വന്ദേഭാരത് ദൌത്യം: യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് എയർ ഇന്ത്യ സർവീസ്, ബുക്കിംഗ് തുടങ്ങി!
ദില്ലി: യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസിന് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് എയർ ഇന്ത്യ. കൊറോണ വൈറസ് വ്യാപനത്തിനിടെ മറ്റ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ രാജ്യത്ത് തിരിച്ചെത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൌത്യത്തിന്റെ മൂന്നാം ഘട്ടത്തിലാണ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് എയർ ഇന്ത്യ സർവീസ് ആരംഭിക്കുന്നത്.
രാഹുൽ ഗാന്ധിക്ക് മറുപടി; ചൈന ഇന്ത്യൻ അതിർത്തി കൈവശപ്പെടുത്തിയിട്ടുണ്ട്, പക്ഷേ കോൺഗ്രസ് കാലത്താണ്

സർവീസ് തുടരും
ഇന്ത്യയിലേക്ക് മടങ്ങേണ്ട യാത്രക്കാർ അതാത് രാജ്യത്തെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്ത ശേഷം എയർ ഇന്ത്യ വെബ്സൈറ്റിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുകയാണ് വേണ്ടത്. വന്ദേഭാരത് പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം വർധിച്ചതോടെ കമേർഷ്യൽ വിമാന സർവീസ് ആരംഭിക്കുന്നത് വരെ വന്ദേഭാരത് ദൌത്യം തുടരാനാണ് സർക്കാരിന്റെ തീരുമാനം.

ജൂൺ 30വരെ സർവീസ്
മൂന്നാം ഘട്ടത്തിൽ വടക്കേ അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും ജൂൺ ഒമ്പത് മുതൽ ജൂൺ 30 വരെ 300 വിമാന സർവീസുകളാണ് ഉണ്ടാകുക. വടക്കേ അമേരിക്കയിലേക്കും കാനഡയിലേക്കുമായി 75 വിമാനങ്ങൾക്കാണ് എയർ ഇന്ത്യ ബുക്കിംഗ് ആരംഭിച്ചത്. വിമാനങ്ങൾക്ക് ആവശ്യക്കാർ വർധിച്ചതോടെ ബുക്കിംഗ് തുടങ്ങി ആദ്യ മണിക്കൂറുകൾക്കുള്ളിൽ തന്നെ 22000 കടന്നിരുന്നു. വെബ്സൈറ്റിൽ തിരക്ക് വർധിച്ചതോടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുന്നില്ലെന്നാണ് പലരും ഉന്നയിച്ച പരാതി.

ജൂൺ എട്ട് മുതൽ ബുക്കിംഗ്
ജൂൺ എട്ട് മുതൽ യുഎസിൽ നിന്നും കാനഡയിൽ നിന്നും ഇന്ത്യയിലേക്കുള്ള സർവീസിന് കമ്പനി ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നും വന്ദേഭാരത് ദൌത്യത്തിന് കീഴിലുള്ള ഒഴിപ്പിക്കൽ വിമാനത്തിൽ ഇന്ത്യയിലേക്ക് മടങ്ങേണ്ട ഇന്ത്യൻ പൌരന്മാർക്കും ഒസിഐ കാർഡ് ഉടമകൾക്കും എയർ ഇന്ത്യ വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് എയർ ഇന്ത്യ ട്വീറ്റിലാണ് അറിയിച്ചത്. ജൂൺ 11 മുതൽ 20 വരെയാണ് ഇരു രാജ്യങ്ങളിൽ നിന്നും എയർ ഇന്ത്യ സർവീസ് നടത്തുന്നത്.

66,831 പ്രവാസികൾ തിരിച്ചെത്തി
വന്ദേഭാരത് ദൌത്യത്തിന് കീഴിൽ എയർ ഇന്ത്യ 66,831 പ്രവാസികളെയാണ് രാജ്യത്തേക്ക് തിരിച്ചെത്തിച്ചത്. എയർ ഇന്ത്യ 17,180 യാത്രക്കാരെയാണ് 369 വിമാനങ്ങളിലായി തിരിച്ചെത്തിച്ചതെന്നാണ് കേന്ദ്ര വ്യോമയാന വകപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി ചൂണ്ടിക്കാണിക്കുന്നത്. ജൂൺ അഞ്ച് മുതൽ എയർ ഇന്ത്യ യുഎസ്, യുകെ, കാനഡ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നു.

രണ്ട് ഘട്ടം പൂർത്തിയായി
കൊറോണ വ്യാപനത്തോടെ രാജ്യവ്യാപക ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ മാർച്ച് 25 ഓടെയാണ് രാജ്യത്ത് വിമാന സർവീസ് നിർത്തിവെച്ചത്. തുടർന്ന് വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ തിരികെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസർക്കാർ മെയ് ഏഴ് മുതൽ വന്ദേഭാരത് ദൌത്യം ആരംഭിക്കുന്നത്. വന്ദേഭാരതിന്റെ രണ്ട് ഘട്ടമാണ് ഇതിനകം പൂർത്തിയായിട്ടുള്ളത്.