15 വര്‍ഷം പഴക്കമുള്ള വാഹനമാണോ? എന്നാലിനി പമ്പില്‍ നിന്ന് ഇന്ധനം ലഭിക്കില്ല; ഉത്തരവുമായി ഡല്‍ഹി സര്‍ക്കാര്‍
ന്യൂഡല്‍ഹി: 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് മാര്‍ച്ച് 31 ന് ശേഷം പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കാനാകില്ല എന്ന് ഡല്‍ഹി സര്‍ക്കാര്‍. വായു മലിനീകരണം തടയുന്നതിന് വേണ്ടിയാണ് ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം. വായു മലിനീകരണം തടയുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിന് ശേഷം പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിംഗ് സിര്‍സയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
നഗരത്തിലെ വാഹനങ്ങള്‍ പുറന്തള്ളുന്ന മലിനീകരണം കുറയ്ക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങളെ തിരിച്ചറിയാന്‍ പെട്രോള്‍ പമ്പുകളില്‍ ഗാഡ്ജെറ്റുകള്‍ സ്ഥാപിക്കും എന്ന് അവയ്ക്ക് ഇന്ധനം നല്‍കില്ല എന്നും സിര്‍സ കൂട്ടിച്ചേര്‍ത്തു. ഈ തീരുമാനം കേന്ദ്ര പെട്രോളിയം മന്ത്രാലയത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമം നടപ്പിലാക്കുന്നതിനും ഇത് പാലിക്കാത്ത വാഹനങ്ങള്‍ തിരിച്ചറിയുന്നതിനുമായി സര്‍ക്കാര്‍ ഒരു പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിക്കും. ഏപ്രില്‍ 1 മുതല്‍ ഈ സംഘം ഉത്തരവ് കര്‍ശനമായി നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കും. കൂടാതെ, ഡല്‍ഹിയില്‍ പ്രവേശിക്കുന്ന ഹെവി വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിന് മുമ്പ് നിര്‍ദ്ദിഷ്ട പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പരിശോധന ശക്തമാക്കും എന്നും സിര്‍സ പറഞ്ഞു.
ഡല്‍ഹിയും ദേശീയ തലസ്ഥാന മേഖലയും (NCR) ഇതിനകം തന്നെ 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും റോഡുകളില്‍ ഓടുന്നത് നിരോധിക്കുന്ന നയം നടപ്പിലാക്കിയിട്ടുണ്ട്. 2021 ലെ നിര്‍ദ്ദേശം ഈ നിയമം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്തു. 2022 ജനുവരി 1 ന് ശേഷം നിയമലംഘകരെ കണ്ടെത്തുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുത്ത് സ്‌ക്രാപ്പ്യാര്‍ഡുകളിലേക്ക് അയയ്ക്കാനും നിര്‍ദേശിച്ചിരുന്നു.
ഇന്ധനം നിറയ്ക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ക്ക് പുറമേ, ഡല്‍ഹിയിലെ എല്ലാ ബഹുനില കെട്ടിടങ്ങളിലും, ഹോട്ടലുകളിലും, വാണിജ്യ സമുച്ചയങ്ങളിലും വായു മലിനീകരണ തോത് നിയന്ത്രിക്കുന്നതിന് പുക വിരുദ്ധ യന്ത്രങ്ങള്‍ സ്ഥാപിക്കേണ്ടിവരും. ചില വലിയ ഹോട്ടലുകള്‍, ഓഫീസ് സമുച്ചയങ്ങള്‍, വിമാനത്താവളം, വലിയ നിര്‍മ്മാണ സ്ഥലങ്ങള്‍ എന്നിവ ഡല്‍ഹിയിലുണ്ട്. അവയെല്ലാം മലിനീകരണം നിയന്ത്രിക്കുന്നതിന് പുക വിരുദ്ധ യന്ത്രങ്ങള്‍ സ്ഥാപിക്കണം.
ഡല്‍ഹിയിലെ എല്ലാ ബഹുനില കെട്ടിടങ്ങളിലും പുക യന്ത്രങ്ങള്‍ സ്ഥാപിക്കുന്നത് തങ്ങള്‍ നിര്‍ബന്ധമാക്കും എന്നും എല്ലാ വാണിജ്യ സമുച്ചയങ്ങളിലും ഇത് നടപ്പിലാക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2025 ഡിസംബറോടെ ഡല്‍ഹിയിലെ പൊതു സിഎന്‍ജി ബസുകളില്‍ ഏകദേശം 90 ശതമാനവും പിന്‍വലിക്കുകയും ഇലക്ട്രിക് ബസുകള്‍ ഉപയോഗിക്കുകയും ചെയ്യുമെന്ന് സിര്‍സ പറഞ്ഞു.












Click it and Unblock the Notifications