വന്ദേ ഭാരത് യാത്രക്കാർക്ക് ആശ്വാസ വാർത്ത! ട്രെയിൻ വൈകിയാൽ ഭക്ഷണം ഫ്രീയായി സീറ്റിലെത്തും
ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായ വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്ക് ഏറെ ആശ്വാസം നൽകുന്ന വലിയൊരു പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ഐആർസിടിസി. വന്ദേ ഭാരത് ട്രെയിനുകൾ യാത്രയ്ക്കിടയിൽ രണ്ട് മണിക്കൂറോ അതിൽ കൂടുതലോ സമയമോ വൈകുകയാണെങ്കിൽ, യാത്രക്കാർക്ക് ഇനി മുതൽ സൗജന്യമായി ഭക്ഷണവും ലഘുഭക്ഷണങ്ങളും നൽകും. രാജ്യത്തെ ട്രെയിൻ യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ റെയിൽവേയുടെ ഈ പുതിയ നടപടി.
മുൻപ് രാജധാനി, ശതാബ്ദി, ദുരന്തോ തുടങ്ങിയ പ്രീമിയം വിഭാഗത്തിൽപ്പെടുന്ന ട്രെയിനുകൾക്ക് മാത്രമായിരുന്നു ഈ ആനുകൂല്യം റെയിൽവേ അനുവദിച്ചിരുന്നത്. എന്നാൽ വന്ദേ ഭാരത് ട്രെയിനുകളുടെ സർവീസുകൾ രാജ്യത്തുടനീളം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, ഈ സൗജന്യ ഭക്ഷണ നിയമത്തിന്റെ പരിധിയിലേക്ക് വന്ദേ ഭാരത് എക്സ്പ്രസ്സുകളെക്കൂടി ഔദ്യോഗികമായി ഉൾപ്പെടുത്താൻ റെയിൽവേ തീരുമാനിക്കുകയായിരുന്നു. ഏതെങ്കിലും ഒരു പ്രത്യേക സംസ്ഥാനത്തോ റൂട്ടിലോ ഉള്ള ട്രെയിനുകൾക്ക് മാത്രമല്ല, ഇന്ത്യയിലുടനീളം സർവീസ് നടത്തുന്ന എല്ലാ വന്ദേ ഭാരത് ട്രെയിനുകൾക്കും ഈ പുതിയ പരിഷ്കാരം ഒരേപോലെ ബാധകമാണ്.
ആർക്കൊക്കെ ഈ സൗജന്യ ഭക്ഷണം ലഭിക്കും?
വന്ദേ ഭാരതിൽ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കും ഈ സൌകര്യം ലഭിക്കില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് താഴെ പറയുന്ന നിബന്ധനകൾ പാലിച്ചവർക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭ്യമാകുക.

കാറ്ററിങ് ഓപ്ഷൻ നിർബന്ധം: ടിക്കറ്റ് റിസർവ് ചെയ്യുന്ന വേളയിൽ 'Catering Option' (ഭക്ഷണം വേണം എന്ന ഓപ്ഷൻ) തിരഞ്ഞെടുത്ത് അതിനായുള്ള തുക കൂടി ടിക്കറ്റ് നിരക്കിനൊപ്പം അടച്ച യാത്രക്കാർക്ക് മാത്രമായിരിക്കും ട്രെയിൻ വൈകുന്ന സാഹചര്യങ്ങളിൽ ഈ സൌജന്യ അധിക ഭക്ഷണം യാത്രക്കാർക്ക് ലഭിക്കും.
'നോ ഫുഡ്' ഓപ്ഷൻ: ടിക്കറ്റ് ബുക്കിങ് സമയത്ത് 'No Food' ഓപ്ഷൻ തിരഞ്ഞെടുത്ത യാത്രക്കാർക്ക് ട്രെയിൻ എത്ര മണിക്കൂർ വൈകിയാലും ഈ സൌജന്യ ഭക്ഷണത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല.
എന്തൊക്കെ ഭക്ഷണങ്ങളാണ് ലഭിക്കുക?
ട്രെയിൻ വൈകുന്ന സമയത്തെ അടിസ്ഥാനമാക്കിയാണ് യാത്രക്കാർക്ക് നൽകേണ്ട ഭക്ഷണത്തിന്റെ മെനു ഐആർസിടിസി നിശ്ചയിക്കുന്നത്. രാവിലെ, ഉച്ചയ്ക്ക്, വൈകുന്നേരം, രാത്രി എന്നിങ്ങനെ ട്രെയിൻ എപ്പോഴാണോ വൈകുന്നത് ആ സമയത്തിനനുസരിച്ചുള്ള ആഹാര പദാർത്ഥങ്ങൾ യാത്രക്കാരുടെ സീറ്റുകളിൽ നേരിട്ടെത്തിക്കും.
രാവിലെയോ വൈകുന്നേരമോ ആണെങ്കിൽ: ട്രെയിൻ വൈകുന്നത് രാവിലെ പ്രഭാതഭക്ഷണത്തിന്റെ സമയത്തോ വൈകുന്നേരത്തെ ചായയുടെ സമയത്തോ ആണെങ്കിൽ ചായ, കാപ്പി, ബിസ്ക്കറ്റ്, ബ്രെഡ്-ബട്ടർ തുടങ്ങിയ ലഘുഭക്ഷണങ്ങൾ ലഭിക്കും.
ഉച്ചയ്ക്കോ രാത്രിയിലോ ആണെങ്കിൽ: ഊണിന്റെയോ അത്താഴത്തിന്റെയോ സമയത്താണ് ട്രെയിൻ 2 മണിക്കൂറിലധികം വൈകുന്നതെങ്കിൽ ചോറ്, ദാൽ, കറി, അച്ചാർ എന്നിവയടങ്ങിയ പൂർണ്ണമായ ലഞ്ചോ ഡിന്നറോ അല്ലെങ്കിൽ കൃത്യമായി പാക്ക് ചെയ്ത മറ്റ് ഗുണനിലവാരമുള്ള ഭക്ഷണങ്ങളോ യാത്രക്കാർക്ക് നൽകും. മോശം കാലാവസ്ഥയോ സാങ്കേതിക തകരാറുകളോ കാരണം വന്ദേ ഭാരത് ട്രെയിനുകൾ വൈകുമ്പോൾ യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കാൻ റെയിൽവേയുടെ ഈ പുതിയ തീരുമാനം ഏറെ സഹായിക്കും.












Click it and Unblock the Notifications