ജഡ്ജിമാര്‍ സൂപ്പര്‍ പാര്‍ലമെന്റ് ചമയുന്നു; സുപ്രീം കോടതിക്കെതിരേ രൂക്ഷവിമര്‍ശനവുമായി ഉപരാഷ്ട്രപതി
ന്യൂഡല്‍ഹി: ജഡ്ജിമാര്‍ സൂപ്പര്‍ പാര്‍ലമെന്റ് ചമയുകയാണെന്ന രൂക്ഷവിമര്‍ശനവുമായി ഉപരാഷ്ട്രപതി ജഗ്ധീപ് ധന്‍കര്‍. ബില്ലുകള്‍ പാസാക്കുന്നതിന് രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് ഉപരാഷ്ട്രപതിയുടെ വിമര്‍ശനം. ഇത്തരത്തിലുള്ള വിധിയിലൂടെ ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലെ വിശ്വാസം നഷ്ടമാകുന്നു
കോടതികള്‍ രാഷ്ട്രപതിക്ക് നിര്‍ദേശം നല്‍കുന്ന സാഹചര്യം ഉണ്ടാകരുതായിരുന്നു. സുപ്രീം കോടതിക്ക് പ്രത്യേകാധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനയുടെ 142-ാം അനുച്ഛേദം ജനാധിപത്യ ശക്തികള്‍ക്കെതിരായ ആണവ മിസൈല്‍ ആയി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭാ ഇന്റേണുകളുടെ ആറാം ബാച്ചിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.

രാഷ്ട്രപതിയാണ് രാജ്യത്തെ പരമോന്നത പദവിയിലുള്ള വ്യക്തി. എന്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിക്ക് കോടതി നിര്‍ദേശം നല്‍കുന്നത്? നമ്മള്‍ എവിടേക്കാണ് പോകുന്നത്? രാജ്യത്ത് എന്താണ് സംഭവിക്കുന്നത്? റിവ്യൂ ഫയല്‍ ചെയ്യണോ വേണ്ടയോ എന്നതല്ല ഇവിടുത്തെ ചോദ്യം. സമയബന്ധിതമായി തീരുമാനമെടുക്കാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്നു. ഇല്ലെങ്കില്‍ അത് നിയമമായി മാറുന്നു. നിയമ നിര്‍മ്മാണങ്ങള്‍ നടത്തുന്ന, എക്‌സിക്യൂട്ടീവ് പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന 'സൂപ്പര്‍ പാര്‍ലമെന്റ്' ആയി പ്രവര്‍ത്തിക്കുന്ന ജഡ്ജിമാര്‍ നമുക്കുണ്ട്. അവര്‍ക്ക് ആരോടും ഉത്തരവാദിത്തമില്ല - ധന്‍കര്‍ വിമര്‍ശിച്ചു.
നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം എടുക്കാതെ പിടിച്ച് വയ്ക്കുകയും പിന്നീട് രാഷ്ട്രപതിക്ക് അയക്കുകയും ചെയ്ത തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിക്കെതിരായ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി വന്നത്. ഗവര്‍ണര്‍മാര്‍ ബില്ലുകള്‍ അയച്ചാല്‍ രാഷ്ട്രപതി മൂന്ന് മാസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കിയത്.
തീരുമാനം വൈകിയാല്‍ അതിനുള്ള കാരണം സംസ്ഥാന സര്‍ക്കാരിനെ രേഖാ മൂലം അറിയിക്കണം. രാഷ്ട്രപതിയുടെ തീരുമാനം വീണ്ടും വൈകിയാല്‍ അത് കോടതിയില്‍ ചോദ്യം ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് ഉണ്ടെന്നും വിധിയില്‍ പറയുന്നു.
ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വര്‍മയുടെ വീട്ടില്‍നിന്ന് കോടിക്കണക്കിന് രൂപ കണ്ടെത്തിയ സംഭവത്തിലും ധന്‍കര്‍ ജുഡീഷ്യറിക്കെതിരേ വിമര്‍ശനം ഉന്നയിച്ചു. സംഭവത്തില്‍ സുപ്രീം കോടതി മൂന്നംഗ ജഡ്ജിമാരുടെ സമിതിയെ നിയമിച്ചിരുന്നു. ഇത്തരത്തില്‍ ഒരു അന്വേഷണം ജുഡീഷ്യറിയുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാനത്തിലാണോ ഈ സമിതി രൂപീകരിച്ചത്. അതല്ല പാര്‍ലമെന്റ് പാസാക്കിയ ഏതെങ്കിലും നിയമത്തിന്റെ അടിസ്ഥാനത്തിലോ ഇതെന്നും ജഗദീപ് ധന്‍കര്‍ ചോദിച്ചു.
ഒരു മാസമായി അന്വേഷണം നടക്കുന്നു. ഈ സമിതിക്ക് എന്ത് നിയമസാധുതയാണുള്ളത്. ഈ സമിതി റിപ്പോര്‍ട്ട് നിയമപരമല്ല. ജഡ്ജിമാരുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റ് ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാര്‍ച്ച് 14 നും 15 നും ഇടയിലുള്ള രാത്രിയില്‍ നടന്ന സംഭവം പുറത്തറിഞ്ഞത് ഏഴ് ദിവസത്തിന് ശേഷമാണ്. ഒളിപ്പിച്ചുവെച്ച വിവരങ്ങള്‍ പൂര്‍ണമായും പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.
ജഡ്ജിമാര്‍ക്കെതിരേ കേസെടുക്കണമെങ്കില്‍ ജുഡീഷ്യറിയുടെ അനുമതി വേണമെന്നത് ഭരണഘടനയില്‍ ഒരിടത്തുമില്ലാത്ത നിര്‍വചനമാണെന്നും അദ്ദേഹം പറഞ്ഞു. കെട്ടുകണക്കിന് പണം കണ്ടെത്തിയ ശേഷവും ജഡ്ജിക്കെതിരേ ഒരു എഫ്‌ഐആര്‍ പോലും ഫയല്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.












Click it and Unblock the Notifications