്കിലെടുത്ത് 8-കോച്ച്, 16-കോച്ച്, 20-കോച്ച് എന്നീ മൂന്ന് കോച്ച് കോൺഫിഗറേഷനുകളും റെയിൽവേ അവതരിപ്പിച്ചിട്ടുണ്ട്.
ദൈർഘ്യമേറിയ വന്ദേഭാരത് റൂട്ട്
നിലവില്‍ ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ വന്ദേഭാരത് റൂട്ട് മഹാരാഷ്ട്രയിലെ നാഗ്പൂർ, പൂനെ നഗരങ്ങളെ ബന്ധിപ്പിക്കുന്ന അജ്നി-പൂനെ സർവ്വീസാണ്. അജ്നി (നാഗ്പൂർ) മുതൽ പൂനെ വരെ ഈ ട്രെയിൻ ഏകദേശം 890 കിലോമീറ്റർ ദൂരമാണ് ഈ ട്രെയിന്‍ സഞ്ചരിക്കുന്നത്. നാഗ്പൂർ-വാർധ-ഭുസാവൽ-നാശിക്-ദൗണ്ട് വഴി പൂനെ എത്തുന്ന ഈ സർവ്വീസ് ഏറെ ജനപ്രിയമാണ്. മഹാരാഷ്ട്രയുടെ പ്രധാന വ്യവസായ, കൃഷി, വിദ്യാഭ്യാസ കേന്ദ്രങ്ങൾ എല്ലാം ഉൾപ്പെടുന്ന അജ്നി-പൂനെ സർവ്വീസിലെ ബുക്കിങ് എല്ലാ സമയത്തും ഫുള്ളാണ്.

യാത്രാസമയം
മുമ്പ് ഈ റൂട്ടിൽ ട്രെയിനുകൾക്ക് 13 മണിക്കൂറിലധികം സമയമെടുത്തിരുന്നെങ്കിലും, വന്ദേ ഭാരത് ട്രെയിൻ അത് 8 മണിക്കൂർ 20 മിനിറ്റിൽ പൂർത്തിയാക്കും എന്നതാണ് ശ്രദ്ധേയം. വിദ്യാർത്ഥികള്‍ക്കും ഉദ്യോഗസ്ഥർക്കുമാണ് സർവ്വീസ് ഏറെ സഹായകരമായി മാറിയിരിക്കുന്നത്. ടൂറിസം മേഖലയിലും സർവ്വീസ് നിർണ്ണായക സ്വാധീനം ചെലുത്തുന്നു.
ടിക്കറ്റ് നിരക്ക്
അജ്നി-പൂനെ വന്ദേഭാരത് സർവ്വീസിലെ ചെയർ കാർ ടിക്കറ്റ് ഏകദേശം 1570 രൂപയാണ്. എക്സിക്യൂട്ടീവ് ചെയർ കാർ ടിക്കറ്റ് 2890 വരെ വരും (ഭക്ഷണച്ചെലവ് ഉൾപ്പെടെ). വിലയിൽ ചെറിയ വ്യത്യാസങ്ങൾ ദിവസത്തിനനുസരിച്ച് വരാം.
സൗകര്യങ്ങൾ
മറ്റു വന്ദേ ഭാരത് ട്രെയിനുകളെപ്പോലെ, ഇതിലും പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത കോച്ചുകൾ, ഓട്ടോമാറ്റിക് സ്ലൈഡിംഗ് ഡോറുകൾ, റിക്ലൈനിംഗ് സീറ്റുകൾ, എൽ ഇ ഡി ലൈറ്റുകൾ, ബയോ ടോയ്ലറ്റുകൾ, ഇൻഫർമേഷൻ ഡിസ്പ്ലേ പാനലുകൾ എന്നിവയുണ്ട്. കൂടാതെ, യാത്രയ്ക്കിടെ സൗജന്യ വൈഫൈയും ലഭ്യമാണ്.
കേരളത്തില്‍ മൂന്നാമത്തെ സർവ്വീസ്
അതേസമയം ബെംഗളൂരു-കൊച്ചി വന്ദേ ഭാരത് എക്സ്പ്രസ് അടുത്താഴ്ച മുതൽ സർവീസ് ആരംഭിക്കും. കെ എസ് ആർ ബെംഗളൂരു മുതൽ എറണാകുളം ജംഗ്ഷൻ വരെ ഓടുന്ന ഈ ട്രെയിൻ, കേരളത്തിലെ മൂന്നാമത്തെ വന്ദേ ഭാരത് സർവീസായിരിക്കും. നിലവിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം-കാസർഗോഡ്, തിരുവനന്തപുരം-മംഗളൂരു വന്ദേ ഭാരത് ട്രെയിനുകൾക്ക് ശേഷം ഇത് സംസ്ഥാനത്തിന് ലഭിക്കുന്ന മറ്റൊരു ഹൈസ്പീഡ് കണക്ഷനാണ്.
ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും ട്രെയിൻ ഓടാൻ റെയിൽവേ ബോർഡ് അനുമതി നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പുതിയ സർവീസ് ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷ.
ട്രെയിൻ ഷെഡ്യൂൾ
ട്രെയിൻ നമ്പർ 26651 കെ എസ്ആ ർ. ബെംഗളൂരുവിൽ നിന്ന് രാവിലെ 5:10-ന് പുറപ്പെടും. കൃഷ്ണരാജപുരം (5:35 AM), സേലം (8:13-8:15 AM), ഈറോഡ് (9:00-9:05 AM), തിരുപ്പൂർ (9:45-9:47 AM), കോയമ്പത്തൂർ (10:20-10:23 AM), പാലക്കാട് (11:05-11:07 AM), തൃശൂർ (11:45-11:47 AM) എന്നീ പ്രധാന സ്റ്റേഷനുകളിൽ നിൽക്കും. ഉച്ചയ്ക്ക് 1:50-ന് ട്രെയിൻ എറണാകുളം ജംഗ്ഷനിൽ എത്തും.
ദക്ഷിണേന്ത്യയിലെ രണ്ടുപ്രധാന നഗരങ്ങളായ ബെംഗളൂരും കൊച്ചിയും തമ്മിലുള്ള ഈ വന്ദേ ഭാരത് സേവനം, യാത്രാസമയം ഗണ്യമായി കുറയ്ക്കുകയും ബിസിനസ്, ടൂറിസം, വിദ്യാഭ്യാസ മേഖലകൾക്ക് പുതിയ ഉണർവ് നൽകുമെന്നും റെയിൽവേ അധികൃതർ പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications