വെനസ്വേലന്‍ എണ്ണ ഒഴുകും; റിലയന്‍സിനെ തേടി അമേരിക്ക, യുഎഇ ഉള്‍പ്പെട്ട ചര്‍ച്ച മുംബൈയില്‍
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍കോ റുബിയോ ഇന്ത്യയില്‍. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് അദ്ദേഹം എത്തിയിട്ടുള്ളത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി മുംബൈയിലെ താജ് മഹല്‍ പാലസില്‍ ചര്‍ച്ച നടത്തി. യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനും ചര്‍ച്ചയില്‍ പങ്കെടുത്തു. ഇന്ധന ഇറക്കുമതി, വ്യാപാര കരാര്‍ എന്നിവയില്‍ ഊന്നിയായിരുന്നു ചര്‍ച്ചകള്‍. പശ്ചിമേഷ്യയിലെ സംഘര്‍ഷവും ചര്‍ച്ചാ വിഷയമായി.
മുംബൈയിലെ ചര്‍ച്ചകളും മറ്റു പരിപാടികളും പൂര്‍ത്തിയാക്കിയ ശേഷം റുബിയോ ഗുജറാത്തിലെ ജാംനഗറിലേക്ക് പോകും. റിലയന്‍സിന്റെ എണ്ണ ശുദ്ധീകരണ കേന്ദ്രം സന്ദര്‍ശിക്കും. അംബാനി കുടുംബം നടത്തുന്ന മൃഗസംരക്ഷണ കേന്ദ്രവും അദ്ദേഹം കാണും. റിലയന്‍സുമായി ചേര്‍ന്ന് ബൃഹദ് പദ്ധതിയാണ് അമേരിക്ക ആസൂത്രണം ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എണ്ണ ശുദ്ധീകരണ മേഖലയിലെ സൂപ്പര്‍ പവര്‍ ആണ് ഇന്ത്യ എന്ന് റുബിയോ പറഞ്ഞു. വെനസ്വേലയില്‍ എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്ന വിഷയം അമേരിക്കന്‍ പ്രതിനിധികള്‍ റിലയന്‍സുമായി ചര്‍ച്ച ചെയ്യും. സൗദി അറേബ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതില്‍ കൂടുതലും ലൈറ്റ് ക്രൂഡ് ആണ്. എന്നാല്‍ വെനസ്വേലയുടേത് ഹെവി ക്രൂഡ് ആണ്. ഇത് സംസ്‌കരിച്ചു വേണം വിവിധ ഇന്ധനങ്ങളാക്കി മാറ്റാന്‍.
ഹെവി ക്രൂഡ് ശുദ്ധീകരിക്കുന്നതിന് ഇന്ത്യയ്ക്ക് ശേഷിയുണ്ടെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. വെനസ്വേലന്‍ എണ്ണ കൂടുതല്‍ ഇറക്കുമതി ചെയ്യാനും സംസ്‌കരിക്കാനും ഇന്ത്യയ്ക്ക് സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. നേരത്തെ പശ്ചിമേഷ്യയെയും പിന്നീട് റഷ്യയെയും ക്രൂഡ് ഓയിലിന് വേണ്ടി കൂടുതല്‍ ആശ്രയിച്ച ഇന്ത്യ പുതിയ സാഹചര്യത്തില്‍ എണ്ണ ഇറക്കുമതി വൈവിധ്യവല്‍ക്കരിച്ചിരിക്കുകയാണ്. ഇതിനെ മാര്‍കോ റുബിയോ പ്രശംസിച്ചു.
റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. റിലയന്‍സ് ആണ് ഇതിന് പിന്നില്‍. ഇവര്‍ ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ റഷ്യന്‍ ക്രൂഡ് ഓയിലും ഇന്ത്യയില്‍ വിനിയോഗിക്കുന്നില്ല. പകരം സംസ്‌കരിച്ച് പെട്രോളും ഡീസലുമാക്കി യൂറോപ്പിലേക്ക് ഉള്‍പ്പെടെ കയറ്റുമതി ചെയ്യുകയാണ്. ക്രൂഡ് ഓയില്‍ സംസ്‌കരിക്കാന്‍ ബൃഹദ് സംവിധാനം റിലയന്‍സിനുണ്ട്.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ ഏര്‍പ്പെടുത്തിയ വിലക്ക് അമേരിക്ക മയപ്പെടുത്തിയിട്ടുണ്ട്. ഇത് റിലയന്‍സിന് നേട്ടമാകും. കൂടാതെ വെനസ്വേലയില്‍ നിന്ന് ഇറക്കുമതി വര്‍ധിപ്പിച്ച് പെട്രോളും ഡീസലുമാക്കി കയറ്റുമതി ചെയ്യാനും റിലയന്‌സിന് കഴിയും. ഈ സാധ്യതയാണ് അമേരിക്ക ആരായുന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ധന പ്രതിസന്ധി നേരിടുന്നുണ്ട്. ഇത് യൂറോപ്പില്‍ വലിയ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് വരെ ഇടയാക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ കമ്പനികളുടെ തീരുമാനങ്ങള്‍ നിര്‍ണായകമാകും.


Click it and Unblock the Notifications
