വിഎച്ച്പിയുടെ രാമരാജ്യ രഥയാത്ര തമിഴ്നാട്ടിൽ; തിരുനെൽവേലിയിൽ സംഘർഷം, 144 പ്രഖ്യാപിച്ചു...
ആയിരത്തിലേറെ പോലീസുകാരുടെ അകമ്പടിയോടെയാണ് രാമരാജ്യ രഥയാത്ര തമിഴ്നാട്ടിൽ പര്യടനം നടത്തുന്നത്.
തിരുനെൽവേലി: അയോധ്യയിൽ രാമക്ഷേത്രം പണിയണമെന്ന ആഹ്വാനവുമായി വിശ്വ ഹിന്ദു പരിഷത്തിന്റെ രാമരാജ്യ രഥയാത്ര തമിഴ്നാട്ടിൽ പ്രവേശിച്ചു. രാമരാജ്യ രഥയാത്ര ചൊവ്വാഴ്ച തിരുനെൽവേലിയിൽ പ്രവേശിച്ചതിന് പിന്നാലെ തമിഴ്നാട്ടിലെങ്ങും പ്രതിഷേധം ശക്തമായി. തിരുനെൽവേലിയിൽ രഥയാത്രയ്ക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു.
രഥയാത്ര കടന്നുപോകുന്ന തിരുനെൽവേലിയിൽ സംഘർഷാവസ്ഥ കണക്കിലെടുത്ത് പോലീസ് 144 വകുുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാർച്ച് 23 വരെ നിരോധനാജ്ഞ തുടരുമെന്ന് പോലീസ് വ്യക്തമാക്കി. പ്രതിഷേധം കണക്കിലെടുത്ത് ആയിരത്തിലേറെ പോലീസുകാരുടെ അകമ്പടിയോടെയാണ് രാമരാജ്യ രഥയാത്ര തമിഴ്നാട്ടിൽ പര്യടനം നടത്തുന്നത്.

അതേസമയം, രാമരാജ്യ രഥയാത്ര സംസ്ഥാനത്ത് പ്രവേശിക്കുന്നത് സമാധാനം തകർക്കുമെന്ന് ആരോപിച്ച് ഡിഎംകെ എംഎൽഎമാർ നിയമസഭയിൽ പ്രതിഷേധിച്ചു. ഡിഎംകെ ആക്ടിങ് പ്രസിഡന്റ് എംകെ സ്റ്റാലിന്റെ നേതൃത്വത്തിലാണ് എംഎൽഎമാർ പ്രതിഷേധമുയർത്തിയത്. നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി റോഡിൽ കുത്തിയിരുന്ന എംഎൽഎമാരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
രാമരാജ്യ രഥയാത്രയ്ക്കെതിരെ നടൻ കമൽഹാസനും രംഗത്തെത്തി. വിഭജന രാഷ്ട്രീയ ലക്ഷ്യങ്ങളുമായി മുന്നോട്ട് പോകുന്ന യാത്രയ്ക്ക് സർക്കാർ പിന്തുണ നൽകുകയാണെന്നും, വിദ്യാർത്ഥികൾക്ക് ബോർഡ് പരീക്ഷകൾ നടക്കുന്ന സമയത്ത് ഈ യാത്രയ്ക്ക് അനുമതി നൽകിയതെന്ന് സർക്കാരിന്റെ പിഴവാണെന്നും അദ്ദേഹം ആരോപിച്ചു. അയോധ്യയിൽ നിന്ന് ആരംഭിച്ച രാമരാജ്യ രഥയാത്ര മാർച്ച് 25ന് രാമേശ്വരത്താണ് സമാപിക്കുക.












Click it and Unblock the Notifications