വന്ദേ ഭാരതിന്റെ ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ നീക്കം; ഈ റൂട്ടുകളിലെ നിരക്ക് കുറഞ്ഞേക്കും
ന്യൂഡൽഹി: വന്ദേ ഭാരത് ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ ആലോചന നടക്കുന്നതായി റിപ്പോർട്ടുകൾ. കൂടുതൽ യാത്രക്കാരേയും വിനോദസഞ്ചാരികളേയും ആകർഷിക്കുന്നതിന് വേണ്ടിയാണ് പുതിയ നീക്കം.
ടിക്കറ്റ് നിരക്ക് കുറയ്ക്കുകയാണെങ്കിൽ കൂടുതൽ ആളുകൾ യാത്ര ചെയ്യാൻ എത്തുമെന്നാണ് പ്രതീക്ഷ. എന്നാൽ ചില റൂട്ടുകളിൽ മാത്രമാണ് യാത്രക്കാർ കുറവ് എന്നാണ് റെയിൽവേ പറയുന്നത്. വന്ദേ ഭാരത് എക്‌സ്പ്രസിന്റെ നിരക്ക് ട്രെയിൻ റൂട്ട് ക്ലാസ് എന്നിവ അനുസരിച്ചാണ് വ്യത്യാസപ്പെടുന്നത്.

ചില ഹ്രസ്വദൂര വന്ദേ ഭാരത് സർവീസുകളിലെ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്ന കാര്യമാണ് റെയിൽവേ പരിഗണിക്കുന്നത്. ഇൻഡോർ-ഭോപ്പാൽ, ഭോപ്പാൽ-ജബൽപുർ, നാഗ്പൂർ-ബിലാസ്പൂർ തുടങ്ങിയ ചില റൂട്ടുകളിൽ യാത്രക്കാർ കുറവാണെന്നാണ് വിലയിരുത്തുന്നത്.
ഇൻഡോർ-ഭോപ്പാൽ വന്ദേ ഭാരത് എക്‌സ്‌പ്രസിൽ വൺവേ ടിക്കറ്റിന് 950 രൂപയാണ്. എന്നാൽ എക്സിക്യൂട്ടീവിൽ യാത്ര ചെയ്യാൻ 1525 രൂപയാണ്.
നാഗ്പൂർ-ബിലാസ്പൂർ നിരക്ക് വന്ദേ ഭാരത് എക്സിക്യൂട്ടീവ് നിരക്ക് 2045 രൂപയാണ്. സാധാരണ നിരക്ക് 1075 രൂപയാണ്. ഭോപ്പാൽ -ജബൽപൂർ നിരക്ക് 1055 രൂപയാണ്.
എക്സിക്യൂീവിന് നിരക്ക് 1880. ചില വന്ദേഭാരതിൽ മടക്ക യാത്രയ്ക്ക് നിരക്കിൽ വ്യത്യാസം വരുന്നുണ്ട്. ഇൻഡോർ -ഭോപ്പാൽ വന്ദേ ഭാരത് എക്സ്പ്രസിലെ നിരക്ക് 955 രൂപയാണ്. എക്സിക്യൂട്ടീവിന് നിരക്ക് വരുന്നത് 1770 രൂപയാണ്.
2019 ഫെബ്രുവരിയിൽ ആണ് രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി നിർവഹിച്ചത്. ന്യൂഡൽഹിക്കും ഉത്തർപ്രദേശിലെ വാരണാസിക്കും ഇടയിലാണ് ഈ വന്ദേഭാരത് സർവീസ് നടത്തുന്നത്. കഴിഞ്ഞ ഏപ്രിൽ 25നാണ് കേരളത്തിലെ വന്ദേഭാരത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
രാജ്യത്തെ 23 ജോഡി വന്ദേ ഭാരത് ട്രെയിനുകളിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നത് കാസർഗോഡ്- തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് ആണെന്ന ഔദ്യോഗിക കണക്ക് അടുത്തിടെ പുറത്തുവന്നിരുന്നു. ശരാശരി ഒക്യുപെൻസി റേറ്റ് 183 ശതമാനമാണ്. തിരുവനന്തപുരം- കാസർഗോഡ് വന്ദേ ഭാരത് എക്‌സ്‌പ്രസ് ആണ് തൊട്ടുപിന്നിൽ. 176 ശതമാനം ആണ് ഒക്യുപെൻസി.
കേരളത്തിലെ വന്ദേഭാരത് കഴിഞ്ഞാൽ ഗാന്ധിനഗർ- മുംബൈ ആണ് സെൻട്രൽ വന്ദേഭാരത് ആണ് തൊട്ടുപിന്നിൽ വരുന്നത്. 134 ശതമാനമാണ് റിസർവ് ചെയ്യുന്ന ആളുകളുടെ എണ്ണം . മറ്റ് ട്രെയിനുകളേക്കാൾ വേഗത്തിൽ എത്താൻ സാധിക്കും എന്നതാണ് വന്ദേ ഭാരതിന്റെ പ്രത്യേകതകളിൽ ഒന്ന്.












Click it and Unblock the Notifications