വിദ്വേഷപ്രസംഗമോ അക്രമമോ ഉണ്ടാകരുത്.. സിസിടിവി ദൃശ്യങ്ങള്‍ നഷ്ടപ്പെടരുത്; വിഎച്ച്പി റാലിയില്‍ സുപ്രീംകോടതി
ന്യൂദല്‍ഹി: ഹരിയാനയിലെ വര്‍ഗീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ദല്‍ഹിയില്‍ വിവിധ ഭാഗങ്ങളില്‍ വിശ്വ ഹിന്ദു പരിഷത്തും (വി എച്ച് പി) ബജ്‌റംഗ്ദളും പ്രതിഷേധ മാര്‍ച്ചുകള്‍ നടത്താനിരിക്കെ മുന്നറിയിപ്പുമായി സുപ്രീംകോടതി. പ്രതിഷേധ മാര്‍ച്ചുകളില്‍ അക്രമങ്ങളോ വിദ്വേഷ പ്രസംഗങ്ങളോ നടക്കുന്നില്ലെന്ന് ഉറപ്പാക്കണം എന്നു് സുപ്രീം കോടതി അധികൃതരോട് പറഞ്ഞു.
ദല്‍ഹി-എന്‍സിആറില്‍ വിഎച്ച്പി-ബജ്റംഗ്ദള്‍ റാലികള്‍ തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച അടിയന്തര ഹര്‍ജി പരിഗണിക്കുന്നതിനായി ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് നടന്ന പ്രത്യേക സിറ്റിംഗില്‍ ആണ് കോടതിയുടെ നിര്‍ദേശം. ക്രമസമാധാനത്തിന് ഭംഗം വരുത്തുന്ന ഒന്നും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ദല്‍ഹി പോലീസിനോടും ദല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന സര്‍ക്കാരുകളോടും സുപ്രീംകോടതി നിര്‍ദേശിച്ചു.

സെന്‍സിറ്റീവ് ഏരിയകളിലെ റാലികള്‍ വീഡിയോയില്‍ പകര്‍ത്താനും ദൃശ്യങ്ങള്‍ സംരക്ഷിക്കാനും കോടതി നിര്‍ദേശിച്ചു. വിദ്വേഷ പ്രസംഗ കുറ്റകൃത്യങ്ങള്‍ക്കെതിരെ സ്വമേധയാ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ 2022 ഒക്ടോബറിലും 2023 ഏപ്രിലിലും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ടെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജസ്റ്റിസ് എസ് വി ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഈ ഉത്തരവ് പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ അധികാരികള്‍ ബാധ്യസ്ഥരാണ് എന്നും കോടതി ഓര്‍മിപ്പിച്ചു. ഹരിയാനയിലെ നുഹിലെ സംഭവങ്ങളില്‍ പ്രതിഷേധിച്ച് വിഎച്ച്പി-ബജ്റംഗ്ദള്‍ സംഘടനകള്‍ 23 മാര്‍ച്ചുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ചന്ദര്‍ സിംഗ് പറഞ്ഞു. ആവശ്യമുള്ളിടത്ത് അധിക പൊലീസിനെ വിന്യസിക്കണം എന്നും കോടതി പറഞ്ഞു.
'നിയമവാഴ്ച നിലനിറുത്തുന്നുവെന്ന് ഉറപ്പാക്കണം. ഇത് ഒരു എതിര്‍ വ്യവഹാരമായി കണക്കാക്കാനാവില്ല. ക്രമസമാധാനം അടിസ്ഥാനപരമായി ഒരു പൊലീസ് പ്രശ്‌നമാണ്, അത് ശ്രദ്ധിക്കേണ്ടതുണ്ട്', ജസ്റ്റിസ് ഖന്ന പറഞ്ഞു. ഒരു സമുദായത്തിനും എതിരെ വിദ്വേഷ പ്രസംഗങ്ങളോ അക്രമമോ സ്വത്തുക്കള്‍ക്ക് നാശനഷ്ടമോ ഇല്ലെന്ന് പൊലീസ് അധികാരികള്‍ ഉള്‍പ്പെടെയുള്ള സംവിധാനം ഉറപ്പാക്കുമെന്ന് കങ്ങള്‍ പ്രതീക്ഷിക്കുന്നതായും കോടതി പറഞ്ഞു.
സിസിടിവി ദൃശ്യങ്ങളും വീഡിയോകളും സംരക്ഷിക്കപ്പെടണം എന്നും ദല്‍ഹി, ഹരിയാന, യുപി എന്നീ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളുടെ സ്റ്റാന്‍ഡിങ് കൗണ്‍സലുകളെ ഈ ഉത്തരവ് അറിയിക്കണം എന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ മുമ്പാകെയാണ് അടിയന്തര ഹര്‍ജികള്‍ എത്തിയിരുന്നത്. അപേക്ഷ ഉടന്‍ ലിസ്റ്റുചെയ്യാനുള്ള ഉത്തരവുകള്‍ ചീഫ് ജസ്റ്റിസ് പാസാക്കിയതോടെ ഉച്ചയ്ക്ക് 2 മണിക്ക് പ്രത്യേക ബെഞ്ച് രൂപീകരിക്കുകയായിരുന്നു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.












Click it and Unblock the Notifications