പച്ചക്കറി വിൽപ്പനക്കാരന് 11 കോടിയുടെ ലോട്ടറി! കടം വാങ്ങിയ പണം കൊണ്ടെടുത്ത ടിക്കറ്റ്, തലവര തെളിഞ്ഞു
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ രാപ്പകലില്ലാതെ കഷ്ടപ്പെടുകയായിരുന്നു ഇന്നലെ വരെ 32കാരനായ അമിത് സെഹ്ര. എന്നാല്‍ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും അമിതിന്റെ തലവര തന്നെ മാറിപ്പോയി. സുഹൃത്തില്‍ നിന്നും കടം വാങ്ങിയ പൈസ കൊണ്ട് എടുത്ത ലോട്ടറി ടിക്കറ്റ് ചെറിയ ഭാഗ്യമൊന്നുമല്ല അമിതിന്റെ കയ്യിലേക്ക് കൊണ്ട് വന്നിരിക്കുന്നത്.
11 കോടി രൂപയുടെ പഞ്ചാബ് ദീപാവലി ബമ്പര്‍ ലോട്ടറി വിജയിയായി മാറിയിരിക്കുകയാണ് അമിത് സെഹ്ര എന്ന പച്ചക്കറി വില്‍പ്പനക്കാരന്‍. ഇപ്പോഴും സത്യമാണോ സ്വപ്‌നമാണോ എന്ന് വിശ്വസിക്കാനായിട്ടില്ല അമിതിനും കുടുംബത്തിനും. രാജസ്ഥാനിലെ കോട്പുത്‌ലി സ്വദേശിയാണ് അമിത്. ഭാര്യയും രണ്ട് ആണ്‍മക്കളും അടങ്ങുന്ന ചെറിയ കുടുംബം.
പച്ചക്കറി വിറ്റ് ദിവസവും കിട്ടുന്ന 400-500 രൂപയാണ് ഈ കുടുംബത്തിന്റെ ആകെയുളള വരുമാനം. പഞ്ചാബ് സന്ദര്‍ശിക്കണം എന്നുളള ഒരു ആഗ്രഹമാണ് അമിതിന്റെ തലവര മാറ്റിയത്. തന്റെ കയ്യിലുളള നക്കാപ്പിച്ച കാശ് വെച്ച് ഒരിക്കലും പഞ്ചാബ് കാണണം എന്നുളള ആഗ്രഹം നടക്കുമെന്ന് തോന്നുന്നില്ലെന്ന് അടുത്ത സുഹൃത്തായ മുകേഷ് സെന്നിനോട് പറഞ്ഞിരുന്നു.

പഞ്ചാബിലുളള ബന്ധുവിനെ കാണാന്‍ പോകുമ്പോള്‍ അമിതിനെ മുകേഷ് കൂടെ കൊണ്ട് പോയി. പിറ്റേ ദിവസം രാജസ്ഥാനിലേക്ക് തിരിച്ച് വരുമ്പോള്‍ ചായ കുടിക്കാനായി ഇരുവരും ബതിന്‍ഡയില്‍ ഇറങ്ങി. അവിടെയുളള രത്തന്‍ ലോട്ടറി സ്റ്റാള്‍ കണ്ടപ്പോള്‍ ഒന്ന് ഭാഗ്യം പരീക്ഷിച്ചാലോ എന്ന് അമിതിന് തോന്നി. എന്നാല്‍ ലോട്ടറി വാങ്ങാന്‍ കയ്യില്‍ പണവും ഇല്ല.
മുകേഷിനോട് കാര്യം പറഞ്ഞപ്പോള്‍ ലോട്ടറി വാങ്ങാനായി സുഹൃത്തിന് അപ്പോള്‍ തന്നെ 1000 രൂപ കൊടുത്തു. മാത്രമല്ല രണ്ട് ലോട്ടറി എടുക്കാനും പറഞ്ഞു. രണ്ട് ടിക്കറ്റ് വാങ്ങിയ അമിത് ഫോട്ടോ എടുത്ത് മുകേഷിന്റെ ഫോണിലേക്ക് അയച്ച് കൊടുക്കുകയും ചെയ്തു. നാട്ടില്‍ തിരിച്ചെത്തിയ അമിത് ലോട്ടറിയെ കുറിച്ച് പിന്നീട് ഓര്‍ത്തതേ ഇല്ല. പെട്ടെന്ന് ഒരു ദിവസം രാത്രി മുകേഷ് വിളിച്ചാണ് ലോട്ടറി അടിച്ച വിവരം അറിയിക്കുന്നത്.
അതും ഒന്നും രണ്ടും അല്ല, 11 കോടിയുടെ ജാക്ക്‌പോട്ട്. രണ്ടാമത്തെ ടിക്കറ്റ് പരിശോധിച്ചപ്പോള്‍ അതിനും സമ്മാനമടിച്ചിട്ടുണ്ട്, ആയിരം രൂപ. സ്വപ്‌നം കണ്ടതിലും അപ്പുറത്തുളള സമ്മാന നേട്ടത്തില്‍ വിശ്വസിക്കാനാവാതെയിരിക്കുകയാണ് അമിതിന്റെ കുടുംബം. അമിതിന്റെ മരിച്ച് പോയ രണ്ട് സഹോദരങ്ങളുടെ കുടുംബത്തേയും പോറ്റുന്നത് അമിത് പച്ചക്കറി വിറ്റ് കിട്ടുന്ന തുച്ഛമായ തുക കൊണ്ടാണ്.
കഴിഞ്ഞ ദിവസം അമിത് പഞ്ചാബിലെ ലോട്ടറി ഓഫീസില്‍ എത്തി ടിക്കറ്റ് കൈമാറി. നികുതി കഴിഞ്ഞ് 7.60 കോടി രൂപയാണ് അമിതിന് ലഭിക്കുക. ടിക്കറ്റ് എടുക്കാന്‍ പണം കടം തന്ന സുഹൃത്തായ മുകേഷിന്റെ പെണ്‍മക്കള്‍ക്ക് 1 കോടി രൂപ നല്‍കുമെന്ന് അമിത് പറയുന്നു. തനിക്ക് എത്ര കിട്ടിയാലും തന്നെ പഞ്ചാബിലേക്ക് കൊണ്ട് പോവുകയും പണം കടം തരികയും ചെയ്ത സുഹൃത്തിനുളള വിഹിതം കൊടുക്കുക തന്നെ ചെയ്യുമെന്ന് അമിത് പറയുന്നു. ബാക്കി പണത്തില്‍ നിന്ന് മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുമെന്നും പച്ചക്കറി കച്ചവടം നിര്‍ത്തില്ലെന്നും നല്ലൊരു സ്ഥലം വാങ്ങി വീട് വെച്ച് ഭാര്യയ്ക്ക് സമ്മാനമായി നല്‍കുമെന്നും അമിത് പറയുന്നു.












Click it and Unblock the Notifications