'' ചൗക്കിദാർ ചോർ ഹേ'' പരാമർശം; രാഹുൽ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യക്കേസിലും നാളെ വിധി
ദില്ലി: ശബരിമല, റഫേൽ കേസുകൾക്ക് പുറമെ രാഹുൽ ഗാന്ധിയുടെ'' ചൗക്കിദാർ ചോർ ഹേ'' പരാമർശത്തിനെതിരെ സമർപ്പിക്കപ്പെട്ട ഹർജിയിലും സുപ്രീം കോടതി നാളെ വിധി പറയും. ബിജെപി നേതാവ് മീനാക്ഷി ലേഖിയാണ് രാഹുൽ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യക്കേസ് സമർപ്പിച്ചത്.
റഫേൽ കേസിലെ ഉത്തരവിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യം വെച്ച് കാവൽക്കാരൻ കള്ളനാണെന്ന് സുപ്രീം കോടതിക്ക് മനസിലായെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ തുടർന്നായിരുന്നു രാഹുൽ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചത്. കോടതി പറയാത്ത കാര്യങ്ങൾ രാഹുൽ ഗാന്ധി കോടതിയുടെ പേരിൽ പ്രചരിപ്പിച്ചെന്നും ഇത് ക്രിമിനൽ കുറ്റമാണെന്നുമായിരുന്നു ആരോപണം. രാഹുൽ ഗാന്ധി പിന്നീട് പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. മുതിർന്ന അഭിഭാഷകനായ മുകുൾ റോത്തകിയാണ് മീനാക്ഷി ലേഖിക്ക് വേണ്ടി ഹാജരാകുന്നത്.

2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ചൗക്കിദാർ ചോർ ഹേ പരാമർശം. റഫാൽ അഴിമതിയുമായി ബന്ധപ്പെട്ടാണ് ഈ വാചകം ഉയരുന്നത്. രാഹുലിന്‍റെ പ്രയോഗത്തെ ചെറുക്കാന്‍ ബിജെപിയും പുതിയ ക്യാമ്പെയ്ന്‍ തുടങ്ങിയിരുന്നു. മേം ഭീ ചൗക്കീദാര്‍' (ഞാനും കാവല്‍ക്കാരനാണ്) എന്ന ക്യാമ്പെയ്നാണ് ബിജെപി തുടങ്ങി വെച്ചത്.
റഫേൽ അഴിമതിയെപ്പറ്റിയുള്ള കേസിൽ നാളെ സുപ്രധാന വിധിയാണ് വരാൻ ഇരിക്കുന്നത്. റഫേൽ കേസിൽ പുനരന്വേഷണം നടത്താൻ വിസമ്മതിച്ചു വന്ന വിധിക്കെതിരെ സമർപ്പിച്ച പുന: പരിശോധനാ ഹർജിയിലാണ് അന്തിമ വിധി വരാനിരിക്കുന്നത്. റഫേൽ യുദ്ധവിമാന ഇടപാട് ശരിവെച്ച സുപ്രീം കോടതി വിധിക്കെതിരെ യശ്വന്ത് സിൻഹ, അരുൺ ഷൂരി, പ്രശാന്ത് ഭൂഷൺ തുടങ്ങിയവരാണ് സുപ്രീം കോടതിയിൽ പുന: പരിശോധനാ ഹർജികൾ സമർപ്പിച്ചത്.












Click it and Unblock the Notifications