വിഎച്ച്പി യുടെ 'പരാക്രം' ഇവിടെ തീരുമോ!!!
ദില്ലി: ഹിന്ദുക്കള്‍ക്കിടയിലെ നിര്‍ബന്ധിത കുടിയേറ്റത്തെക്കുറിച്ച് പഠിക്കുന്നതിനായി സര്‍വ്വേക്കൊരുങ്ങി വിശ്വഹിന്ദുപരിഷത്ത്. രാജ്യത്തിന്റെ ഭാഗങ്ങളിലായി വീടും സ്വത്തും ഉപേക്ഷിച്ച് പോയവരെക്കുറിച്ചുള്ള കണക്ക് ശേഖരിക്കുന്നതിനായാണ് കശ്മീര്‍ മുതല്‍ കേരളം വരെയും ഗുജറാത്ത് മുതല്‍ ബംഗാള്‍ വരെയും സര്‍വ്വേ നടത്തുന്നത്. ഭീഷണികള്‍ക്ക് വഴങ്ങി ഹിന്ദുക്കള്‍ വീടും സ്വത്തുക്കളും ഉപേക്ഷിച്ചുപോയിട്ടുണ്ടെന്നാണ് വിഎച്ച്പി ഇന്റര്‍നാഷണല്‍ വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ അവകാശപ്പെടുന്നത്.
അടുത്ത ആഴ്ചയോടെ ആരംഭിക്കുന്ന സര്‍വ്വേ നാലോ അഞ്ചോ മാസത്തോടെയാവും പൂര്‍ത്തിയാവുക. ആസാം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളുള്‍പ്പെടെ ഭീഷണിക്ക് വഴങ്ങി ഹിന്ദുക്കള്‍ കുടിയൊഴിഞ്ഞുപോയ ഗ്രാമങ്ങളിലും നഗരങ്ങളിലും സര്‍വ്വേ നടത്തുന്ന വിഎച്ച്പി സര്‍വ്വേക്കൊടുവില്‍ റിപ്പോര്‍ട്ട് കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിക്കും. രാജ്യത്ത് ഹിന്ദുക്കളുടെ സംരക്ഷണത്തിനായി ചരടുവലികള്‍ നടത്തുന്ന വിഎച്ച്പിയുടെ നീക്കത്തെ വിമര്‍ശിച്ച് ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

നിര്‍ബന്ധിത കുടിയേറ്റത്തിനെതിരെ പ്രതിഷേധിക്കുന്നതിനായി വിഎച്ച്പി അടുത്തിടെ 'പലായന്‍ നഹി പരാക്രം' എന്ന പേരില്‍ ക്യാമ്പയിന് തുടക്കം കുറിച്ചിരുന്നു. അക്രമം എന്ന അര്‍ത്ഥത്തിലല്ല,
നിങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളോട് ചെറുത്തു നില്‍ക്കൂ എന്ന അര്‍ത്ഥത്തിലാണ് പരാക്രം എന്ന പദം ഉപയോഗിക്കുന്നതെന്ന് വിഎച്ച്പി തന്നെ വ്യക്തമാക്കിയിരുന്നു. ഈ പ്രശ്‌നത്തെ പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്ന് പ്രത്യാശിക്കുന്ന വിഎച്ച്പി രാജ്യം ഈ പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന ആവശ്യവും മുന്നോട്ടുവയ്ക്കുന്നു. എന്നാല്‍ വിഎച്ച്പിയുടെ നീക്കത്തെ വിമര്‍ശിച്ച് രംഗത്തെത്തിയ സിപിഎം സര്‍വ്വേ രാജ്യത്ത് സാമുദായിക അഭിനിവേശം വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ സഹായിക്കൂ എന്നും ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് സാമുദായിക പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിക്കാനല്ല മറിച്ച് മതസൗഹാര്‍ദ്ദത്തിന്റെ ചരിത്രമുള്ള ഇന്ത്യയില്‍ അത് ഊട്ടിയുറപ്പിക്കാനുള്ള ശ്രമമാണ് തങ്ങളുടേതെന്നും വിഎച്ച്പി പറയുന്നു.












Click it and Unblock the Notifications