ആശാറാം ബാപ്പു അകത്തായതിന് പിന്നില്‍ സോണിയാഗാന്ധി?
ജോധ്പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ വിമര്‍ശിച്ചത് കൊണ്ടാണ് ആള്‍ദൈവം ആശാറാം ബാപ്പുവിന് ജയിലില്‍ പോകേണ്ടി വന്നത് എന്ന് വി എച്ച് പി നേതാവ് അശോക് സിംഗാള്‍. സോണിയാ ഗാന്ധിക്കെതിരെ സംസാരിച്ചതിനാണ് ഗൂഡാലോചന നടത്തി ആശാറാം ബാപ്പുവിനെ ജയിലിലാക്കിയത്. വെള്ളിയാഴ്ച ജോധ്പൂരില്‍ സംസാരിക്കുകയായിരുന്നു സിംഗാള്‍.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അശോക് സിംഗാള്‍ ജയിലില്‍ ആശാറാം ബാപ്പുവിനെ സന്ദര്‍ശിച്ചിരുന്നു. നേരത്തെ ആശാറാം ബാപ്പുവിനെ കൊലപാതക കേസില്‍ അകപ്പെടുത്താനും ശ്രമം നടന്നതായി സിംഗാള്‍ ആരോപിച്ചു. കെട്ടിച്ചമച്ച ഈ കേസുകളില്‍ പെട്ട് സന്യാസിയായ ആശാറാം ബാപ്പു ശാരീരികമായും മാനസികമായും വേദനിക്കുകയാണ്.
സോണിയാ ഗാന്ധിയും മകന് രാഹുല്‍ ഗാന്ധിയും തന്നെ പീഡിപ്പിക്കുകയാണ് എന്ന് നേരത്തെ ആശാറാം ബാപ്പു തന്നെ പറഞ്ഞിരുന്നു. ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്തി കോണ്‍ഗ്രസുകാര്‍ ക്രിസ്ത്യാനികളാക്കുന്നു എന്ന് ഇയാള്‍ നേരത്തെ ആരോപിച്ചിരുന്നു. തന്റെ ശാപം കൊണ്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടി തിരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുന്നത് എന്നാണ് ആശാറാമിന്റെ മറ്റൊരു വാദം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് വിവാദ ആള്‍ദൈവം ആശാറാം ബാപ്പു ജയിലില്‍ കഴിയുന്നത്. ജോധ്പൂരിലെ ആശ്രമത്തില്‍ വെച്ച് പീഡിപ്പിച്ചു എന്ന കേസില്‍ 2013 ലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ആശാറാമിന്റെ മകന് നാരായണ്‍ സായിക്കെതിരെയും പീഡനക്കേസില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.