ഉപരാഷ്ട്രപതിക്ക് ശമ്പളമില്ല; പ്രതിമാസം 4 ലക്ഷം രൂപ കിട്ടുന്നത് മറ്റൊരു വകയില്‍, ചട്ടം ഇങ്ങനെ
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ആയിരുന്ന ജഗദീപ് ധങ്കര്‍ ജൂലൈ 21നാണ് അപ്രതീക്ഷിതമായി രാജിവച്ചത്. അന്ന് വൈകീട്ട് വരെ ജോലിയില്‍ വ്യാപൃതനായിരുന്ന അദ്ദേഹം രാത്രി പൊടുന്നനെ രാജിപ്രഖ്യാപിക്കുകയായിരുന്നു. രാജിക്ക് പിന്നിലെ കാരണം ചോദിച്ച് പ്രതിപക്ഷം ബഹളംവച്ചെങ്കിലും ആരോഗ്യകാരണങ്ങള്‍ എന്ന് ചൂണ്ടിക്കാട്ടിയ സര്‍ക്കാര്‍ അതിനപ്പുറമുള്ള വിശദീകരണം നല്‍കിയില്ല.
ഇപ്പോള്‍ പുതിയ ഉപ രാഷ്ട്രപതിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നടക്കുകയാണ്. ചൊവ്വാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് വേണ്ടി ബിജെപി നേതാവ് സിപി രാധാകൃഷ്ണനും പ്രതിപക്ഷത്തിന് വേണ്ടി സുപ്രീംകോടതി മുന്‍ ജഡ്ജി ബി സുദര്‍ശന്‍ റെഡ്ഡിയുമാണ് മല്‍സരിക്കുന്നത്. ഈ വേളയില്‍ രസകരമായ ചോദ്യം, ഉപരാഷ്ട്രപതിക്ക് എത്ര ശമ്പളം കിട്ടുമെന്നാണ്. ഒന്നും കിട്ടില്ല എന്നാണ് ഒറ്റവാക്കില്‍ മറുപടി. പക്ഷേ, മറ്റൊരു വഴിയില്‍ ലക്ഷങ്ങള്‍ ലഭിക്കുകയും ചെയ്യും.

രാജ്യത്തെ രണ്ടാമത്തെ ഭരണഘടനാ പദവിയാണ് ഉപരാഷ്ട്രപതിയുടേത്. കൃത്യമായ ശമ്പളം ഈ പദവിയിലുള്ളവര്‍ക്ക് നിയമം അനുശാസിക്കുന്നില്ല. എന്നാല്‍ രാജ്യസഭാ ചെയര്‍മാന്റെ ചുമതല കൂടി വഹിക്കുന്നത് ഉപരാഷ്ട്രപതിയാണ്. ആ വകയില്‍ ഉയര്‍ന്ന ശമ്പളം ലഭിക്കുകയും ചെയ്യും. ഉപരാഷ്ട്രപതി എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ വേറെയും.
1953ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമം അടിസ്ഥാനമാക്കിയാണ് ഉപരാഷ്ട്രപതിയുടെ ആനുകൂല്യങ്ങള്‍ നിശ്ചയിക്കുന്നത്. കൃത്യമായ ശമ്പളം ഈ നിയമത്തില്‍ പറയുന്നില്ല എന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പകരം രാജ്യസഭാ അധ്യക്ഷന്‍ എന്ന നിലയില്‍ ശമ്പളം കിട്ടുമെന്നും അവര്‍ പറഞ്ഞു.
2 ലക്ഷം രൂപ പെന്‍ഷന്‍ കിട്ടും
രാഷ്ട്രപതി ഇല്ലാതിരിക്കുന്ന വേളയില്‍ ആ പദവി വഹിക്കേണ്ടി വരിക ഉപരാഷ്ട്രപതിയാണ്. ഈ വേളയില്‍ രാഷ്ട്രപതിക്ക് ലഭിക്കുന്ന ശമ്പളം ഉപരാഷ്ട്രപതിക്ക് കിട്ടും. എന്നാല്‍ രാജ്യസഭാ ചെയര്‍മാന്‍ എന്ന പദവിയില്‍ ലഭിക്കേണ്ട ശമ്പളം കിട്ടുകയുമില്ല. രാജ്യസഭാ അധ്യക്ഷന് പ്രതിമാസം നാല് ലക്ഷം രൂപയാണ് ശമ്പളം. സൗജന്യ താമസം, വൈദ്യ സഹായം, യാത്ര അലവന്‍സ്, ഫോണ്‍ കണക്ഷന്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവ ഉപരാഷ്ട്രപതിക്കുണ്ടായിരിക്കും.
അതേസമയം, മുന്‍ ഉപരാഷ്ട്രപതിമാര്‍ക്ക് രണ്ട് ലക്ഷം രൂപ ഓരോ മാസവും പെന്‍ഷന്‍ കിട്ടും. കൂടാതെ താമസിക്കാന്‍ ബംഗ്ലാവുണ്ടാകും. പേള്‍സണല്‍ സെക്രട്ടറി, അഡീഷണല്‍ പേഴ്‌സണല്‍ സെക്രട്ടറി, പേള്‍സണല്‍ അസിസ്റ്റന്റ്, ഡോക്ടര്‍, നഴ്‌സ്, നാല് അറ്റന്റര്‍മാര്‍ എന്നിവരും മുന്‍ ഉപരാഷ്ട്രപതിക്കൊപ്പമുണ്ടാകും. മുന്‍ ഉപരാഷ്ട്രപതി മരിച്ചാല്‍ പങ്കാളിക്ക് മരണം വരെ തമസിക്കാനുള്ള വീട് ലഭിക്കും.
രാജിവച്ച ജഗദീപ് ധങ്കര്‍ അടുത്തിടെ എംഎല്‍എ പെന്‍ഷന് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിരുന്നു. 1993-98 കാലത്ത് രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്നു അദ്ദേഹം. അതുപ്രകാരം പ്രതിമാസം 42000 രൂപ പെന്‍ഷന്‍ കിട്ടും. നേരത്തെ ഈ പെന്‍ഷന്‍ കിട്ടിയിരുന്നു എങ്കിലും 2019ല്‍ ബംഗാള്‍ ഗവര്‍ണറായതോടെ നിലച്ചു. തുടര്‍ന്നാണ് ഉപരാഷ്ട്രപതിയായത്. ഇപ്പോള്‍ ഈ പദവി കൂടി ഒഴിഞ്ഞ സാഹചര്യത്തില്‍ പഴയ പെന്‍ഷന് അദ്ദേഹം വീണ്ടും ആവശ്യപ്പെടുകയാണ്. ഒരേ സമയം രണ്ട് പെന്‍ഷന്‍ വേണ്ട എന്നു വയ്ക്കുകയും ചെയ്യാം.












Click it and Unblock the Notifications