ആം ആദ്മിയെ പോലെ ആയിരുന്നു എജിപിയും ടിഡിപിയും
ദില്ലി: നേരിടുന്ന ആദ്യ തിരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിക്കുക അത്ര എളുപ്പമൊന്നുമല്ല. അടുത്ത കാലത്ത് രാജ്യം കണ്ട ഇത്തരത്തിലുളള ഏറ്റവും വലിയ വിജയമാണ് ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചിരിക്കുന്നത്. അഴിമതി വിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തിയാണ് എഎപി ഈ വിജയം സ്വന്തമാക്കിയത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
എന്നാല്‍ മുമ്പും സമാനമായ കന്നിഅങ്ക വിജയങ്ങള്‍ രാജ്യത്തുണ്ടായിട്ടുണ്ട്. അതില്‍ ആദ്യത്തേതും ഏറ്റവും പ്രധാനപ്പെടതുമായ സംഭവം നടന്നത് നമ്മുടെ തെക്കേ ഇന്ത്യയില്‍ തന്നെയാണ്.

എന്‍ടി രാമ റാവു എന്ന സിനിമ താരം എങ്ങനെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ താരമായി ഉദയം ചെയ്തത് എന്നതിന്റെ കൂടി ഉദാഹരണമാണിത്. ആന്ധ്രയില്‍ തെലുങ്ക് വികാരമുയര്‍ത്തി 1983 ല്‍ രാമറാവു രൂപീകരിച്ച പാര്‍ട്ടിയായിരുന്നു തെലുങ്ക് ദേശം പാര്‍ട്ടി എന്ന ടിഡിപി. പാര്‍ട്ടി ഉണ്ടാക്കി ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പ് തന്നെ തിരഞ്ഞെടുപ്പിലേക്ക് എടുത്തെറിയപ്പെട്ടു. രാമറാവുവിനെ അകമഴിഞ്ഞ് സ്‌നേഹിച്ച തെലുങ്ക് ജനത ചരിത്ര വിജയമാണ് ടിഡിപിക്ക് നേടിക്കൊടുത്തത്.
294 സീറ്റുകളുണ്ടായിരുന്ന ആന്ധ്ര നിയമസഭയില്‍ 204 എണ്ണത്തിലും അത്തവണ ഇരുന്നത് ടിഡിപിയുടെ പ്രതിനിധികളാണ്. പിന്നീട് നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലും ടിഡിപിയുടെ അശ്വമേധം തന്നെയായിരുന്നു. 33 സീറ്റുകളാണ് അവര്‍ നേടിയത്. 1994 ല്‍ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ ടിഡിപി വീണ്ടും അധികാരത്തിലെത്തി. പക്ഷേ ഇപ്പോള്‍ പാര്‍ട്ടിയുടെ സ്ഥിതി ദയനീയമാണ്. എങ്ങനെയെങ്കിലും പിടിച്ച് നില്‍ക്കാന്‍ ബിജെപിയുടെ സഹായം തേടേണ്ട ഗതികേടിലാണ് ചന്ദ്രബാബു നായിഡു.
വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ ഭാഗമായി രൂപം കൊണ്ട ഒരു പാര്‍ട്ടിക്കും ഇത്തരം ഒരു ചരിത്ര വിജയം അവകാശപ്പെടാവുന്നതാണ്. അസം ഗണ പരിഷത്. 1985 ല്‍ പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ തിരഞ്ഞെടുപ്പിലേക്ക് വെറും രണ്ട് മാസത്തിന്റെ ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജനകീയ ബദലുകള്‍ക്ക് പിറകില്‍ എന്നും ജനങ്ങളുണ്ടാകുമെന്ന് തെളിയിച്ച തിരഞ്ഞെടുപ്പായിരുന്നു അത്. 126 മണ്ഡലങ്ങളില്‍ പകുതിയും അസം ഗണ പരിഷത്തിന്റെ ക്രെഡിറ്റിലേക്ക് വീണപ്പോള്‍ ഭരണം കടപുഴകി.
യുപിയില്‍ കാന്‍ഷി റാമിന്റെ ബിഎസ്പിയും, തമിഴ്‌നാട്ടില്‍ സിനിമ താരം വിജയ് കാന്ത് ഉണ്ടാക്കിയ പാര്‍ട്ടിയും ആന്ധ്രയില്‍ ചിരഞ്ജീവിയുടെ പ്രജാരാജ്യവും ഒക്കെ കന്നിഅങ്കത്തില്‍ ചെറിയ ചെറിയ വിജയങ്ങള്‍ ഉണ്ടാക്കിയ പാര്‍ട്ടികളാണ്.
എന്നാല്‍ ഗ്ലാമറിന്റെ പരിവേഷങ്ങളൊന്നുമില്ലാതെ ആംആദ്മി പാര്‍ട്ടി ഉണ്ടാക്കിയ വിജയത്തിന് മുന്നില്‍ മേല്‍ പറഞ്ഞവയൊന്നും ഒന്നുമല്ല. അല്‍പമെങ്കിലും ചേര്‍ത്ത് വക്കാവുന്നത് അസംഗണപരിഷത്തിന്റെ വിജയം മാത്രമാണ്.












Click it and Unblock the Notifications