ബിജെപിക്ക് ആശംസകൾ, ആംആദ്‌മിയുടെ വിജയം ചരിത്രമെന്ന് ശിവസേന എം.പി
മുംബൈ: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ബിജെപിക്ക് ആശംസകളുമായി ശിവസേന എംപി സജ്ജയ് റാവത്ത്. വിജയം എങ്ങനെയാണ് ആഘോഷിക്കേണ്ടതെന്ന് ബിജെപി പഠിക്കണമെന്നും ആശംസ സന്ദേശത്തിൽ സജ്ജയ് റാവത്ത് പറയുന്നു. പഞ്ചാബിൽ ആംആദ്‌മി പാർട്ടി നേടിയത് ചരിത്രപരമായ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളിലുമായി വിജയിച്ച പാർട്ടികളെ നാം അനുമോദിക്കണം. കോൺഗ്രസ് ഈ സംസ്ഥാനങ്ങളിൽ അതിദയനീയമായാണ് പരാജയപ്പെട്ടത്. യുപിയിൽ സമാജ്‌വാദി പാർട്ടിയും അഖിലേഷ് യാദവും മികച്ച പ്രകടനം കാഴ്‌ചവക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും എന്നാൽ അങ്ങനെ സംഭവിച്ചില്ലെന്നും സജ്ജയ് റാവത്ത് കൂട്ടിച്ചേർത്തു.

യുപിയിൽ കോൺഗ്രസ് സമാജ്‌വാദി പാർട്ടിയുമായി സഖ്യത്തിൽ ഏർപ്പെട്ടെങ്കിൽ കുറച്ചു കൂടി മികച്ച പ്രകടനം കാഴ്‌ച വക്കാൻ സാധിക്കുമായിരുന്നു. എവിടെയാണോ പ്രതീക്ഷ നൽകുന്ന മറ്റൊരു ഓപ്‌ഷൻ ഉണ്ടായിരുന്നത്, അവിടെ ജനം അവരോടൊപ്പം നിന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചാബിലെ ആംആദ്‌മിയുടെ വിജയം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് മാനേജ്‌മെന്‍റ് ഫലപ്രദമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗോവ അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി ശിവസേനയും എൻസിപിയും സഖ്യം പ്രഖ്യാപിച്ചിരുന്നു. പരാജയം നേരിട്ട രണ്ടു സംസ്ഥാനങ്ങളിൽ ഇനിയും പൊരുതാൻ തന്നെയാണ് തീരുമാനമെന്ന് അദ്ദേഹം പ്രതികരിച്ചു. യുപിയിലെയും ഗോവയിലെയും പരാജയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മഹാരാഷ്‌ട്രക്ക് പുറമെയുള്ള സംസ്ഥാനങ്ങളിലും ശിവസേനയെ വികസിപ്പിക്കാൻ പോകുകയാണെന്നും ബിജെപി വിജയത്തെ മിതത്വത്തോടെ അംഗീകരിച്ചാൽ പരാജയത്തെയും വേഗത്തിൽ തന്നെ അംഗീകരിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
1989 മുതലാണ് തെരഞ്ഞെടുപ്പുകളിൽ ബിജെപിയും ശിവസേനയും സഖ്യകക്ഷികളാകുന്നത്. തുടർന്ന് മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പിലും ലോക്‌സഭ തെരഞ്ഞെടുപ്പിലും ഒരുമിച്ചാണ് ഇരു പാർട്ടികളും തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ 2019ൽ മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പോടെ സഖ്യം പിളരുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കമാണ് ഒടുവിൽ ഇരുപാർട്ടികളെയും രണ്ടു ധ്രുവങ്ങളിലെത്തിച്ചത്. തുടർന്ന് 2019ൽ ശിവസേന, കോൺഗ്രസ്, എൻസിപി സഖ്യം മഹാരാഷ്‌ട്രയിൽ സർക്കാർ രൂപികരിക്കുകയായിരുന്നു.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിജെപിക്ക് ശക്തമായ പോരാട്ടമാണ് നിയമസഭ തെരഞ്ഞെടുപ്പിൽ കാഴ്‌ചവെച്ചത്. ഡൽഹിയിൽ നിന്ന് പഞ്ചാബ് പിടിക്കാനെത്തിയ ആംആദ്‌മി പാർട്ടിയും ശക്തമായ ഭൂരിപക്ഷത്തോടെയാണ് പഞ്ചാബിൽ വിജയം ഉറപ്പിച്ചത്.












Click it and Unblock the Notifications