എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ഞായറാഴ്ച? സാധ്യത ആര്‍ക്ക്?
ന്യൂഡല്‍ഹി: എന്‍ ഡി എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ ഞായറാഴ്ച തീരുമാനിച്ചേക്കും. പാര്‍ട്ടിയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ അന്തിമമാക്കുന്നതിനായി ബി ജെ പി പാര്‍ലമെന്ററി ബോര്‍ഡ് ഞായറാഴ്ച വൈകുന്നേരം 6 മണിയോടെ യോഗം ചേരുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. എന്‍ ഡി എ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ എല്ലാ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും.
എന്‍ ഡി എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആഗസ്റ്റ് 21 ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും എന്നാണ് വിവരം. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി പ്രസിഡന്റ് ജെ പി നദ്ദയും ചേര്‍ന്ന് അന്തിമരൂപം നല്‍കുമെന്ന് വ്യാഴാഴ്ച പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന എന്‍ഡിഎ ഫ്ലോര്‍ ലീഡര്‍മാരുടെ യോഗത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ജെപി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ശിവസേന നേതാവ് ശ്രീകാന്ത് ഷിന്‍ഡെ, മിലിന്ദ് ദേവ്റ, പ്രഫുല്‍ പട്ടേല്‍, ചിരാഗ് പാസ്വാന്‍, ഉപേന്ദ്ര കുശ്വാഹ, രാം മോഹന്‍, ലല്ലന്‍ സിംഗ്, അപ്നാദള്‍ (എസ്) നേതാവ് അനുപ്രിയ പട്ടേല്‍, രാംദാസ് അത്താവലെ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയെ സെപ്റ്റംബര്‍ 9 നാണ് തിരഞ്ഞെടുക്കുന്നത്.
പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനത്തിന്റെ ആദ്യ ദിവസം കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യസഭാ ചെയര്‍മാനായി അധ്യക്ഷത വഹിച്ച ജഗ്ദീപ് ധന്‍ഖര്‍ അപ്രതീക്ഷിതമായി ഉപരാഷ്ട്രപതി പദം രാജിവച്ചത്. ഇതിനെ തുടര്‍ന്നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നത്. ആരോഗ്യ സംരക്ഷണത്തിന് മുന്‍ഗണന നല്‍കുന്നതായും ഡോക്ടറുടെ നിര്‍ദേശം പാലിച്ചാണ് രാജി വെക്കുന്നത് എന്നുമാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് എഴുതിയ കത്തില്‍ ധന്‍ഖര്‍ പറഞ്ഞിരിക്കുന്നത്.
അതേസമയം തീര്‍ത്തും അപ്രതീക്ഷിതമായ ഈ നീക്കം രാഷ്ട്രീയ വൃത്തങ്ങളില്‍ അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു. ജഗ്ദീപ് ധന്‍ഖറിന്റെ രാജിക്ക് പിന്നില്‍ പല രഹസ്യങ്ങളും ഉണ്ട് എന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചത്. രാജി വാര്‍ത്ത പുറത്തുവരുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് 74 കാരനായ ധന്‍ഖറുമായി ഫോണില്‍ സംസാരിച്ചതായും അപ്പോഴൊന്നും ഉപരാഷ്ട്രപതി സ്ഥാനം രാജി വെക്കുന്നതിനെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല എന്നും കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞിരുന്നു.












Click it and Unblock the Notifications