വന്ദേ ഭാരതില്‍ പ്ലാസ്റ്റിക് കവറില്‍ ചൂട് റൊട്ടി; ഓവനില്‍ പാക്കറ്റോടെ ചൂടാക്കിയെന്ന് സമ്മതിച്ച് ജീവനക്കാരന്‍
യാത്രക്കാര്‍ക്ക് പ്രീമിയം സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന വന്ദേഭാരത് എക്‌സ്പ്രസില്‍ ഭക്ഷണത്തെക്കുറിച്ചുള്ള പരാതികള്‍ ഇടയ്ക്കിടെ ഉയര്‍ന്നു കേള്‍ക്കാറുണ്ട്. യാത്ര ചെയ്യുന്ന സമയത്തിനനുസരിച്ച് പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരത്തെ ലഘുഭക്ഷണം, അത്താഴം എന്നിവ നല്‍കുന്നുണ്ട്. മികച്ച ഭക്ഷണമാണ് നല്‍കുന്നതെന്ന് റെയില്‍വേ അവകാശപ്പെടുമ്പോഴും യാത്രക്കാരില്‍ നിന്ന് ഉയരുന്ന പരാതികള്‍ ഗൗരവമേറിയതാണ്.
വന്ദേഭാരത് എക്‌സ്പ്രസില്‍ വിതരണം ചെയ്ത ഭക്ഷണത്തെക്കുറിച്ച് യാത്രക്കാരി ഉയര്‍ത്തിയ പരാതി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. പ്രയാഗ്‌രാജില്‍ (അലഹബാദ്) നിന്ന് ഡല്‍ഹിയിലേക്ക് യാത്ര ചെയ്ത അവനി ബന്‍സാല്‍ എന്ന യാത്രക്കാരിയാണ് പ്ലാസ്റ്റിക് കവറിനുള്ളില്‍ നേരിട്ട് ചൂടാക്കിയ റൊട്ടിയും (ഫുല്‍ക്ക) കച്ചോരിയും (രാജസ്ഥാന്‍ വിഭവം) തനിക്ക് ലഭിച്ചുവെന്ന ഗൗരവകരമായ ആരോപണം ഉന്നയിച്ചത്. ഇതേക്കുറിച്ച് അവര്‍ പങ്കുവെച്ച വീഡിയോയില്‍, ഭക്ഷണപ്പൊതി മൈക്രോവേവ് മെഷീനില്‍ വെച്ച് ചൂടാക്കിയതാണോ എന്ന് ജീവനക്കാരനോട് ചോദിക്കുന്നതും കാണാം. പ്ലാസ്റ്റിക് പാക്കറ്റില്‍ ഭക്ഷണം ചൂടാക്കാന്‍ പാടില്ലെന്നിരിക്കെ, അത് ലംഘിക്കപ്പെട്ടുവെന്ന് ജീവനക്കാരന്‍ സമ്മതിക്കുന്നതും വീഡിയോയിലുണ്ട്.

ഈ പ്ലാസ്റ്റിക് കവറുകള്‍ ഭക്ഷണം സൂക്ഷിക്കാന്‍ മാത്രമുള്ളതാണെന്നും അവ ഉയര്‍ന്ന താപനിലയില്‍ ചൂടാക്കാന്‍ പാടുള്ളതല്ലെന്നും യാത്രക്കാരി ചൂണ്ടിക്കാട്ടി. ഇത്തരം പ്ലാസ്റ്റിക് പാക്കറ്റുകള്‍ മൈക്രോവേവില്‍ വെച്ച് ചൂടാക്കുമ്പോള്‍ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ ഭക്ഷണത്തില്‍ കലരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ബിസ്ഫെനോള്‍, താലേറ്റുകള്‍ തുടങ്ങിയ രാസഘടകങ്ങള്‍ ഉയര്‍ന്ന ചൂടില്‍ ഭക്ഷണത്തിലേക്ക് പടരുന്നത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. പ്ലാസ്റ്റിക് ഉയര്‍ന്ന താപനിലയില്‍ എത്തുമ്പോഴാണ് ഈ രാസവസ്തുക്കള്‍ പുറത്തുവരാന്‍ കൂടുതല്‍ സാധ്യതയുള്ളത്.
സംഭവം വിവാദമായതോടെ ഐആര്‍സിടിസി ഔദ്യോഗികമായി മറുപടി നല്‍കിയിട്ടുണ്ട്. യാത്രക്കാരി നേരിട്ട അസൗകര്യത്തില്‍ ക്ഷമ ചോദിച്ച റെയില്‍വേ, പരാതി പരിഹരിക്കുന്നതിനായി യാത്രയുടെ വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രക്കാരിയുടെ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെ ഐആര്‍സിടിസി ചോദിച്ചിട്ടുണ്ട്.
അതേസമയം, ട്രെയിനുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെയും വിതരണക്കാരുടെ സേവനത്തെയും വിമര്‍ശിച്ച് നിരവധി ആളുകള്‍ രംഗത്തെത്തി. പ്രീമിയം ട്രെയിനുകളില്‍ പോലും ഭക്ഷണ കാര്യത്തില്‍ ഇത്രയും അശ്രദ്ധ കാണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് പൊതുജനാഭിപ്രായം. ഭക്ഷണം ചൂടാക്കാന്‍ ഗ്ലാസ് അല്ലെങ്കില്‍ സെറാമിക് പാത്രങ്ങള്‍ ഉപയോഗിക്കുന്നതാണ് സുരക്ഷിതമെന്നും പ്ലാസ്റ്റിക് ഒഴിവാക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.












Click it and Unblock the Notifications