പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ദേശീയ പതാക ഉയര്‍ത്തി ഉപരാഷ്ട്രപതി; 'ചരിത്ര നിമിഷം'
ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ദേശീയ പതാക ഉയര്‍ത്തി. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍ഖര്‍ ആണ് ദേശീയ പതാക ഉയര്‍ത്തിയത്. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ്, കേന്ദ്ര പാര്‍ലമെന്ററി കാര്യ സഹമന്ത്രിമാരായ അര്‍ജുന്‍ റാം മേഘവാള്‍, വി മുരളീധരന്‍ രാജ്യസഭയിലെയും ലോക്സഭയിലെയും വിവിധ കക്ഷി നേതാക്കള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
കോണ്‍ഗ്രസ് എം പിമാരായ അധീര്‍ രഞ്ജന്‍ ചൗധരി, പ്രമോദ് തിവാരി എന്നിവരെ പതാക ഉയര്‍ത്തിയ ശേഷം ഉപരാഷ്ട്രപതിയും ലോക്സഭാ സ്പീക്കറും കണ്ടു. ചരിത്ര നിമിഷം എന്നാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ദേശീയ പതാക ഉയര്‍ത്തലിനെ ജഗ്ദീപ് ധന്‍ഖര്‍ വിശേഷിപ്പിച്ചത്. 'ഭാരതം യുഗാന്തര മാറ്റത്തിന് സാക്ഷ്യം വഹിക്കുന്നു. ഭാരതത്തിന്റെ ശക്തിയും സംഭാവനയും ലോകം മുഴുവന്‍ അംഗീകരിക്കുകയാണ്,' അദ്ദേഹം പറഞ്ഞു.

നമ്മള്‍ ഒരിക്കലും സ്വപ്നം കാണാത്ത വികസനത്തിനും നേട്ടങ്ങള്‍ക്കും സാക്ഷ്യം വഹിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത് എന്നും ഉപരാഷ്ട്രപതി പറഞ്ഞു. സെപ്തംബര്‍ 18-ന് ആരംഭിക്കാനിരിക്കുന്ന അഞ്ച് ദിവസത്തെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന് തലേദിവസമാണ് പതാക ഉയര്‍ത്തല്‍ ചടങ്ങ് നടന്നത്. പഴയ കെട്ടിടത്തില്‍ നിന്ന് പുതിയ കെട്ടിടത്തിലേക്ക് പാര്‍ലമെന്റ് നടപടികള്‍ മാറുന്നതിന് ഈ സമ്മേളനം സാക്ഷ്യം വഹിക്കും.
അതേസമയം കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരിപാടിയിലേക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും പരിപാടിയില്‍ പങ്കെടുക്കാനായില്ല. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ദേശീയ പതാക ഉയര്‍ത്തുന്നതില്‍ നിന്ന് വിട്ടുനിന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് അധീര്‍ രഞ്ജന്‍ ചൗധരി രൂക്ഷമായാണ് പ്രതികരിച്ചത്.
പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ ക്ഷണം വളരെ വൈകിയാണ് ലഭിച്ചതെന്നും അതിനാല്‍ പങ്കെടുക്കാനാകില്ലെന്നും ഖാര്‍ഗെ നേരത്തെ അറിയിച്ചിരുന്നു. പുതുതായി രൂപീകരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ യോഗങ്ങള്‍ സെപ്തംബര്‍ 16, 17 തീയതികളില്‍ ഹൈദരാബാദില്‍ നടക്കുകയാണ്. അതിനാല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടക്കുന്ന പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുക്കുന്നത് പ്രായോഗികമല്ലെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കിയിരുന്നു.
അതേസമയം നാളെ നടക്കാനിരിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ അജണ്ട ഇപ്പോഴും വ്യക്തമല്ല. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, വനിതാ സംവരണ ബില്‍ എന്നിവ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ചര്‍ച്ചയായേക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications