വന്ദേഭാരത് സ്ലീപ്പർ ബെംഗളൂരിലെത്തി;പരീക്ഷണ ഓട്ടം ഉടൻ,ആദ്യ സർവീസ് മുംബൈയിലേക്ക്?കേരളത്തിനും പ്രതീക്ഷ
ബെംഗളൂരു: കാത്തിരിപ്പിനൊടുവിൽ ബിഇഎംഎൽ നിർമ്മിച്ച രണ്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ബെംഗളൂരുവിലെത്തിച്ചു. ക്രാന്തിവീര സംഗൊള്ളി രായണ്ണ (കെഎസ്ആർ) റെയിൽവേ സ്റ്റേഷനിലെ കോച്ചിങ് ലൈനിലാണ് നിലവിൽ ട്രെയിനുകൾ ഉള്ളത്. സർവീസ് തുടങ്ങുന്നതിന് മുൻപ് സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കേണ്ടതുണ്ട്. പരീക്ഷണ ഓട്ടവും പൂർത്തിയാക്കണം. ഇതിനായി ട്രെയിനുകൾ ഉടൻ പിറ്റ് ലൈനിലേക്ക് മാറ്റുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. അതേസമയം ഈ ട്രെയിനുകൾ ഏത് റൂട്ടിലാണ് സർവീസ് നടത്തുകയെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
ട്രെയിനുകളുടെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ സംവിധാനങ്ങൾ, ബ്രേക്കിങ് ശേഷി, കമ്മ്യൂണിക്കേഷൻ സംവിധാനം, മറ്റ് സുരക്ഷാ ഫീച്ചറുകൾ എന്നിവയാണ് സാങ്കേതിക പരിശോധനയിൽ റെയിൽവെ വിലയിരുത്തുന്നത്. ഈ പരിശോധനകൾക്ക് ശേഷം മാത്രമേ ട്രെയിൻ സർവ്വീസിനായി ഉപയോഗിക്കാൻ അനുമതി ലഭിക്കുകയുള്ളൂ.

ബെംഗളൂരു - മുംബൈ വന്ദേഭാരത് സ്ലീപ്പർ സർവീസ് ഉടൻ?
സ്ലീപ്പർ കോച്ചുകൾ ബെംഗളൂരുവിൽ എത്തിയതോടെ വലിയ പ്രതീക്ഷയിലാണ് യാത്രക്കാർ. രാജ്യത്തെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ സർവ്വീസ് ഉടൻ തന്നെ നഗരത്തിന് ലഭിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ബെംഗളൂരുവിനും മുംബൈയ്ക്കും ഇടയിൽ വന്ദേ ഭാരത് സ്ലീപ്പർ സർവീസ് ഉടൻ ആരംഭിക്കുമെന്ന് അടുത്തിടെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു. ബെംഗളൂരു - മുംബൈ വന്ദേഭാരത് സ്ലീപ്പർ സർവീസ് യാഥാർത്ഥ്യമായാൽ കർണാടകയും മഹാരാഷ്ട്രയും തമ്മിലുള്ള യാത്രാ സമയം ഗണ്യമായി കുറയും. രാത്രികാലത്ത് വേഗതയേറിയ ട്രെയിൻ എന്നത് ദക്ഷിണ-ഉത്തര കർണാടകയിലെ യാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു .നിലവിൽ ഓടുന്ന ട്രെയിനുകൾ 20 മണിക്കൂറിന് മുകളിലാണ് സമയമെടുക്കുന്നത്.
അതേസമയം രണ്ട് സ്ലീപ്പർ ട്രെയിനുകൾ വളരെ വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കിയതോടെ മൂന്നാമത്തെ ട്രെയിൻ എവിടേക്കെന്ന ചോദ്യവും ഉണ്ട്. തൊട്ടടുത്ത കേരളത്തിന് പുതിയ സർവ്വീസ് ലഭിക്കുമോയെന്നും ഉറ്റുനോക്കുന്നുണ്ട്. നിലവിൽ വന്ദേഭാരതിന് ഏറ്റവും കൂടുതൽ ഒക്യുപെൻസി റേറ്റ് കേരളത്തിൽ സർവ്വീസ് നടത്തുന്ന വന്ദേഭാരതിനാണ്. മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് ആണ് ഇത്. ഈ ട്രെയിൻ തന്നെയാണ് വരുമാനത്തിൽ മുന്നിൽ നിൽക്കുന്നത്. എന്തായാലും റൂട്ടിന്റെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് യാത്രക്കാർ.
2019-ൽ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ്സ് സർവീസ് തുടങ്ങി ആറ് വർഷത്തിന് ശേഷമാണ് രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ സർവീസ് ആരംഭിച്ചത്. നോർത്ത് ഈസ്റ്റ് ഫ്രണ്ട്‌യർ റെയിൽവേയുടെ കീഴിൽ കാമാഖ്യ (ഗുവാഹത്തി) - ഹൗറ റൂട്ടിലാണ് ആദ്യ സർവീസ്. 972 കിലോമീറ്റർ ദൂരം 14 മണിക്കൂർ കൊണ്ടാണ് ഈ ട്രെയിൻ പിന്നിടുന്നത്. 800 മുതൽ 1,200 കിലോമീറ്റർ വരെയുള്ള രാത്രികാല യാത്രകൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഭാവിയിൽ രാജധാനി എക്സ്പ്രസ്സ് പോലുള്ള പ്രീമിയം ട്രെയിനുകൾക്ക് പകരമാകും.
സൗകര്യങ്ങൾ ഏറെ
ആകെ 16 കോച്ചുകളുള്ള ട്രെയിനിൽ 11 തേർഡ് എസി കോച്ചുകളും, 4 സെക്കൻഡ് എസി കോച്ചുകളും, ഒരു ഫസ്റ്റ് എസി കോച്ചുമാണുള്ളത്. തേർഡ് എസിയിൽ 611 പേർക്കും, സെക്കൻഡ് എസിയിൽ 188 പേർക്കും, ഫസ്റ്റ് എസിയിൽ 24 പേർക്കും ഉൾപ്പെടെ ആകെ 823 യാത്രക്കാർക്ക് ഒരേസമയം യാത്ര ചെയ്യാം.
പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത ട്രെയിനിൽ ഓട്ടോമാറ്റിക് ഡോറുകൾ, സിസിടിവി ക്യാമറകൾ, ബയോ വാക്വം ശുചിമുറികൾ, സെൻസർ ടാപ്പുകൾ, റീഡിങ് ലൈറ്റുകൾ, ചാർജിങ് പോയിന്റുകൾ എന്നിവയുണ്ടാകും. യാത്രക്കാർക്കായി വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങളും ലഭ്യമാക്കും. ട്രെയിനുകളുടെ സുരക്ഷയ്ക്കായുള്ള തദ്ദേശീയ സാങ്കേതികവിദ്യയായ 'കവച്', അടിയന്തര ഘട്ടങ്ങളിൽ സംസാരിക്കാനുള്ള ടോക്ക്-ബാക്ക് സംവിധാനം എന്നിവയും ഇതിലുണ്ട്.












Click it and Unblock the Notifications