അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനുറച്ച് വിഎച്ച്പി...? കല്ലിറക്കി, പൂജയും നടത്തി
അയോധ്യ: നീണ്ട ഇടവേളയ്ക്ക് ശേഷം 'അയോധ്യ' വീണ്ടും വിവാദത്തിലേയ്ക്ക്. രാമജന്മഭൂമിയെന്ന് അവകാശപ്പെടുന്ന അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനുളള തയ്യാറെടുപ്പിലാണ് വിശ്വ ഹിന്ദു പരിഷത്ത്.
രണ്ട് ലോഡ് കല്ലുകള്‍ ഇതിനായി അയോധ്യയില്‍ എത്തിച്ച് കഴിഞ്ഞു. അയോധ്യയില്‍ വിശ്വഹിന്ദു പരിഷത്തിന്റെ ഉടമസ്ഥതയിലുള്ള രാമസേവക പുരത്താണ് കല്ലുകള്‍ ഇറക്കിയിരിയ്ക്കുന്നത്. ശിലാപൂജയും കഴിഞ്ഞ ദിവസം നടത്തിക്കഴിഞ്ഞു.
ക്ഷേത്ര നിര്‍മാണത്തിന് പറ്റിയ സമയമാണിതെന്ന് മോദി സര്‍ക്കാരില്‍ നിന്ന് തന്നെ തങ്ങള്‍ക്ക് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിഎച്ച്പി നേതാക്കള്‍ പറയുന്നത്.

രാമക്ഷേത്ര നിര്‍മാണം
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിയ്ക്കുമെന്നത് സംഘപരിവാര്‍ സംഘടനകളുടെ പ്രഖ്യാപിത ലക്ഷ്യമാണ്.

കല്ലുകളെത്തുന്നു
രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് ക്ഷേത്ര നിര്‍മാണത്തിന് ആവശ്യമായ കല്ലുകള്‍ എത്തിയ്ക്കുമെന്ന് ആറ് മാസം മുമ്പാണ് വിഎച്ച്പി പ്രഖ്യാപിച്ചത്. ഇപോഴിതാ രണ്ട് ലോഡ് കല്ലുകള്‍ എത്തിച്ചിരിയ്ക്കുന്നു.

ശിലാപൂജ നടത്തി
രാമസേവകപുരത്ത് കല്ലുകള്‍ ഇറക്കിയതിന് പുറമേ 'ശിലാപൂജയും' നടത്തി. രാമജന്മഭൂമി ന്യാസ് അധ്യക്ഷന്‍ ആയ മഹന്ത് നൃത്യാഗോപാല്‍ ദാസിന്റെ നേതൃത്വത്തിലായിരുന്നു പൂജ.

മോദിയുടെ അനുമതി?
രാമക്ഷേത്ര നിര്‍മാണം എന്നത് കേന്ദ്രം ഭരിയ്ക്കുന്ന ബിജെപിയുടെയും ലക്ഷ്യങ്ങളില്‍ ഒന്നായാണ് കരുതുന്നത്. ഇപ്പോള്‍ ക്ഷേത്ര നിര്‍മാണത്തിന് പറ്റിയ സമയമാണെന്ന് നരേന്ദ്ര മോദി സര്‍ക്കാരില്‍ നിന്ന് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് നൃത്യാഗോപാല്‍ ദാസ് അറിയിച്ചത്.

നിയമം അനുവദിയ്ക്കുമോ?
അയോധ്യ വിഷയം ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ ക്ഷേത്ര നിര്‍മാണത്തിന് ആവശ്യമായ കല്ലുകള്‍ എത്തിയ്ക്കുന്നത് നിയമവിരുദ്ധമല്ലേ എന്ന ചോദ്യം ഉയരുന്നുണ്ട്. എന്നാല്‍ വിഎച്ച്പിയുടെ സ്വകാര്യ സ്ഥലത്താണ് കല്ലുകള്‍ ഇറക്കിയിരിയ്ക്കുന്നത് എന്നതിനാല്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് നിലവില്‍ ഒന്നും ചെയ്യാനാകാത്ത സ്ഥിതിയാണ്.

എത്ര കല്ല് വേണം?
രണ്ടേകാല്‍ ലക്ഷം ക്യൂബിക് അടി കല്ലുകള്‍ വേണം എന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ പാതിയിലധികം ഇപ്പോള്‍ തന്നെ സംഭരിച്ചുകഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വഹിന്ദു പരിഷത്ത് പറയുന്നത്.

പോലീസ് ഇടപെടല്‍
അയോധ്യയില്‍ ക്ഷേത്ര നിര്‍മാണത്തിന് വേണ്ടി കല്ലുകള്‍ ഇറക്കിയ സംഭവം പോലീസ് നിരീക്ഷിച്ചുവരികയാണ്. മത സൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ എന്തെങ്കിലും നടപടിയുണ്ടായില്‍ പോലീസ് ഇടപെടല്‍ ഉണ്ടാകുമെന്നാണ് ഫൈസാബാദ് സീനിയര്‍ എസ്പി മോഹിത് ഗുപ്ത വ്യക്തമാക്കിയിട്ടുള്ളത്.












Click it and Unblock the Notifications