'ഇന്ത്യ' എന്ന പേര് നിർദേശിച്ചത് മമതയെന്ന് തിരുമാവളവന്‍: ഇടതുപാർട്ടികള്‍ നല്‍കിയത് വീ ഫോർ ഇന്ത്യ
ബെംഗളൂരു: പ്രതിപക്ഷ സഖ്യത്തിന് 'ഇന്ത്യ' (ഇന്ത്യന്‍ നാഷണല്‍ ഡവലപ്മെന്‍റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) യെന്ന പേരിട്ടത് തൃണമൂല്‍ അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനർജി. യോഗശേഷം മാധ്യമങ്ങളോട് സംസാരിച്ച വിസികെ നേതാവ് തോല്‍ തിരുമാവളവനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ കക്ഷികള്‍ പല പേരുകളും നിർദേശിച്ചെങ്കിലും ഒടുവില്‍ മമത നിർദേശിച്ച പേരിന് യോഗം അംഗീകാരം നല്‍കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'സിവികെ പ്രതിനിധിയായി ഞാന്‍ നിർദേശിച്ചത് സേവ് ഇന്ത്യ അലൈന്‍സ് എന്ന പേരായിരുന്നു. ഇന്ത്യന്‍ പീപ്പിള്‍സ് അലൈന്‍സ് എന്ന പേര് വൈകോ നിർദേശിച്ചപ്പോള്‍ സിതാറാം യെച്ചൂരി, ഡി രാജ, ദീപാങ്കുർ ഭാട്ടാചാര്യ തുടങ്ങിയ ഇടത് കക്ഷികള്‍ മുന്നോട്ട് വെച്ചത് വീ ഫോർ ഇന്ത്യ എന്നായിരുന്നു. എന്നാല്‍ ചർച്ചകള്‍ക്കൊടുവില്‍ എല്ലാവരും ഇന്ത്യന്‍ നാഷണല്‍ ഡവലപ്മെന്‍റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് (ഇന്ത്യ) എന്ന പേരിന് അംഗീകാരം നല്‍കി' തോല്‍ തിരുമാവളവന്‍ പറഞ്ഞു.

26 പാർട്ടികളുടെ നേതാക്കന്മാർ ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തു. അതില്‍ മുഖ്യമന്ത്രിമാരും ഉണ്ടായിരുന്നു. അന്തരിച്ച കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആദരാഞ്ജലിയർപ്പിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത്. ഖർഗെ ഉള്‍പ്പെടേയുള്ള എല്ലാ നേതാക്കളും സഖ്യത്തെക്കുറിച്ച് വിശദമായ രീതിയില്‍ സംസാരിക്കുകയും തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
'ഇതൊരു വിശാല സഖ്യമാണ്. എന്‍ഡിഎ എന്ന് പറയുന്നത് ചിതറിപ്പോയ ഒരു സഖ്യമാണ്. കഴിഞ്ഞ പത്ത് വർഷമായി പേരിന് മാത്രമായിരുന്നു സഖ്യം. പ്രതിപക്ഷ സഖ്യം ഭീഷണിയായി മാറുമെന്ന പേടിയിലാണ് ഇന്ന് അവർ യോഗം വിളിച്ച് ചേർത്തത്. ഇന്ത്യ എന്ന് പറയുന്നത് ഒരു പാർട്ടിക്ക് മാത്രം സ്വന്തമാണ് പ്രതീതിയാണ് മോദിയടക്കമുള്ള നേതാക്കള്‍ നിരന്തരം പടച്ചുവിട്ടുകൊണ്ടിരിക്കുന്നത്. അത് തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ എന്ന പേര് സഖ്യത്തിന് നല്‍കിയത്'- വിസികെ നേതാവ് പറഞ്ഞു.

'പ്രതിപക്ഷ കക്ഷികളുടെ ഐക്യമുണ്ടായി എന്നുള്ളത് തന്നെ വിജയം. പ്രതിപക്ഷ കക്ഷികള്‍ക്ക് ഒരിക്കലും യോജിക്കാന്‍ കഴിയില്ലെന്നായിരുന്നു ബിജെപി സ്വപ്നം കണ്ടുകൊണ്ടിരുന്നത്. ചിതറിക്കിടക്കുന്ന പാർട്ടികള്‍ ഒരുമിക്കാന്‍ പോവുന്നില്ലെന്നും അവർ പറഞ്ഞു. നിതീഷ് കുമാർ ഒരു വഴിക്ക് പോവും, മമത ബാനർജി വേറൊരു വഴിക്ക് പോവും, കെജ്രിവാള്‍ വരില്ല എന്നതൊക്കെയായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍ ഇത്തരമൊരു കൂട്ടായ്മ രൂപീകരിക്കാന്‍ സാധിച്ചത് തന്നെ പ്രതിപക്ഷ കക്ഷികളുടെ ആദ്യ വിജയമാണ്, മഹത്തായ വിജയമാണ്' വിസികെ അധ്യക്ഷന്‍ കൂട്ടിച്ചേർത്തു.
അതേസമയം, സഖ്യത്തിന് 'ഇന്ത്യ' എന്ന പേര് നിർദേശിച്ചത് രാഹുല്‍ ഗാന്ധിയാണെന്നായിരുന്നു മഹാരാഷ്ട്രയില്‍ നിന്നുള്ള എന്‍സിപി നേതാവ് ജിതേന്ദ്ര അഹ്‍വാദ് ട്വിറ്ററില്‍ കുറിച്ചത്. രാഹുലിന്‍റെ സർഗാത്മകത വളരെയധികം പ്രശംസിക്കപ്പെട്ടു. എല്ലാ പാർട്ടികളും ആ പേര് അംഗീകരിച്ചെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications